രമ്പരാഗതമായി ക്രൈസ്തവ ഭൂഖണ്ഡമായ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ സഭ പ്രോത്സാഹിക്കുന്നതിനെ വിമര്‍ശിച്ച ആരാധന കാര്യങ്ങള്‍ക്കായുള്ള തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറയുടെ വാക്കുകള്‍ വരും ദിനങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് സൂചന. അഭയാര്‍ത്ഥി പ്രവാഹത്തെ മറയാക്കി യൂറോപ്പിലേക്ക് നടക്കുന്ന സംഘടിതമായ ഇസ്ലാം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെതിരെ സഭയ്ക്കകത്തുനിന്നും വിമര്‍ശനങ്ങളുണ്ട്.

അഭയാര്‍ത്ഥികളോട് സഭ കാണിക്കുന്ന സഹിഷ്ണുത ദുരുപയോഗപ്പെടുത്തി യൂറോപ്പിലേക്ക് സംഘടിതമായ ഇസ്ലാം കുടിയേറ്റം നടക്കുന്നുണ്ട്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ പശ്ചിമേഷ്യയില്‍ ആഭ്യന്തര കലാപം രൂക്ഷമായ നാളുകളിലായിരുന്നു അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ആരംഭം. എന്നാല്‍, ആ നാളുകളില്‍ അവിടെനിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരില്‍ ന്യൂനപക്ഷമത വിഭാത്തെക്കാള്‍ അധികമായിരുന്നു ഭൂരിപക്ഷ മതവിഭാഗം എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.

ഇക്കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് പ്രസിദ്ധീകരണമായ ‘വാല്യുവേര്‍സ് ആക്റ്റുലെസി’ന് നല്‍കിയ അഭിമുഖത്തിലാണ്, അഭയാര്‍ത്ഥി പ്രവാഹം അപകടമാണെന്നും രാഷ്ട്രീയക്കാര്‍ മുന്‍കൈയെടുത്ത് യൂറോപ്പിലേക്ക് നടത്തുന്ന അഭയാര്‍ത്ഥി കുടിയേറ്റത്തെ സഭ പിന്തുണയ്ക്കരുതെന്നും ആഫ്രിക്കയില്‍നിന്നുള്ള കര്‍ദിനാള്‍ സാറ ചൂണ്ടിക്കാട്ടിയത്.

അഭയാര്‍ത്ഥി പ്രവാഹത്തെ ദൈവവചനം ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു കര്‍ദിനാള്‍ സാറ. അഭയാര്‍ത്ഥി പ്രവാഹത്തെ ദൈവചനം ഉപയോഗിച്ച് ന്യായീകരിക്കുന്നവര്‍ തെറ്റായ ബൈബിള്‍ വ്യാഖ്യാനമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.