ഫാ. ജോസ് കൊച്ചുപറമ്പിൽ

മ്മുടെ സഭാകലണ്ടറനുസരിച്ചു് നോമ്പിന്റെ 40 ദിവസമായ “നാല്പതാം വെള്ളി” ഈശോ ലാസറിനെ ഉയിർപ്പിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ്. ഉപവാസകാലം ആത്യന്തികമായി എന്നേക്കും ജീവിക്കുന്നവനായ ഈശോയുടെ ഉയിർപ്പിനൊരുക്കമായ തപസ്സുകാലമാണ് – ഉത്ഥിതനെ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്ന കാത്തിരിപ്പുകാലമാണെന്ന – ചിന്തയാണ് നാല്പതാം വെള്ളിയുടെ സുവിശേഷപ്രമേയം. ഈ ദിനത്തെ നാല്പതാം വെള്ളി എന്നു വിളിക്കുന്നതിന്റെ കാരണം ലളിതമാണ്.

വലിയനോമ്പു തുടങ്ങിയിട്ടു നാൽപതു ദിവസമായി എന്നർത്ഥം. പേത്തുർത്താഞായർ മുതൽ പിന്നീടുള്ള ഞായറാഴ്ചകൾ ഉൾപ്പെടെ ഇന്നു നാൽപതു ദിവസമായി. ഈശോയുടെ നാൽപതു ദിവസത്തെ ഉപവാസമാണ് വലിയ നോമ്പിന്റെ അടിസ്ഥാനമെന്നും ഇതു ഓർമിപ്പിക്കുന്നു. നോമ്പു ഒരു സീസൺ – കാലം -മുഴുവനും ആചരിക്കുന്നതുകൊണ്ട് ഞായറാഴ്ചകളും ഉൾപ്പെടുത്തിക്കൊണ്ടാണ് നാല്പതാം വെള്ളി കണക്കാണുന്നത്. നോമ്പിലെ ഞായറാഴ്ച നോമ്പുണ്ട്, എന്നാൽ ഉപവാസമില്ല എന്ന രീതിയാണ് പൗരസ്ത്യ സഭകൾ അവലംബിക്കുന്നത്. അതുകൊണ്ടാണ് നോമ്പുകാലം മുഴുവനെയും അമ്പതു നോമ്പ് എന്നു നാം വിളിക്കുന്നത്.

ഇനി എന്തുകൊണ്ട് നാല്പതാം വെള്ളി ലാസറിന്റ വെള്ളിയായി? കാരണം ഈശോ ലാസറിനെ ഉയിർപ്പിച്ച സംഭവമാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്.

ഒപ്പം ലാസറിനെ ഉയിർപ്പിച്ച സംഭവം ഈശോയുടെ പീഡാനുഭവത്തിന്റെയും (Jn 11:53) ഉയിർപ്പിന്റെയും സൂചനയാണല്ലോ (Jn 11:25).

നാല്പതാം വെള്ളി പീഡാനുഭവ ചിന്തകളോടൊപ്പം, എന്നാൽ അതിനേക്കാളേറെ, ഈശോയുടെ ഉയിർപ്പിനുള്ള ഒരുക്കമാണെന്ന നോമ്പുകാലത്തിന്റെ മുഖ്യ പ്രമേയത്തിലേക്കു “ലാസറിന്റെ വെള്ളി” നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈശോയുടെ ഉയിർപ്പു തിരുനാളിനൊരുക്കമായി നടന്ന മഹാജാഗരണം വികസിച്ചു രൂപപെട്ടതാണ് Great Lent എന്നാണ്, Thomas Tally, P. Bradshaw തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായം ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. (വലിയനോമ്പിനെയും പീഡാനുഭവആഴ്ചയെയും കുറിച്ച് ആധുനിക പഠനങ്ങളുടെ വെളിച്ചത്തിലുള്ള ഒരു ആമുഖം
“ജനങ്ങളുടെ ഉപയോഗാർത്ഥം” Joint Liturgical Commission തയ്യാറാക്കിയ “നൊമ്പാരംഭ-പീഡാനുഭവവാര തിരുക്കർമ്മങ്ങൾ” എന്ന പുസ്തകത്തിലുണ്ട് (1st ed. 2010, reprint 2019).
അതായത്, നിലവിലിരുന്ന ഏകദിന – ത്രിദിന -സപ്തദിന – ജാഗരണത്തിനു മുൻപായി 40ദിന ഉപവാസവും ചേർത്തു, ഒപ്പം മാമ്മോദീസാർിഥികളുടെ പരിശീലനവും.

ഫാ. ജോസ് കൊച്ചുപറമ്പിൽ

ഏപ്രിൽ 13: ലാസറിന്റെ ശനി (Lazarus’ Saturday) കൊഴുക്കോട്ടാ ശനി
.

പൌരസ്ത്യസഭകളിലല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്ച”യായി കൊണ്ടാടുന്നു. സീറോ മലബാർ കലണ്ടറിലാകട്ടെ ഇന്നേദിവസം യോഹ 12:1-8: ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെ യും മറിയം വിലയേറിയ നാർദ്ദീൻ സുഗന്ധതൈലം ഈശോയുടെ പാദത്തിൽ ഒഴിച്ചതിനെയും അനുസ്മരിക്കുന്നു. വലിയ നോമ്പുകാലത്തിൽ നിന്നു (40 ദിവസം) പീഡാനുഭവ ആഴ്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്ച. Passion Week – പീഡാനുഭവ ആഴ്ച – അമ്പതു നോമ്പിന്റെ ഉള്ളിലാണെങ്കിലും അതിനെ ഒരു പ്രത്യേക യൂണിറ്ററായാണ് പരിഗണിക്കുന്നത്. മറിയത്തിന്റെ ഈ തൈലാഭിഷേകം തന്റെ മൃതസംസ്കാരത്തിന്റെ സൂചനയായി ഈശോ വ്യാഖ്യാനിക്കുന്നതിൽനി ന്നു ( യോഹ 12:7) പീഡാനുഭവ ആഴ്ചയിലേക്കുള്ള വഴിത്തിരിവായും അതുവഴി ഉഥാനത്തേലേക്കുള്ള പ്രവേശനകവാടവുമായും ഈ ശനിയാഴ്ചയെ സഭ കണക്കാക്കുന്നു.

കൊഴുക്കോട്ടാ ശനി:

നസ്റായ ഗാർഹിക പാരമ്പര്യത്തിൽ ഈ ദിവസം നാല്പതുദിന ഉപവാസം മുറിക്കാതെ മുറിക്കുന്ന ഇടവേളയുടെ സന്തോഷദിനമായിരുന്നു. മറിയം ഉപയോഗിച്ച സുഗന്ധപാത്രത്തിന്റെ ഉരുണ്ട ചുവടുഭാഗത്തെ ഓർമിപ്പിക്കുന്ന (ശർക്കരയും തേങ്ങായും സുഗന്ധവർഗങ്ങളും ചേർത്ത) കൊഴുക്കോട്ടാ ഉണ്ടാക്കി ഗൃഹനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഈ ദിനത്തെ “കൊഴുക്കോട്ടാ ശനി” എന്നും വിളിക്കുന്നു. കൊഴുക്കോട്ടാ കഴിക്കുന്നത്‌ ഉപവാസലംഘനമായി കരുതിയിരുന്നില്ല! നമ്മുടെ സഭയുടെ വടക്കൻ മേഖലയിൽ ഇന്നും തുടരുന്ന ഈ ആചരണം “പിണ്ടികുത്തിപെരുന്നാൾ” പോലെ മറ്റു മേഖകളിലേക്കും വ്യാപിച്ചുവരുകയാണ്. ഈ ആചരണം പരിചയപ്പെടുത്താൻ കൊഴുക്കോട്ട വെഞ്ചരിച്ചു പള്ളികളിൽ വിതരണം ചെയ്യാവുന്നതാണ്.

തീർന്നില്ല, ലാസറിനെ അനുസ്മരിക്കുന്ന ഒരു മൂന്നാം ദിനവുമുണ്ട്. ഹാശാ (പീഡാനുഭവ) ആഴ്ചയിലെ തിങ്കളാഴ്ചയിലെ സുവിശേഷാവായനയും മറിയം ലാസറിന്റെ സാന്നിധ്യത്തിൽ ഈശോയ്ക്ക് വിരുന്നൊരുക്കുന്നതിനക്കുറിച്ചാണ്. ലാസറിന്റെ സംഭവം മൂന്നു പ്രാവശ്യം അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൂന്നാം നാളിലെ ഉയിർപ്പിലേക്കു നാം ആനയിക്കപ്പെടുന്നു.

പൗരസ്ത്യ പാരമ്പര്യം നോമ്പുകാലത്തിലും പീഡാനുഭവ ആഴ്ചയിലും (ഓശാന ഞായർ ഈശോയുടെ രാജത്വവും, പെസഹാ വ്യാഴം ഈശോയുടെ പൗരോഹിത്യവും, പീഡാനുഭവവെള്ളി കുരിശിലെ മഹത്വവും വിജയവും) ഈശോയുടെ മഹത്വത്തിനും ഉയിർപ്പിനും കൊടുക്കുന്ന ഊന്നൽ ഇവിടെ എടുത്തുപറയത്തക്ക സവിശേതയാണ്.