റോം: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പതിവ് ജനറല്‍ ഓഡിയന്‍സ് സമ്മേളനവേദിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 10 – ന് ബുധനാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് നടന്ന സൗഹൃദ കൂടികാഴ്ചയില്‍ മാര്‍പ്പാപ്പയുടെ വസതിയുടെ പ്രീഫെക്ടും വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദര്‍ശനങ്ങളുടെയും ചുമതലക്കാരനുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ഗ്യാൻസ്വൈനും ഈ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയോടൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പ അംഗമായിരുന്ന ഈശോസഭാംഗവും ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഓസ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ഗവേഷകനുമായ കേരളത്തില്‍ നിന്നുള്ള വൈദികന്‍ ഫാദര്‍ ജിജി പുതുവീട്ടില്‍ക്കളം എസ്സ്. ജെ.യും പ്രത്യേകം ക്ഷണിതാവായി ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്നു പൗരസ്ത്യ സഭകളുടെ ഇടയില്‍ വിശ്വാസികളുടെ എണ്ണംകൊണ്ട് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഒരു സഭയുടെ തലവനെന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍പാപ്പായുമായി കൂടികാഴ്ച്ച നടത്തിയതിന് വലിയ പ്രാധാന്യമുണ്ടെന്ന് വത്തിക്കാനോടു ഏറ്റവും അടുത്ത വൃത്തങ്ങള്‍ നിരീക്ഷിച്ചു.

എന്നാല്‍ ഈ കൂടിക്കാഴ്ച തികച്ചും അനൗദ്യോഗികവും സാധാരണവുമായിരുന്നെന്നാണ് ഫാദര്‍ ജിജിമോന്‍ പുതുവീട്ടില്‍ക്കളം അഭിപ്രായപ്പെട്ടത്. ”മാര്‍പാപ്പ കര്‍ദിനാള്‍ ആലഞ്ചേരിയെ ഏറെ ഊഷ്മളതയോടെ ആലിംഗനം ചെയ്യുകയും സ്വാഗതംചെയ്യുകയും ചെയ്യുന്നത് വളരെ ഹൃദ്യമായ അനുഭവമായിത്തോന്നി. സിറോ-മലബാര്‍ സഭയോടും ആലഞ്ചേരി പിതാവിനോട് വ്യക്തിപരവുമായുമുള്ള മാര്‍പാപ്പയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണിതെന്നാണ് ഞാൻ കരുതുന്നത്,” ഫാദര്‍ ജിജിമോന്‍ കൂട്ടിച്ചേർത്തു.

ഏപ്രില്‍ 19 – നാണു കര്‍ദിനാളിന്റെ ജന്മദിനമെന്നറിഞ്ഞ മാര്‍പാപ്പ കര്‍ദിനാളിന് ജന്മദിനാശംസ കാർഡ് നൽകി പിറന്നാൾ ആശസകൾ നേര്‍ന്നു. ഹ്രസ്വമായ ഈ കൂടികാഴ്ചയ്ക്കിടയ്ക്കു ഭാരതത്തിലേയും വിശിഷ്യാ കേരളത്തിലെയും സഭയെക്കുറിച്ചു മാര്‍പാപ്പ സ്‌നേഹാന്വേഷണങ്ങള്‍ നടത്തി. വിശുദ്ധ തോമ്മാശ്ലീഹായുടെ കാലടികളാല്‍ ധന്യമായ ഭാരതത്തില്‍, വിശിഷ്യാ കേരളത്തില്‍, ശ്ലൈഹിക സന്ദര്‍ശനം നടത്താന്‍ തനിക്കു അതിയായ ആഗ്രഹമുണ്ടെന്നു മാര്‍പാപ്പ കര്‍ദിനാളിനെ അറിയിച്ചു. “പ്രതിസന്ധികളെ നേരിടേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ ഒരു യഥാര്‍ത്ഥ ക്രൈസ്തവ ഇടയന്റെ ആത്മധൈര്യത്തോടെ, സീറോ മലബാര്‍ സഭയെ സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും നയിക്കുന്ന അങ്ങയെ നമ്മുടെ കര്‍ത്താവായ ഈശോ മിശിഹാ തുടര്‍ന്നും അനുഗ്രഹിക്കട്ടെ”, എന്ന് കര്‍ദിനാളിന് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ”ക്രിസ്തുവിന്റെ സഭയെ ഐക്യത്തില്‍ നയിക്കാനുള്ള കൃപലഭിക്കുന്നതിന് അങ്ങയുടെ വിലപ്പെട്ട പ്രാര്‍ത്ഥനയില്‍ എളിയവനായ എന്നെയും ഓര്‍ക്കണമേ,” എന്ന് കര്‍ദിനാളിനോട് അഭ്യര്‍ത്ഥിച്ച മാര്‍പാപ്പ, സീറോ മലബാര്‍ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും തന്റെ ശ്ലൈഹികആശീര്‍വാദം നല്‍കുന്നു എന്ന് അറിയിക്കാനും മറന്നില്ല.

വത്തിക്കാനില്‍ ഏറെ സ്വാധീനമുള്ള കര്‍ദിനാള്‍ ആലഞ്ചേരി ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്റിഫിക്കള്‍ കൗണ്‍സിലിലേയും വിശ്വാസ തിരുസംഘത്തിന്റെ കാര്യാലത്തിലെയും അംഗം എന്ന നിലയില്‍ മറ്റുചില ഔദ്യോഗിക മീറ്റിംഗുകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ദിനാളിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. റോമിലെ ഔദ്യോഗിക സന്ദര്ശനങ്ങള്‍ക്കു ശേഷം ഏപ്രില്‍ 13 – ന് കര്‍ദിനാള്‍ കേരളത്തില്‍ തിരിച്ചെത്തും.