എല്ലാ ക്രൈസ്തവരും മിഷനറിമാരാണ്. വിശ്വാസത്തിൻറെ നിക്ഷേപങ്ങൾ തങ്ങൾക്കുവേണ്ടി മാത്രം സൂക്ഷിക്കുവാൻ അവർക്ക് അവകാശമില്ല. മിഷനും സുവിശേഷ വൽക്കരണവും സഭയുടെ അടിയന്തര കർത്തവ്യമാണ്. പൗലോസ് ശ്ലീഹായെ പോലെ ഓരോ ക്രിസ്ത്യാനിക്കും പറയാൻ സാധിക്കണം “ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിലെനിക്ക് അഹങ്കാരത്തിന് വകയില്ല. അത് എൻറെ കടമയാണ്. സുവിശേഷം പ്രസംഗിക്കന്നില്ലെങ്കിൽ എനിക്ക് ദുരിതം (1 കൊറി. 9 :16) എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ ജ്ഞാനത്തിലേക്ക് കടന്നു വരണമെന്നും ദൈവം ആഗ്രഹിക്കുന്നു.
ഈശോമിശിഹാ എന്ന നമ്മെ സ്വതന്ത്രരാക്കുന്ന ഏക സത്യത്തെക്കുറിച്ച് അനേകം ആത്മാക്കൾ അറിയാത്തിടത്തോളം കാലം നമുക്ക് എങ്ങനെ നിസ്സംഗരായി ഇരിക്കുവാൻ സാധിക്കും. ശക്തമായിക്കൊണ്ടിരിക്കുന്ന ആപേക്ഷികതാ വാദം മത വൈവിധ്യമാണ് ഉചിതമെന്ന് കരുതുന്നു. എന്നാൽ അത് ശരിയല്ല കത്തോലിക്കാസഭ സ്വീകരിച്ചിരിക്കുന്ന വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ തീർച്ചയായും പകർന്നു നൽകുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യണം സുവിശേഷ വൽക്കരണത്തിന്റെ ആത്യന്തികലക്ഷ്യം ലോകാധിപത്യം കയ്യടക്കുക എന്നതല്ല പകരം ദൈവ ശുശ്രൂഷയാണ്. മിശിഹാ ലോകത്തിൻറെ മേൽ വിജയം വരിച്ചത് കുരിശിലൂടെ ആണ് എന്ന് നാം വിസ്മരിക്കരുത്.
ലോകത്തിൻറെ ശക്തി കൈയ്യടക്കുക എന്നതല്ല കുരിശിലൂടെ സുവിശേഷം പ്രസംഗിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. രക്തസാക്ഷികളാണ് പ്രഥമ മിഷനറിമാർ. മനുഷ്യരുടെ കണ്ണുകളിൽ അവരുടെ ജീവിതം ഒരു പരാജയമാണ്. മാധ്യമങ്ങളിലൂടെയുള്ള പ്രശസ്ത കൈവരിക്കുകയല്ല നമ്മുടെ സുവിശേഷ വൽക്കരണത്തിനു ലക്ഷ്യം. ഓരോ ആത്മാവും ക്രിസ്തുവിൽ രക്ഷാ കൈവരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. സുവിശേഷവൽക്കരണം വിജയത്തിന് വേണ്ടിയുള്ള പോരാട്ടം അല്ല അത് ആന്തരികവും പ്രകൃതിക്ക് അതീതവുമായ ഒരു യാഥാർത്ഥ്യമാണ്.