രാജ്യവ്യാപകമായി പ്രതിപക്ഷകക്ഷി നേതാക്കളുടെ വസതികളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡുകളിൽ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷൻ റവന്യു സെക്രട്ടറിയെയും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാനെയും വിളിച്ചു വരുത്തി വിശദീകരണം തേടി.
ബിജെപി എൻഫോഴ്സ്മെന്റ് വകുപ്പിനെ ഉപയോഗിച്ച് റെയ്ഡുകൾ നടത്തുകയാണെന്നു കോണ്ഗ്രസ് ആരോപണം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യു സെക്രട്ടറി എ.ബി. പാണ്ഡേയെയും സിബിഡിടി ചെയർമാൻ പി.സി. മോദിയെയും ഇന്നലെ വിളിച്ചു വരുത്തി വിശദീകരണം തേടിയത്. എൻഫോഴ്സ്മെന്റ് ഏജൻസികളുടെ എല്ലാ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പു കാലത്ത് നിഷ്പക്ഷവും വിവേചനരഹിതവും ആയിരിക്കണമെന്ന് കമ്മീഷൻ കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു നിർദേശം നൽകിയിരുന്നു.
റെയ്ഡ് രാഷ്ട്രീയ അക്രമമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പ്രതികരിച്ചിരുന്നു. ഞായറാഴ്ച ആദായനികുതി വകുപ്പ് കമൽനാഥിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി പ്രവീണ് കാക്കർ, മുൻ ഉപദേഷ്ടാവ് രാജേന്ദ്ര കുമാർ മിന്താനി എന്നിവരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. കാക്കറുടെ ഇൻഡോറിലുള്ള വസതി, രാജേന്ദ്ര കുമാറിന്റെ ഡൽഹിയിലെ വസതി എന്നിവയ്ക്കു പുറമേ ഇരുവരുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. ഇരുവരും ഹവാല പണമിടപാട് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് എന്നായിരുന്നു വിവശദീകരണം.
തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടയിൽ വലിയ അളവിൽ ഉദ്യോഗസ്ഥർ ഹവാല ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമല്ലെന്നു കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
റെയ്ഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ വിഷയമാക്കി. കള്ളപ്പണവേട്ട ഏതു പാർട്ടിയുടെ പക്കലാണ് എത്തിയിരിക്കുന്നതെന്നു കണ്ടില്ലേ എന്നു മോദി ഇന്നലെ പല യോഗങ്ങളിലും ചോദിച്ചു.
മധ്യപ്രദേശിലെ റെയ്ഡുകളിൽ 281 കോടി രൂപയുടെ കള്ളപ്പണം ഇടപാട് വെളിച്ചത്തുകൊണ്ടുവന്നെന്ന് ആദായനികുതി വകുപ്പ് അവകാശപ്പെട്ടു. നിരവധി ആൾക്കാരും കന്പനികളുമുൾപ്പെട്ട ഒരു വലിയ ശൃംഖലയുടെ വിവരമാണ് കിട്ടിയതത്രെ. 230 കോടിയുടെ കണക്കിൽപ്പെടാത്ത കൈമാറ്റങ്ങളുടെ രേഖ ലഭിച്ചു. നികുതി ഒഴിവുള്ള രാജ്യങ്ങളിലെ 80 കന്പനികളുടെ പട്ടികയും ലഭിച്ചു. ഡൽഹിയിലും മറ്റും ആർഭാട മേഖലകളിലെ ബേനാമി സ്വത്തുക്കളുടെ വിവരവും ലഭിച്ചെന്നു വകുപ്പ് പറയുന്നു. ഡൽഹി ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയപാർട്ടിയുടെ ഓഫീസിലേക്ക് 20 കോടി രൂപ അയച്ചതിന്റെ രേഖയും കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.