റവ. ഡോ. റോബി ആലഞ്ചേരി
വ്യതിരിക്ത ഘടകങ്ങളാണ് ഒരു സഭാ സമൂഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഉദാഹരണത്തിന്, പാരമ്പര്യം, പ്രാർത്ഥനാരീതി, വിശ്വാസ സംഹിത എന്നിവയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സഭകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. റീത്ത്, ഭക്താനുഷ്ഠാനങ്ങൾ, പ്രാദേശികാചാരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ എന്തിന് കത്തോലിക്കരുടെ ഇടയിൽ പോലും ധാരാളം വൈവിധ്യമുണ്ട്. സ്വത്വബോധം നൽകുന്ന ഇത്തര ഘടകങ്ങൾ സംരക്ഷിക്കുവാനും ഉയർത്തിപിടിക്കുവാനും ഓരോ സഭാസമൂഹത്തിനും അവകാശവും ഉത്തരവാദിത്വവുമുണ്ട്. നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും ഈ സ്വത്വബോധം അതിരുകടക്കാറുണ്ട്. തങ്ങളുടെ സഭാ സവിശേഷത വാദിച്ചു ജയിക്കാൻ വ്യത്യസ്തമായി ചിന്തിക്കുന്നവരെ അടച്ചാക്ഷേപിക്കുവാനും വ്യക്തിഹത്യ നടത്തുവാനും ഒടുവിൽ കൈയേറ്റത്തിനു പോലും ക്രിസ്തുനാമധാരികൾക്ക് ഇന്ന് മടിയില്ല. സ്നേഹത്തിന്റെ പ്രമാണത്തെ ഉല്ലംഘിക്കുന്ന ഒരു സഭാസ്നേഹവുമില്ല.
സഭ ഏറ്റം പവിത്രമായും അമൂല്യമായും കരുതുന്ന നിധികളാണ് പലപ്പോഴും പൊതുചർച്ചക്ക് വിഷയമാകുന്നത്. ചർച്ച നടക്കുന്ന യുദ്ധകളമാകട്ടെ മുഖ്യമായും ഇന്ന് സോഷ്യൽ മീഡിയ. ഉദാഹരണത്തിന്, ആരാധനക്രമ ചർച്ചയായി ആരംഭിക്കുന്നതാവും. എന്നാൽ താമസിയാതെ മുറി വൈദ്യന്മാരുടെയും അമിതാവേശക്കാരുടെയും രംഗപ്രവേശനത്തോടെ ചർച്ച ചൂടാകുന്നു. പിന്നെ നെല്ലും പതിരും വേർതിരിക്കുക അസാദ്ധ്യം. സഭാ സ്നേഹമായി ആരംഭിച്ചത് ഒടുവിൽ കലഹത്തിൽ അവസാനിക്കുന്നു. “സഭയോടൊപ്പം ചിന്തിക്കുക” (sentire cumecclesiae) എന്ന പ്രമാണം മനസിലാക്കുന്നതിൽ നമുക്ക് എവിടെയോ കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയായിലെ ചില ആരാധനക്രമവാദ പ്രതിവാദങ്ങൾ കാണുമ്പോൾ പൊടുന്നനെ മനസിൽ വരുന്ന തിരുവചനം ഇതാണ്: “നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം” (മത്താ 7:6). സഭാ വിഷയങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നതിൽ ഏറെ പരിമിതികളുണ്ട്, ചിലപ്പോൾ അപകടകരവുമാണ്.
“മറ്റുള്ളവർക്കുവേണ്ടി സ്വയം ബലിയായി നൽകുക” (offer oneself for others) – ഇതാണ് ക്രിസ്തീയതയുടെ അന്ത:സത്ത. അതിന് ഒറ്റവാക്കിൽ ‘സ്നേഹം’ എന്നുപറയും. സഭയുടെ വിളിയും ഇതു തന്നെ. സഭ പോലും സഭയ്ക്കു വേണ്ടിയല്ല, മറ്റുള്ളവർക്കു വേണ്ടിയാണ്. സഭയിലെ മറ്റെല്ലാ വ്യതിരിക്ത ഘടകങ്ങളും മേൽപറഞ്ഞ സ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. സ്വന്തം പാരമ്പര്യങ്ങളും വിശ്വാസങ്ങളും പഠിപ്പിക്കുമ്പോൾ സ്വാഭിമാനത്തിന്റെയോ മേൽകോയ്മയുടെയോ പഴിചാരലിന്റെയോ ശൈലി ഇന്ന് ഭൂഷണമല്ല. സ്നേഹവും ക്ഷമയും സഹനവും ചാലിക്കാത്ത പ്രബോധനരീതി സഭൈക്യത്തിനു തുരങ്കം വെയ്ക്കും.