റവ. ഡോ. ചാക്കോ നടക്കേവെളിയില്‍

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പല പ്രത്യയ സംഹിതകളും കാലാകാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ദൈവം ഉണ്ടോ; ദൈവം എവിടെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാ വിശ്വാസികളും അഭിമുഖീകരിക്കുന്നതുമാണ്. ആധുനിക ശാസ്ത്രത്തെയാണ് ദൈവത്തെ നിരാകരിക്കുന്നവര്‍ പലപ്പോഴും കൂട്ടുപിടിക്കാറുള്ളത്. ഇവരുടെ വാദഗതികള്‍ക്ക് ബലം നല്‍കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന കണ്ടെത്തലുകളാണ് ന്യൂറോ സയന്‍സ് എന്ന ജൈവശാസ്ത്ര ശാഖ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂറോ സയന്‍സിന്റെ ചില കണ്ടെത്തലുകളെക്കുറിച്ചും അവ ഉയര്‍ത്തുന്ന വിശ്വാസ വെല്ലുവിളികളെക്കുറിച്ചും ആണ് ഇവിടെ മറുപടികള്‍ സഹിതം പ്രതിപാദിക്കുന്നത്.

ന്യൂറോ സയന്‍സും കണ്ടെത്തലുകളും

മനുഷ്യ മസ്തിഷ്‌ക്കത്തെയും അതിലെ ഗ്രഹണ പ്രക്രിയകളെയുംകുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ന്യൂറോ സയന്‍സ്. മസ്തിഷ്‌ക്കത്തിന്റെ ഓരോ ഭാഗത്തും ഓരോ തരത്തിലുള്ള ഗ്രഹണ, വൈകാരിക പ്രക്രിയകളാണ് നടക്കുന്നത്. ഉദാഹരണത്തിന്; കാഴ്ച – ഓപിറ്റിക്കല്‍ ലോബ്, കേള്‍വിയും സംസാരവും – ടെംപറല്‍ ലോബ്, സ്ഥലകാല ബോധം – ഹിപ്പോകാംപസ് എന്നീ ഭാഗങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് നടക്കുന്നത്. ഇഠ, ങഞക, എഞക തുടങ്ങിയ സ്‌കാനിങ്ങുകള്‍ വഴി ഇതു കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കും. നമ്മുടെ ചിന്ത, വികാരം, ഭാവന എന്നുമാത്രമല്ല ദൈവാനുഭവം, ആത്മീയ അനുഭൂതി തുടങ്ങിയവയെല്ലാം മസ്തിഷ്‌ക്കത്തില്‍ നടക്കുന്ന ഇലക്‌ട്രോ-കെമിക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ട് ഉണ്ടാകുന്നതാണ് എന്ന് ഈ ശാസ്ത്രശാഖ കണ്ടെത്തിയിരിക്കുന്നു.

ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് എന്ന് അറിയപ്പെടുന്ന രാസവസ്തുക്കളുടെ അളവ് വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് നമ്മുടെ മാനസീക അവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് ‘സെറാടോണിന്‍’ എന്ന രാസവസ്തുവിന്റെ അളവ് നമ്മുടെ മസ്തിഷ്‌ക്കത്തില്‍ കൂടുതലാണെങ്കില്‍ നമ്മള്‍ വളരെ സന്തോഷമുള്ളവരും മതപരമായി വളരെ തീക്ഷ്ണതയുള്ളവരും ആയിരിക്കും. അതായത്, ദൈവാനുഭവം മസതിഷ്‌ക്കത്തിലെ വെറുമൊരു രാസപ്രക്രിയയുടെ ഫലമെന്ന നിലയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.

കേസ് സ്റ്റഡി

ജെഫ് ഷിമ്മല്‍ എന്ന യഹൂദമത വിശ്വാസിയുടെ മസ്തിഷ്‌ക്കത്തിന്റെ ടെംപറല്‍ ലോബില്‍ ഒരു ശസ്ത്രക്രിയ നടത്തപ്പെട്ടു. അതിനുശേഷം അദ്ദേഹം നിരന്തരമായി മരിയന്‍ ദര്‍ശനങ്ങള്‍ കാണുകയും ക്രിസ്തീയ വിശ്വാസിയാവുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ തലച്ചോറിലെ ടെംപറല്‍ ലോബിന്റെ ലിംപിക് ഭാഗം നശിച്ചുപോയതായി കണ്ടെത്തി. മസ്തിഷ്‌ക്കത്തിനേറ്റ ക്ഷതമാണ് ഇത്തരം ദര്‍ശനങ്ങള്‍ അദ്ദേഹത്തിന് അനുഭവപ്പെടാന്‍ കാരണമെന്ന് അനുമാനിക്കപ്പെടുന്നു.

വെല്ലുവിളികള്‍

ഇത്തരം ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍ വിശ്വാസികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ കഠിനമാണ്. മതവും ദൈവവുമൊക്കെ മസ്തിഷ്‌ക്കത്തിലെ രാസപ്രക്രിയകളുടെ ഫലമല്ലേ? മനുഷ്യന്‍ വെറും ന്യൂറോ കെമിക്കല്‍ – ഇലക്ട്രിക്കല്‍ പ്രക്രിയകളുടെ ഒരു സഞ്ചയമാണെങ്കില്‍ അമര്‍ത്ത്യതയും ആത്മാവുമൊക്കെ ഉണ്ടാകുമോ? സെറോടോണിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തന ഫലമാണ് ആത്മീയ അനുഭവങ്ങളെങ്കില്‍ അവയ്ക്ക് ഇത്ര പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ന്യൂറോ സയന്‍സിന്റെ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും ക്രൈസ്തവ വിശ്വാസത്തിന് മുന്‍കാലങ്ങളില്‍ നേരിടേണ്ടി വന്നതിനേക്കാള്‍ ദുഷ്‌കരമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ന്യൂറോ സയന്‍സ് പഠിക്കുകയും നിരീശ്വര പാതയിലേയ്ക്ക് വേഗം വഴിതെറ്റുകയും ചെയ്യാം.

മറുപടികള്‍

ചോ. ദൈവവും ആത്മീയ അനുഭവങ്ങളുമൊക്കെ മസ്തിഷ്‌ക്കത്തിലെ രാസപ്രക്രിയകളുടെ ഫലമായിട്ടുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമല്ലേ?

ഉ. സ്‌നേഹിക്കുന്ന ഒരു മനുഷ്യന് സ്‌നേഹാനുഭവം ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ മസ്തിഷ്‌ക്കത്തിലെ രാസവസ്തുവായ സെറാടോണിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്. പക്ഷേ അദ്ദേഹത്തിന് സ്‌നേഹിക്കണമെങ്കില്‍ ഒരു വസ്തുവോ വ്യക്തിയോ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കണമല്ലോ. ഇതുപോലെ തന്നെ ദൈവാനുഭവത്തിന്റെയും ആത്മീയ അനുഭത്തിന്റെയും ഇരിപ്പിടം അല്ലെങ്കില്‍ ആ പ്രക്രിയകള്‍ നടക്കുന്ന സ്ഥലം മസ്തിഷ്‌ക്കമാണ് എന്നതിന് ദൈവം ഇല്ല എന്ന് അര്‍ത്ഥമില്ല. ദൈവം എന്ന യാഥാര്‍ത്ഥ്യം ഉള്ളതു കാരണമാണ് മസ്തിഷ്‌ക്കത്തില്‍ ദൈവാനുഭവം ഉണ്ടാകുന്നത്. ഒരു വ്യക്തിയോ വസ്തുവോ സ്‌നേഹാനുഭവത്തിനു കാരണമാകുന്നതുപോലെ ദൈവം ദൈവാനുഭവത്തിനു കാരണമാകുന്നു.

ചോ. ന്യൂറോ സയന്‍സ് മസ്തിഷ്‌ക്കത്തില്‍ ഗോഡ് സ്‌പോട്ട് (God spot) എന്ന ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. സന്ന്യാസികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും അവസരങ്ങളില്‍ ഈ ഭാഗം വളരെയേറെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇത്തരം കണ്ടെത്തലുകള്‍ ദൈവമില്ല എന്നതിനു തെളിവല്ലേ?

ഉ. ഇതു ദൈവം ഇല്ല എന്നതിനല്ല, ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ്. ദൈവം തനിക്കു സംവേദിക്കാന്‍ മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നു. മാത്രമല്ല, ഇതു പരമ്പരാഗത ക്രൈസ്തവ ദൈവശാസ്ത്രവുമായി ചേര്‍ന്നു പോകുന്നതാണ്. വി. തോമസ് അക്വീനാസ് പറയുന്നു: ”ദൈവത്തെ അറിയാനുള്ള കഴിവ് ജൈവശാസ്ത്രപരമായി തന്നെ മനുഷ്യനില്‍ നിക്ഷേപിച്ചുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.” ഗോഡ് സ്‌പോട്ട് മസ്തിഷ്‌കത്തിലെ ദൈവാനുഭവത്തിന്റെ പ്രക്രിയകള്‍ നടക്കുന്ന സ്ഥലമാണ് ഉറവിടം അല്ല.

ഉപസംഹാരം

പ്രകൃതിക്ക് അതീതനായ ദൈവം ഒരിക്കലും ശാസ്ത്രീയമായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയനല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു: ”ശാസ്ത്രത്തിന്റെ ധാര്‍മ്മിക അടിത്തറകളെക്കുറിച്ച് ഒരുവനു പറയാന്‍ സാധിക്കും, എന്നാല്‍ ധാര്‍മ്മികതയുടെ ശാസ്ത്രീയ അടിത്തറകളെക്കുറിച്ച് ആര്‍ക്കും പറയാന്‍ സാധിക്കില്ല.” ഫിസിക്‌സില്‍ നോബേല്‍ സമ്മാന ജേതാവായ റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ പറയുന്നു: ”ശാസ്ത്രീയ വിജ്ഞാനത്തില്‍ കൃത്യത വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചിലപ്പോള്‍ ഒട്ടും ഉണ്ടാവില്ല, ചിലപ്പോള്‍ കൃത്യതയുടെ അടുത്തു വരെ എത്താം. പക്ഷേ ഒരിക്കലും പൂര്‍ണ്ണമായ കൃത്യത ഉണ്ടാവില്ല.” മുക്കുവന്റെ ചെറിയ വലയ്ക്കുള്ളില്‍ വലിയ മത്സ്യം കയറില്ല എന്നുകരുതി കടലില്‍ വലിയ മത്സ്യം ഇല്ല എന്ന് കരുതരുത്, ശാസ്ത്രത്തിന്റെ ചെറിയ വലക്കണ്ണികളില്‍ ദൈവം കയറുന്നില്ല എന്നു കരുതി ദൈവമില്ല എന്ന് അര്‍ത്ഥമാക്കരുത്.