മതേതരത്വം ഉറപ്പാക്കുന്നതിനും വർഗീയതയ്ക്കും വർഗ സമരത്തിനുമെതിരേ ലോക് സഭ തെരഞ്ഞെടുപ്പിൽ വിശ്വാസികൾ പ്രതികരിക്കണമെ ന്ന്സിബിസിഐ ലെയ്റ്റി കൗണ്‍സിൽ റിപ്പോർട്ട്. ദളിത് സംവരണം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, തീരദേശ ജനത നേരിടുന്ന ദുരന്തങ്ങൾ, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയവ ചർച്ച ചെയ്യപ്പെടണമെന്നും ലെയ്റ്റി കൗണ്‍സിലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് സിബിസിഐയ്ക്കു സമർപ്പിച്ചതായി സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ അറിയിച്ചു.
174 രൂപതകളും 14 റീജണൽ കൗണ്‍സിലുകളുമുൾക്കൊള്ളുന്ന കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് ലെയ്റ്റി കൗണ്‍സിൽ. വരുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ നിലപാടിനെക്കുറിച്ചും ഇന്ത്യയുടെ സാമൂഹ്യ- രാഷ്ട്രീയ മേഖലകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 22 വരെ ഇന്ത്യയുടെ വിവിധകേന്ദ്രങ്ങളിൽ അല്മായ നേതൃസമ്മേളനങ്ങളും പങ്കാളിത്ത ചർച്ചകളും നടത്തി വിശ്വാസി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ലെയ്റ്റി കൗണ്‍സിൽ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
ആർഷ ഭാരത സംസ്കാരത്തെ ഉൾക്കൊണ്ടും രാജ്യത്തെ ഭരണഘടനയെ ബഹുമാനിച്ചും മതേതരത്വം സംരക്ഷിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയും വർഗീയവാദത്തിനും വർഗസമരത്തിനുമെതിരേ മനുഷ്യ മനഃസാക്ഷി ഉയർത്തിയും സ്നേഹ-സംസ്കാരം പങ്കുവയ്ക്കുന്ന നേതാക്കൾ അധികാരത്തിൽ വരേണ്ടതുണ്ട്. കത്തോലിക്കാ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും തെരഞ്ഞെടുപ്പിൽ ആർക്ക്വോട്ടു ചെയ്യണമെന്ന് അന്വേഷിച്ചറിയാനുള്ള ആർജവം വിശ്വാസി സമൂഹത്തിനുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം ഇന്ത്യയിലെ എല്ലാ രൂപതകൾക്കു കൈമാറിയിട്ടുണ്ടെന്ന് ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.