ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച രാവിലെ 7.30 ന് രാഘവന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.
രാഘവൻ നൽകിയ പരാതിയിലും സിപിഎം നൽകിയ പരാതിയിലുമാണ് അന്വേഷണം. ടിവി 9 ചാനൽ മേധാവിയുടേയും റിപ്പോർട്ടറുടേയും മൊഴി രേഖപ്പെടുത്തും. ടിവി 9 ചാനൽ ആണ് വിവാദ ടേപ്പ് പുറത്തുവിട്ടത്.
ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമം നടത്തിയതാണന്ന് രാഘവൻ പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദ ശകലം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തും തന്റെ പേരു ചേര്‍ത്തും ചിലര്‍ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു.
ഒളികാമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാഘവനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാകളക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.