കുട്ടികളെ നമ്മൾ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം കാരണം അവർ വിശേഷബുദ്ധി ഇല്ലാതെ പല കുസൃതികളും കാണിക്കും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യും.
ഇതു തന്നെയാണ് ഇവിടുത്തെ ബാലാവകാശ കമ്മീഷന്റെയും കുട്ടികൾക്കുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളുടെയും സംവിധാനങ്ങളുടെയും എല്ലാം അവസ്ഥ. സ്കൂളിൽ അദ്ധ്യാപകർ തല്ലാൻ പാടില്ല, വഴക്ക് പറയാൻ പാടില്ല, കണ്ണുരുട്ടാൻ പാടില്ല. അതിനതിന് പിള്ളേര് വഷളായി കൊണ്ടിരിക്കുന്നു. ഗുണ്ടായിസവും കൊട്ടേഷനും കഞ്ചാവും മയക്കുമരുന്നും എല്ലാം വ്യാപകമാകുന്നു. പാവം അധ്യാപകർ ഇവൻ മാരെയും ഇവളുമാരെയും ഭയന്ന് ഒളിച്ചും പാത്തും നടക്കുകയാണ്. മൊബൈലും കൊണ്ട് വന്ന കോപ്പിയടിച്ചവനെ പിടിച്ചതിന് ഈയുള്ളവൻ തന്നെ മേശയ്ക്ക് അടിയിൽ കയറിയാണ് തടി രക്ഷിച്ചത്. ഇവനൊക്കെ വളർന്നു പൊങ്ങിയതിൻറെ ഫലമാണ് പെട്രോളിന് ചെലവ് കൂടുന്നത്. പാവപ്പെട്ട പെൺകൊച്ചുങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കും നെഞ്ചിൽ തീയാണ്. ഓരോ ബാലാവകാശങ്ങളു അനന്തരഫലങ്ങൾ.
ബാലാവകാശ കമ്മീഷൻ ആണെങ്കിൽ അറ്റവും മൂലയുമില്ലാത്ത വർത്തമാനമാണ് പറയുന്നത്. സൺഡേസ്കൂൾ പാടില്ല ചൂടാണ്, എന്നാൽ സിബിഎസ്ഇ സ്കൂൾ പാടും വെള്ളം കൊടുത്താൽ മതി. പൊരിവെയിലിൽ കോലം കെട്ടാനും ജാഥ നടത്താനും പിള്ളാർക്ക് പോകാം. സംഘടിക്കാനുള്ള അവകാശം ആണ്. തെരഞ്ഞെടുപ്പ് പ്രചരണം ആണെങ്കിൽ, പ്രത്യേകിച്ച് ഭരിക്കുന്ന പാർട്ടിയുടെത് ആണെങ്കിൽ തീർച്ചയായും പോകണം.
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഇങ്ങനെ കുറേ ഇടപാടുകൾ അല്ലാതെ കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ഉള്ള ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ കഴക്കൂട്ടത്തെ കുഞ്ഞിൻറെ കൊലപാതകം കഴിഞ്ഞ് തൊടുപുഴയിൽ ഒരെണ്ണം സംഭവിക്കുമായിരുന്നില്ല.
സ്കൂളുകളിൽ കുഞ്ഞുങ്ങൾക്ക് നിരന്തരമായി കൗൺസിലിംഗ് നടത്താനുള്ള ഒരു സംവിധാനം എന്തുകൊണ്ട് ഏർപ്പെടുത്തുന്നില്ല. വീട്ടിലെയും നാട്ടിലെയും കാര്യങ്ങൾ ചോദിച്ച് അറിയാമല്ലോ. സ്വന്തം മാതാപിതാക്കളുടെ കൂടെ അല്ലാതെ (ഒരാളെങ്കിലും) താമസിക്കുന്ന കുട്ടികളുടെ സ്ഥിതിവിവരകണക്കുകൾ എന്തുകൊണ്ട് ശേഖരിക്കുന്നില്ല.കുടുംബശ്രീ പോലെയുള്ള സംവിധാനങ്ങളോ പഞ്ചായത്ത് മുനിസിപ്പാലിറ്റി സംവിധാനങ്ങളോ അതിനായി ഉപയോഗിക്കാമല്ലോ. വൃദ്ധർ തനിയെ താമസിക്കുന്ന ഭവനങ്ങൾ പോലീസ് നിരീക്ഷിക്കുന്നത് പോലെ ഇത്തരം ഭവനങ്ങൾ എന്തുകൊണ്ട് പോലീസിന്റെയോ ആരോഗ്യ പ്രവർത്തകരുടെയൊ നിരീക്ഷണത്തിൽ ആക്കുന്നില്ല. ഇതുകൂടാതെയാണ് വ്യക്തിത്വ വൈകല്യം (personality disorder ) ഉള്ളതും മദ്യപാനികളുമായ മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന കുട്ടികളുടെ അവസ്ഥ. സാഡിസ്റ്റുകളായ ചില മാതാപിതാക്കൾ കുട്ടികളെ അതികഠിനമായി ഉപദ്രവിക്കാറുണ്ട്. ഇവരെയൊക്കെ സംരക്ഷിക്കുവാൻ സർക്കാർ നടപടികൾ ഉണ്ടാവുമോ. ആർക്കറിയാം കുട്ടികൾ
ഒരു വോട്ടുബാങ്ക് അല്ലല്ലോ. But they are deposits of the nation for the future.
ഫാ. ജയിംസ് കൊക്കാവയലിൽ