മതനിരാസത്തിന്റെ ചിന്തകളും ശൈലികളും നടപടികളും ഭരണഘടനാസ്ഥാപനങ്ങളുടെ മേധാവികൾ വച്ചുപുലർത്തുന്നതു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി.
മധ്യവേനലവധിക്കാലത്തു വിശ്വാസോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ നടത്തിയ പ്രതികരണം അപക്വവും കമ്മീഷന്റെ അന്തസിനു കളങ്കമേൽപ്പിക്കുന്നതുമാണെന്നും യോഗം വിലയിരുത്തി. പരിശീലനം പാടെ നിരോധിക്കണമെന്ന മട്ടിലായിരുന്നു കമ്മീഷന്റെ ഉത്തരവ്. മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിക്കുന്ന സമീപനങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അത്യുഷ്ണ കാലയളവിൽ നട്ടുച്ചയ്ക്കു വീടുകളിൽ നിന്ന് എത്തി എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർഥികളെ സ്കൂളുകളിലേക്ക് അയച്ചപ്പോൾ ബാലവാകാശ കമ്മീഷൻ എവിടെയായിരുന്നു വെന്നും ഭാരവാഹികൾ ചോദിച്ചു.
എസ്എസ്എൽസി പരീക്ഷകൾ രാവിലെ 10 മുതൽ നടത്താനുള്ള തീരുമാനമെടുപ്പിക്കുവാൻ സർക്കാരിനു നിർദേശം നൽകാൻ കമ്മീഷൻ ചങ്കൂറ്റം കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. വിശ്വാസ ജീവിതവും വ്യക്തികളുടെ സ്വാതന്ത്ര്യവും തങ്ങളുടെ വരുതിയിലാണെന്ന നിലയിലുള്ള പ്രസ്താവനകളെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയുമെന്നും നേതാക്കൾ പറഞ്ഞു.
പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്,സിബി മുക്കാടൻ, സൈബി അക്കര, ജോയി പാറപ്പുറം, ജോർജുകുട്ടി മുക്കത്ത്, ജോ
സ് ജോണ് വെങ്ങാന്തറ, ജോസ് പാലത്തിനാൽ, ടോണി ജെ. വെങ്ങാന്തറ, ഷീന ജോജി എന്നിവർ പ്രസംഗിച്ചു.
കടപ്പാട്: ദീപിക