ഫാ.ജോമോന്‍ കാക്കനാട്ട്
നമുക്ക് സുപരിചിതമായ ഒരു കഥയുണ്ട്. പൊട്ടക്കിണറ്റില്‍ വീണ വയസ്സന്‍ കുതിരയുടെ കഥ. പൊട്ടക്കിണറ്റില്‍ വീണ വയസ്സന്‍ കുതിരയെ മണ്ണിട്ടു മൂടാന്‍ യജമാനന്‍ കല്പിച്ചു. എന്നാല്‍ തന്റെ ശരീരത്തില്‍ ഓരോ കുട്ട മണ്ണു വീഴുമ്പോഴും അതുകുടഞ്ഞ് അതില്‍ ചവിട്ടി കുതിര പുറത്തുവന്നു. കുഴിച്ചുമൂടാന്‍ ശ്രമിക്കുമ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇതേ അതിജീവനത്തിന്റെ ചരിത്രമാണ് സഭയുടേതും. ഈ ചരിത്രം ഓരോ വിശ്വാസിക്കും പ്രത്യാശയും അതിജീവനത്തിനുള്ള ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു.
അന്നും പീഡിപ്പിക്കപ്പെട്ട സഭ
‘രക്തസാക്ഷിത്വം’ എന്ന പദം ഏറെ ദുര്‍വ്യാഖ്യനം ചെയ്യപ്പെട്ടു മലിനമായിട്ടുണ്ട്. കയ്യിലിരുന്ന ബോംബുപൊട്ടി മരിച്ചവനും, ചീട്ടുകളിക്കിടെ പോലീസിനെ കണ്ട് ഓടി പൊട്ടക്കിണറ്റില്‍ വീണു മരിച്ചവനും ഇന്നത്തെ സമൂഹത്തിനു രക്തസാക്ഷികളാണ്. എന്നാല്‍ സഭയ്ക്ക് ഇത് വളരെ പവിത്രമായ ഒരു പദമാണ്. ”എനിക്കു ജീവിതം മിശിഹായും മരണം നേട്ടവുമാണ്”(ഫിലി.1, 21) എന്ന ക്രൈസ്തവ ബോധ്യത്തിന്റെ ഏറ്റവും ഔന്നത്യമാര്‍ന്ന ആവിഷ്‌ക്കാരം വിശ്വാസം, ധാര്‍മ്മികത, ജീവിതസാക്ഷ്യം എന്നിവയിലൂടെ പ്രകടമാക്കി ജീവന്‍ സമര്‍പ്പിച്ചവരാണ് സഭയുടെ രക്‌സാക്ഷികള്‍. അത് എസ്തപ്പാനോസ് മുതല്‍ ഷാക് ഹാമല്‍ വരെയും, തുടര്‍ന്നും നീളുന്ന പട്ടികയാണ്.
വ്യക്തിഹത്യ വഴിയും മാധ്യമകോടതികളിലെ വിചാരണ വഴിയും എല്ലാം അവസാനിപ്പിക്കാമെന്നു കരുതുന്നവര്‍ക്കു സഭയുടെ രക്തസാക്ഷിത്വ ചരിത്രം തിരുത്തല്‍ ശക്തിയാകേണ്ടതുണ്ട്. നീറോ മുതല്‍ മിലാന്‍ വിളംബരംവരെയുള്ള 313 വര്‍ഷങ്ങള്‍ ഒരുകോടി പത്തുലക്ഷം രക്തസാക്ഷികളെയാണ് സഭയ്ക്കു നേടിക്കൊടുത്തത്. ചിലര്‍ പന്തങ്ങളായി കത്തിജ്വലിച്ചു. ചിലര്‍ വന്യമൃഗങ്ങളുടെ ക്രൂരദ്രംഷ്ടങ്ങക്കിരയായി. ചിലരെ തിളച്ച എണ്ണയിലിട്ടു പൊരിച്ചു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒരു മാസത്തില്‍ മാത്രം 17000 രക്തസാക്ഷികളുണ്ടായി. മരണം വരിക്കാന്‍ ‘ക്രിസ്ത്യാനി’ എന്ന നാമം മാത്രം ധാരാളം. ഇവിടെ സാമാന്യതത്ത്വം തലകീഴായി മറിയുന്നു. കൊന്നുതള്ളുമ്പോഴും ആള്‍ബലം കുറയുന്നില്ല. വിശ്വാസം ക്ഷയിക്കുന്നില്ല. സഭ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. തെര്‍ത്തുല്യന്റെ വാക്കുകളില്‍ ‘രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിനു വളമായി ഭവിക്കുന്നു.
ഫാ.ജോമോന്‍ കാക്കനാട്ട്
ഇന്നും വേട്ടയാടപ്പെടുന്ന സഭ
ഇന്ന് ലോകമെമ്പാടും 102 രാജ്യങ്ങളില്‍ സഭ പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ക്രൈസ്തവസന്ന്യാസ്തിന്റെ ഉറവിടമായി ഈജിപ്തില്‍ സഭ ശുഷ്‌കമാക്കപ്പെട്ടു. ആഫ്രിക്കയിലെ ബൊക്കോഹറാം നേതാവ് ക്രൈസ്തവരെ കൊന്നൊടുക്കുകയാണ് തന്റെ ദൗത്യമെന്ന’നയപ്രഖ്യാപനം വരെ നടത്തി. ചൈനയിലെ സഭ രഹസ്യസങ്കേതങ്ങളിലാണ് വിശ്വാസദീപം അണഞ്ഞുപോകാതെ കാത്തുപോരുന്നത്. വി. പൗലോസ്ലീഹായുടെ ദമാസ്‌ക്കസിലും ലബനോനിലും, കല്‍ദായസഭയുടെ ഇറാക്കിലും വിശ്വാസികള്‍ നാമാവശേഷമായി. ഫാ ടോം ഉഴുന്നാലിലും യമനിലെ ക്രാസ്തവരും തലയറുക്കപ്പെട്ട 21 ഈജിപ്ത്യന്‍ രക്തസാക്ഷികളും ഈ കാലഘട്ടത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളാണ്.
ഭാരതത്തിലെ ഫാസിസ്റ്റ് ശക്തികള്‍ കന്ദമാനിലും ഇതരപ്രദേശങ്ങളിലും കാട്ടിക്കൂട്ടുന്ന ക്രൂരതകളും കേരളത്തിലെ നിരീശ്വരവാദപ്രത്യയശാസ്ത്രക്കാര്‍ മതവിശ്വാസങ്ങളോടു കാണിക്കുന്ന നിഷേധാത്മക സമീപനവും മതപീഡനത്തിന്റെ വ്യക്തമായ ചിത്രങ്ങളാണ്.
മാധ്യമ മതപീഡനം
വാര്‍ത്താ സമയങ്ങളെ വിചാരണക്കോടതികളാക്കി വ്യക്തിഹത്യനടത്തി ചാനല്‍ ജഡ്ജിമാര്‍ കുറ്റം വിധിക്കുന്നു. ഇത് ക്രൈസ്തവസമൂഹത്തെ മാത്രം ലക്ഷ്യംവച്ചുള്ള പ്രവൃത്തിയാണ്. സല്‍പ്പേര് നശിപ്പിക്കുക, കുറ്റാരോപിതരെ കുറ്റവാളികളാക്കുക, വിശ്വാസത്തെയും പൗരോഹിത്യത്തെയും കൂദാശകളയും അപമാനിക്കുക, പരി. അമ്മയെയും അന്ത്യത്താഴചിത്രത്തെയും അവഹേളിക്കുക, മദര്‍ തെരേസയെ മതപരിവര്‍ത്തകയായി മുദ്രകുത്തുക തുടങ്ങി വിവിധ കലാപരിപാടികളാണ് മാധ്യമങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
എന്നെ പീഡിപ്പിച്ചെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും
സഭ ഇന്നും നിലനില്‍ക്കുന്നത് അവളുടെ മണവാളന്‍ ഉന്നതനായ രക്തസാക്ഷിയായതിനാലാന്. ആധുനിക സഭയുടെ ഏറ്റവും വലിയ വെല്ലുവിളി മിശിഹായെ ലോകത്തിനു മുമ്പില്‍ ഏറ്റുപറയുക എന്നതാണ്. രണ്ടാം വത്തിക്കാന്‍ പ്രമാണരേഖ ഇങ്ങനെ അനുശാസിക്കുന്നു:”ചുരുക്കം ചിലര്‍ക്കുമാത്രമെ രക്തസാക്ഷിത്വമെന്ന ദാനം നല്‍കപ്പെടുന്നുള്ളു എങ്കിലും മിശിഹായെ ലോകത്തിനു മുമ്പില്‍ ഏറ്റുപറയുന്നതിനു സഭയ്ക്ക് എക്കാലവും ഉണ്ടാകുന്ന പീഡനങ്ങളുടെ മദ്ധ്യേ കുരിശിന്റെ വഴിയില്‍ അവിടുത്തെ അനുഗമിക്കുന്നതിനും എല്ലാവരും സന്നദ്ധരാകേണ്ടതാണ്(തിരുസഭ 42). സഭയോടൊത്ത് ചിന്തിക്കുവാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനും വിശ്വാസസമൂഹം തീരുമാനമെടുക്കേണ്ട കാലഘട്ടമാണിത്. കര്‍ത്താവിന്റെ വചനം നമുക്ക് പ്രത്യാശയും ധൈര്യവും പകരുന്നു:”അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും”(യോഹ.15,22).
ദുര്‍ഘട ഘട്ടങ്ങളിലൂടെ കടന്നുപോയ സഭയുടെ ചരിത്രവും നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന കര്‍ത്താവിന്റെ വാക്കുകളും നമുക്ക് ധൈര്യം പകരുന്നു സഭയോടു ചേര്‍ന്നു നില്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ പറ്റി നമുക്ക് ഓര്‍ക്കാം. നമ്മുടെ ഈ കാലഘട്ടം നമ്മില്‍നിന്ന് വലിയ വിവേകം ആവശ്യപ്പെടുന്നു എന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ വാക്കുകളുടെ പ്രവചനസവഭാവത്തെ ഗൗരവത്തോടെ നമുക്ക് സ്വീകരിക്കാം.