വിദേശനാണ്യ ശേഖരത്തിൽ വൻ വർധന. മാർച്ച് 29-ന് അവസാനിച്ച ആഴ്ചയിൽ 523.75 കോടി ഡോളറാണു ശേഖരത്തിൽ കൂടിയത്. സമീപവർഷങ്ങളിലെ ഏറ്റവും വലിയപ്രതിവാര വർധനയാണിത്. റിസർവ് ബാങ്ക് 500 കോടി ഡോളറിന്റെ ഡോളർ- രൂപ സ്വാപ് ലേലം നടത്തിയതാണ് കഴിഞ്ഞ ആഴ്ച ശേഖരം ഇത്രയും വർധിക്കാൻ കാരണം. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നതും വർധനയെ സഹായിച്ചു.
ഇതോടെ 41,190.5 കോടി ഡോളറായി വിദേശനാണ്യശേഖരം. കഴിഞ്ഞവർഷം ഏപ്രിൽ 13-നായിരുന്നു ഇന്ത്യയുടെ വിദേശനാണ്യശേഖരം റിക്കാർഡ് നിലവാരത്തിലായത്. അന്ന് 42,602.8 കോടി ഡോളറുണ്ടായിരുന്നു ശേഖരത്തിൽ. പിന്നീട് തുക കുറഞ്ഞ് സെപ്റ്റംബറോടെ 39,000 കോടി ഡോളറിനടുത്തെത്തി ശേഖരം. ഡിസംബറോടെ വർധിച്ചുതുടങ്ങിയ ശേഖരം മാർച്ച് ഒന്നിനാണ് 40,000 കോടി ഡോളറിനു മുകളിൽ വന്നത്.