സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് ഒരു പതിറ്റാണ്ടു കാലം സ്നേഹത്തിന്റെ ആതിഥ്യമൊരുക്കിയ ഫിനാൻസ് ഓഫീസർ ഫാ. മാത്യു പുളിമൂട്ടിൽ നിറഞ്ഞ സംതൃപ്തിയോടെ മൗണ്ട് സെന്റ് തോമസിന്റെ പടിയിറങ്ങി. സഭാ കാര്യാലയത്തിന്റെ ദൈനംദിന നടത്തിപ്പും വികസന പ്രവർത്തനങ്ങളും കാര്യക്ഷമതയോടും മാതൃകാപരമായും നിർവഹിക്കാനായതു ഫാ. പുളിമൂട്ടിലിന്റെ സേവനവഴികളെ ഹൃദ്യമാക്കി.
താമരശേരി രൂപതയിലെ പെരിന്തൽമണ്ണ താഴേക്കാട് ഇടവകാംഗമായ ഫാ. പുളിമൂട്ടിൽ രൂപതയിലെ വിവിധ മേഖലകളിൽ സേവനംചെയ്തശേഷം 2009 ഏപ്രിൽ ഒന്നിനാണു മൗണ്ട് സെന്റ് തോമസിലെ ഫിനാൻസ് ഓഫീസറായി നിയോഗമേറ്റെടുത്തത്. അഞ്ചു വർഷം വീതമുള്ള രണ്ടു ടേം സേവനം ചെയ്തു.
പുതിയ ഓഫീസറായി ഫാ. ജോസഫ് തോലാനിക്കൽ ചുമതലയേറ്റു. പാലാ രൂപതയിലെ കൊഴുവനാൽ ഇടവകാംഗമായ ഇദ്ദേഹം രൂപത അസിസ്റ്റന്റ് പ്രൊക്യുറേറ്ററായി സേവനം ചെയ്തുവരുന്നതിനിടെയാണു സ്ഥാനമാറ്റം.