റവ. ഫാ. ജയിംസ് കൊക്കാവയലില്‍

ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ വഹിക്കുന്ന കുഞ്ഞാട് എന്ന് നമ്മുടെ കര്‍ത്താവിനെ സ്‌നാപകയോഹന്നാന്‍ വിശേഷിപ്പിക്കുന്നതുപോലെ കേരളത്തിന്റെ ദുരിതങ്ങള്‍ മുഴുവന്‍ പേറുവാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. നിരന്തരം സഹനങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജനതയാണ് ഇവിടെ അധിവസിക്കുന്നത്.

മലനാട്ടിലെയും ഇടനാട്ടിലെയും വെള്ളം മുഴുവന്‍ കുത്തിയൊലിച്ചുവരുന്നത് ഇവിടെയാണ്. കുട്ടത്തില്‍ അവിടുത്തെ സര്‍വ്വ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വിഷപദാര്‍ത്ഥങ്ങളും വിഷപാമ്പുകളുമുള്‍പ്പെടെ ഇവിടെയെത്തുന്നു. അതുകൊണ്ടുതന്നെ ക്യാന്‍സര്‍പോലെയുള്ള മാരകരോഗങ്ങള്‍ ഇവിടെ വളരെ കൂടുതലാണ്. കെട്ടിക്കിടക്കുന്ന വെള്ളവും പോളയും മൂലം കൊതുകു പരത്തുന്ന രോഗങ്ങളും വളരെയധികമാണ്. സര്‍വ്വത്ര വെള്ളമാണെങ്കിലും ശുദ്ധജലത്തിന്റെ അഭാവം വളരെ ഗുരുതരവും.

ഇവയ്‌ക്കെല്ലാം പുറമെയാണ് കുനിന്മേല്‍ കുരുപോലെ കുട്ടനാട്ടുകാര്‍ക്ക് ഈ വര്‍ഷം രണ്ട് വെള്ളപ്പൊക്കത്തെ അതിജീവിക്കേണ്ടിവന്നത്. മാധ്യമങ്ങളില്‍ കണ്ട കുട്ടനാടല്ല യഥാര്‍ത്ഥത്തില്‍ ദുരിതംപേറിയ കുട്ടനാട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്തവിധം ഭീകരമായ അവസ്ഥയിലായിരുന്നതിനാല്‍ അവര്‍ക്ക് പലപ്പോഴും റിപ്പോര്‍ട്ടിങ്ങുകളില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കേണ്ടിവന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ രക്ഷാപ്രവര്‍ത്തനംപോലും അതി സാഹസികമായിരുന്നു.

ഈ വര്‍ഷം പതിവിനു വിപരീതമായി, ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും അത് ഒരാഴ്ചക്കുള്ളില്‍ ഒഴുകിമാറി. എന്നാല്‍ കുട്ടനാട്ടുകാര്‍ക്ക് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദുരിതമാണ്. അതും എല്ലാവര്‍ഷവും പ്രതീക്ഷിക്കേണ്ട ഒന്ന്. ഇത് സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശമാകയാല്‍ ഒഴുകിയെത്തുന്ന വെള്ളം ഇവിടെ ആഴ്ചകളോളം കെട്ടി നില്‍ക്കും. വീടുകള്‍ ജലാശയങ്ങളായി മാറും. ഗൃഹോപകരണങ്ങള്‍ കേടാകും, വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങും, ലക്ഷങ്ങള്‍ മുടക്കി ഇറക്കുന്ന നെല്‍കൃഷി നശിക്കും, ശുദ്ധജലം കിട്ടാക്കനിയാകും, പകര്‍ച്ചവ്യാധികള്‍ പെരുകും. ഈ സ്ഥിരം ദുരിതങ്ങള്‍ക്കു പുറമേ എന്തെല്ലാമാണ് ഈ പ്രാവാശ്യം അനുഭവിക്കേണ്ടിവരിക എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ കുട്ടനാടന്‍ ജനതയ്ക്ക് ദുരിതങ്ങള്‍ മാത്രമാകും ബാക്കിയുണ്ടുവുക. വരുമാനമാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായി അടയുകയും കടം പെരുകുകയും ചെയ്യുന്ന അവസരത്തില്‍ എന്തിനു ജീവന്‍ മാത്രം ബാക്കിവച്ചു എന്നു ചിന്തിക്കുന്നവരാകും പലരും.

റവ. ഫാ. ജയിംസ് കൊക്കാവയലില്‍

പത്തുലക്ഷംപേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ബന്ധുവീടുകളില്‍ കഴിയുന്നവര്‍ അതിലും എത്രയോ അധികമാകും. അവര്‍ക്കും ക്യാമ്പില്‍ കഴിയുന്നവരുടെ അതേ പരിഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നതിന് എന്ത് ഉറപ്പാണുള്ളത്. പലപ്പോഴും സാമ്പത്തികനഷ്ടം കുടുതല്‍ സംഭവിച്ചത് ഇങ്ങനെയുള്ളവര്‍ക്കായിരിക്കും. കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് ഇനി സര്‍ക്കാര്‍ സഹായങ്ങള്‍ ഉണ്ടായാല്‍ തന്നെയും പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിന് അതു തികച്ചും അപര്യാപ്തമായിരിക്കും. നഷ്ടപ്പെട്ടവ പൂര്‍ണ്ണമായും തിരികെ നല്‍കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാം നഷ്ടപ്പെട്ട് മനസ്സു തളര്‍ന്നവര്‍ക്ക് ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം പകരുക എന്നുള്ളതാണ്. നഷ്ടങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും ആളുകളെ പ്രാപ്തരാക്കേണ്ടതുണ്ട്. ശൂന്യതയില്‍നിന്ന് അനേകര്‍ക്ക് ജീവിതം ആരംഭിക്കേണ്ടി വരുന്നു. വീട് വൃത്തിയാക്കുക, അറ്റകുറ്റ പണികള്‍ നടത്തുക, ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും അടുക്കള സാധനങ്ങളും വാങ്ങേണ്ടിവരിക തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ക്ലേശം വരുത്തിവയ്ക്കുന്നു. കൃഷിയും മൃഗപരിപാലനവുമായി ഉപജീവനം കഴിഞ്ഞവര്‍ നാളെയെന്ത് എന്ന ചദ്യത്തിലാണ്. ഒരായുസിന്റെ സമ്പാദ്യം മുഴുവനും കൊണ്ട് കെട്ടിപ്പൊക്കുയ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടവര്‍ എവിടെ അന്തിയുറങ്ങും എന്ന ആശങ്കയിലാണ്. ഉറ്റവര്‍ വേര്‍പിരിഞ്ഞവരുടെ നഷ്ടങ്ങള്‍ ആര്‍ക്കും നികത്താനാവുകയില്ലല്ലോ. അതിനാല്‍ കൊണ്‍സിലിംഗുകളിലൂടെയും മറ്റും അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്നത് പരമപ്രധാനമാണ്.

ഇതോടൊപ്പം ചെയ്യേണ്ടതാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകളില്‍ ചെയ്യുന്ന സഹായത്തിലും മാത്രം അവസാനിക്കാതെ പുനരധിവാസ ഘട്ടത്തിലേയ്ക്കും നീളേണ്ടതുണ്ട്. ഇതിന് സമൂഹം മുഴുവന്റെയും സാമ്പത്തികവും കായികവുമായ സഹകരണം ആവശ്യമാണ്. അനേകരെ ജീവനിലേയ്ക്കു കരകയറ്റാനായി ചെയ്തതുപോലെ ജീവിതത്തിലേയ്ക്കു കരകയറ്റാനായി നാമെല്ലാം കരങ്ങള്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്.

ഈ പുനരധാവാസപ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടനാട്ടില്‍ വേണ്ടത് ശാശ്വതമായ പരിഹാരങ്ങളാണ്. വിവിധ അണക്കെട്ടുകള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രകൃതി ദുരന്തത്തെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ തക്ക പദ്ധതികളോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ത്വരിതകര്‍മ്മ പദ്ധതികള്‍ കുട്ടനാട്ടിനായി ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രവും നെല്ലറയുമായ മനോഹരവും ഫലഭൂയിഷ്ടവുമായ ഈ ഭൂപ്രദേശം രുപരഹിതവും ശൂന്യവും ആയിത്തീരും. അതിനാല്‍ കുട്ടനാടിനെ ഇനിയും ഒരു കുഞ്ഞാടാകാന്‍, ബലിമൃഗമാകാന്‍ നമ്മള്‍ അനുദിച്ചുകൂടാ.