Darsanam Homilies
നോമ്പുകാലം ആറാം ഞായർ (ഏപ്രിൽ 7)
യോഹ. 10;11-18
കേരളത്തിൻറെ കരളലിയിച്ച ദാരുണമായ സംഭവമായിരുന്നു ഈയിടെ തൊടുപുഴയിൽ നടന്നത്. അപ്പൻറെ സ്ഥാനത്ത് നിൽക്കേണ്ട ഒരു വ്യക്തി ഒരു ഏഴ് വയസ്സുകാരനെ അതിക്രൂരമായി മർദ്ദിച്ചു തലപൊട്ടി തലച്ചോറ് വെളിയിൽ വന്നു. വെൻറിലേറ്റർൽ കുട്ടി അവശനിലയിൽ കഴിയുന്നു. ഒരു നാലുവയസുകാരന്റെ കാര്യങ്ങൾ നോക്കേണ്ടത് വെറും രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുവയസുകാരൻ ഉത്തരവാദിത്വം ആയിരുന്നത്രെ. ഒരു അമ്മ മക്കളോടുള്ള തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ സ്വന്തം സുഖങ്ങളുടെയും സന്തോഷങ്ങളുടെയും പുറകെ പോയതിന്റെ ദുരന്തമാണിത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് പലയാവർത്തി കണ്ടിട്ടും ഒരു അമ്മയുടെ കടമ നിർവഹിക്കാതെ കാമുകൻറെ പ്രീതിക്ക് പ്രാധാന്യം കൊടുത്തു. കുഞ്ഞുങ്ങളുടെ ജീവനേക്കാൾ അവൾക്ക് വലുത് തന്റെയും കാമുകന്റെയും സന്തോഷങ്ങൾ ആയിരുന്നു.
സ്നേഹംനിറഞ്ഞവരേ ആരൊക്കെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവോ അവരാരും നല്ല ഇടയരല്ല. ഈ ഒഴിഞ്ഞുമാറൽ പലകാരണങ്ങൾകൊണ്ടും വരാം. മുകളിൽ പറഞ്ഞ അമ്മയെ പോലെ സ്വന്തം സ്വാർത്ഥതയ്ക്കും സുഖങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടിയാകാം. അല്ലെങ്കിൽ ഭയം മൂലമാകാം. എന്ത് കാരണമായാലും ഒളിച്ചോടുന്നവർ ആരും നല്ലിടയരല്ല. കാരണം അവർക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്നവരെ ചെന്നായ കൊണ്ടു പോകും. ഉത്തരവാദിത്തയിൽ നിന്ന് ഒളിച്ചോടുന്നവർ വെറും കൂലിക്കാർ മാത്രമാണ്. കൂലി വാങ്ങുന്നത് അപ്പുറത്ത് തങ്ങളുടെ ഉത്തരവാദിത്തങ്ങളെയും കടമകളെക്കുറിച്ച് ചിന്തയില്ലാത്തവർ ആണ് അവർ. കൂലിക്കാരൻറെ പ്രത്യേകത അവന് തൊഴിൽ സ്ഥിരത ഇല്ല എന്നതാണ്. ഇന്ന് ഒരിടത്താണ് പണിയെങ്കിൽ നാളെ വേറെ ഒരിടത്ത് ആയിരിക്കും. അവന് തന്റെ തൊഴിൽദാതാക്കളെ പോലും പരിചയം ഉണ്ടാവില്ല. കൂലി വാങ്ങുന്ന തോടെ അവൻറെ കടമ പൂർത്തിയായി. അതിനപ്പുറം അവൻ എന്തെങ്കിലും ജോലി ചെയ്യാൻ തയ്യാറാവുകയില്ല. ചിലപ്പോഴെങ്കിലും എങ്ങനെ പണി ചെയ്യാതിരിക്കാം എന്നാവും അവൻ നോക്കുന്നത്.
എന്നാൽ ജോലിക്കാരൻ അഥവാ വേലക്കാരൻ അങ്ങനെയല്ല. അവന് ജോലിസ്ഥിരത ഉണ്ട്. സ്ഥിരമായി ഒരു യജമാനന്റെ കീഴിൽ ജോലി ചെയ്യുന്നു . അവന് യജമാനനും വസ്തുവകകളും ആയിഎല്ലാം നല്ല ബന്ധമുണ്ട്. അവൻ ശമ്പളത്തിന് അപ്പുറം നോക്കിയും കണ്ടും ഉത്തരവാദിത്വത്തോടെ കുറെയൊക്കെ കാര്യങ്ങൾ ചെയ്യാൻ തയ്യാറാകും.
എന്നാൽ വസ്തുവകകൾ സ്വന്തമായിട്ടുള്ളവന്റെ മനോഭാവം ഇതിലുമപ്പുറം ആണ്. അവൻ തനിക്ക് സ്വന്തമായവയെ സ്നേഹിക്കുകയും സാമ്പത്തിക ലാഭത്തേക്കാളുപരി അവയെ പരിപാലിക്കുകയും ചെയ്യും. ഈ സ്വന്തമായി ഉള്ളവന്റെ മനോഭാവത്തെ കുറിച്ചാണ് ഈശോ ഇന്നത്തെ തിരുവചനത്തിൽ നമ്മോട് പറയുന്നത്. ആടുകൾ അവൻറെ സ്വന്തം ആണ് അതുകൊണ്ട് അവൻ എന്ത് വില കൊടുത്തും അതിനെ സംരക്ഷിക്കും. ഈശോ തന്നെയും സ്വന്തം രക്തം ചിന്തി തനിക്കുള്ളവയെ സംരക്ഷിച്ചു.
ഈശോയുടെ ഇടയത്വത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമുക്കു നമ്മുടെ ഇടയ ധർമ്മങ്ങളെ കുറിച്ച് ചിന്തിക്കാം. ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലങ്ങളിലും ഒക്കെ നിർവഹിക്കുന്നവർ ആണ് നമ്മൾ. നമ്മുടെ ഉത്തരവാദിത്വങ്ങളിൽ നമ്മൾ വീഴ്ച വരുത്തുമ്പോൾ അത് ബാധിക്കുന്നത് മറ്റുള്ളവരെയാണ്. നമ്മൾ എപ്പോഴും നമ്മുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാണ് എന്നാൽ കടമകളെക്കുറിച്ച് എത്രമാത്രം ചിന്തിക്കുന്നുണ്ട്. നമ്മുടെ കടമകളാണ് മറ്റുള്ളവരുടെ അവകാശങ്ങൾ. നമ്മൾ അത് നിർവഹിക്കാതെ വരുമ്പോൾ മറ്റുള്ളവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കാതെ വരുന്നു. ഉദാഹരണം മുകളിൽ പറഞ്ഞത് തന്നെയാണ്. മദ്യപാനിയായ അപ്പനോ സ്വന്തം സുഖം മാത്രം തേടുന്ന അമ്മയ്ക്കോ മക്കൾക്ക് നല്ല ഇടയർ ആകാൻ സാധിക്കുകയില്ല ഇടവകകളിലും സ്ഥാപനങ്ങളിലും ജോലിയിടങ്ങളിലും എല്ലാം ഇതുതന്നെയാണ് സ്ഥിതി. ധാരളം ഉദാഹരണങ്ങൾ അനുദിന ജീവിതത്തിൽ ഉണ്ടല്ലോ. നല്ല ഇടയനായ ഈശോയെ ധ്യാനിച്ചുകൊണ്ട് നമുക്കും നല്ലിടയരാകാൻ പരിശ്രമിക്കാം.
ഫാ.ജയിംസ് കൊക്കാവയിലിൽ
ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക Follow this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3
Very good message…keep it up