ക്രിസ്തു ജീവിക്കുന്നു. അവിടുന്നാണ് നമ്മുടെ പ്രത്യാശ. അത്ഭുതകരമായ രീതിയിൽ അവൻ നമ്മുടെ ലോകത്തിന് യുവത്വം പകരുന്നു. എല്ലാ യുവ ക്രിസ്ത്യാനികളോടും ഞാൻ ആദ്യം പറയാനുദ്ദേശിക്കുന്ന വാക്കുകൾ ഇതാണ്: ക്രിസ്തു ജീവിക്കുന്നു, നിങ്ങളും ജീവസുള്ളവരായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.’- യുവജന സിനഡിന്റെ സത്ഫലമായി രൂപീകൃതമായ ‘ക്രിസ്തൂസ് വീവിത്ത്’ എന്ന പ്രമാണരേഖ ആരംഭിക്കുന്നത് ഇപ്രകാരമാണ്.

യുവജനങ്ങളെ ജീവസുറ്റവരായി നിലനിർത്താൻ ലക്ഷ്യംവെച്ചുള്ള ഒൻപത് അധ്യായങ്ങളാണ് പ്രമാണരേഖയിലുള്ളത്. യുവജനപ്രേഷിതത്വത്തിനുള്ള ‘മാഗ്‌നാകാർട്ട’ എന്ന് വിശേഷിപ്പിക്കുന്ന പ്രമാണരേഖയിലെ അധ്യായങ്ങളുടെ സംഗ്രഹം ചുവടെ:

അധ്യായം ഒന്ന്

യുവജനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന വിശുദ്ധലിഖിത വാക്യങ്ങൾ പ്രതിപാദിക്കുന്ന അധ്യായമാണിത്. ഇന്നത്തെ ലോകം യുവജനങ്ങളെ അത്ര ബഹുമാനിക്കുന്നില്ലെങ്കിലും ദൈവം മറിച്ചാണ് ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന വചനഭാഗങ്ങൾ സമ്പന്നമാണ് ഈ അധ്യായം.

അധ്യായം രണ്ട്

‘നിത്യയുവാവായ യേശു’ എന്ന തലക്കെട്ടോടുകൂടിയ ഈ അധ്യായത്തിൽ, സഭയിലെ യുവജനങ്ങളെക്കുറിച്ചും അവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. നസ്രത്തിൽനിന്നുള്ള യുവതിയായ മറിയം എന്ന് മാതാവിനെ വിശേഷിപ്പിക്കുന്ന പാപ്പ, ‘ഇതാ കർത്താവിൻറെ ദാസി’ എന്ന സമ്മതവാക്യം, സാഹസീകതകൾ ഏറ്റെടുക്കാനും ദൈവത്തിന്റെ വാഗ്ദാന വാഹകയെന്നു തിരിച്ചറിഞ്ഞ് മുന്നേറാനുമുള്ള മാതൃകയാണെന്ന് പ~ിപ്പിക്കുന്നു. അനേകം യുവ വിശുദ്ധരുടെ പേരുകളും ഈ അധ്യായത്തിൽ പാപ്പ എടുത്തു പറയുന്നുണ്ട്.

അധ്യായം മൂന്ന്

നിങ്ങളാണ് ദൈവത്തിന്റെ ‘ഇന്ന്’ എന്നാണ് തലക്കെട്ട്. ഇന്നിന്റെ അടയാളങ്ങളായ ഡിജിറ്റൽ ലോകത്തെക്കുറിച്ചും പ്രവാസ ജീവിതങ്ങളെക്കുറിച്ചും കുട്ടികളുടെ ദുരുപയോഗത്തെക്കുറിച്ചും പരാമർശിക്കുന്ന പാപ്പ, ഇരുണ്ടതും വേദനിക്കുന്നതുമായ എല്ലാ സാഹചര്യങ്ങളിലുംനിന്ന് പുറത്തേക്കുള്ള വഴിയുണ്ടെന്നും യുവജനങ്ങളാണ് ലോകത്തിന്റെ ഭാവിയും യുവജനങ്ങളെ ഓർമിപ്പിക്കുന്നു.

അധ്യായം നാല്

എല്ലാ യുവജനങ്ങൾക്കുമായി മൂന്നു വലിയ സത്യങ്ങൾ പ്രഖ്യാപിക്കുന്ന ഈ അധ്യായത്തിന് ‘എല്ലാ യുവജനങ്ങൾക്കുമുള്ള സന്ദേശം’ എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. ദൈവം സ്‌നേഹമാണ്, ക്രിസ്തു രക്ഷിക്കും, അവൻ ഇന്നും ജീവിക്കുന്നു എന്നിവയാണ് ആ മൂന്നു സത്യങ്ങൾ.

അധ്യായം അഞ്ച്

‘യുവജനങ്ങളുടെ വഴികൾ’ എന്ന തലക്കെട്ടുള്ള ഈ ആധ്യായത്തിൽ ആത്മീയ വളർച്ചയ്ക്കായി യേശുവുമായുള്ള ബന്ധം നിലനിർത്തേണ്ട ആവശ്യകതയാണ് എടുത്തുപറയുന്നത്. വിശ്വാസം ജീവിക്കാൻ സാഹോദര്യത്തിന്റെ വഴികൾ തേടാനും അതോടൊപ്പം ധൈര്യമുള്ള മിഷനറിമാരാകാനും യുവജനങ്ങളെ പാപ്പ ക്ഷണിക്കുന്നു.

അധ്യായം ആറ്

മുതിർന്നവരുമായുള്ള ബന്ധങ്ങൾ നിലനിർത്തേണ്ടത് അടിസ്ഥാനപരമായ കാര്യമായി ചൂണ്ടികാട്ടുന്ന അധ്യായമാണിത്. ഇന്നലെകളുടെ ജീവിക്കുന്ന സമ്പന്നത അവരിൽ നമുക്ക് കണ്ടെത്താൻ കഴിയുമെന്നും പാപ്പ ഓർമിപ്പിക്കുന്നു.

അധ്യായം ഏഴ്

സഭയുടെ യുവജനങ്ങൾക്കായുള്ള ദൗത്യത്തെ പ്രതിപാദിക്കുന്ന അധ്യായമാണിത്. അതിനു വേണ്ട നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ യുവജനങ്ങൾ ഒന്നിച്ചുവരാൻ ഇഷ്ടപ്പെടുന്ന രീതികൾ ആസൂത്രണം ചെയ്യാനും ദൈവാനുഭവം അടിസ്ഥാനമാക്കിയുള്ള വളർച്ചാപദ്ധതി തയാറാക്കാനും പാപ്പ ആവശ്യപ്പെടുന്നു.

അധ്യായം എട്ട്

ദൈവവിളിയെക്കുറിച്ചാണ് ഈ അധ്യായം പരാമർശിക്കുന്നത്. എല്ലാ യുവജനങ്ങൾക്കും ഒരു സുഹൃത്തായിരിക്കാനാണ് യേശു ആഗ്രഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ദൈവവിളി എന്നത് അപരരുടെ ക്ഷേമത്തിനായുള്ള ഒരു പ്രേഷിതദൗത്യമാണെന്നും വ്യക്തമാക്കുന്നു. കുടുംബജീവിതവും പ്രത്യേക സമർപ്പണത്തിനായുള്ള വിളിയും ഈ അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്.

അധ്യായം ഒൻപത്

വിവേചിച്ചറിയാനുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിബാധിച്ചുകൊണ്ട് യുവജനങ്ങളുമായി ബന്ധപ്പെട്ട ഒരു ആഗ്രഹമാണ് പാപ്പ ഈ അധ്യായത്തിൽ പങ്കുവെക്കുന്നത്. മുമ്പേ പോകുന്ന മന്ദഗതിയിലുള്ളവർക്കും ഭയപ്പെട്ടുനിൽക്കുന്നവർക്കും മുമ്പേ യുവജനങ്ങൾ ലക്ഷ്യം ഓടിത്തീർക്കണമെന്നതാണത്. നാം ഒത്തിരി സ്‌നേഹിക്കുകയും പരിശുദ്ധ കുർബാനയിൽ ആരാധിക്കുകയും സഹിക്കുന്ന സഹോദരരിൽ ദർശിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ തുരുമുഖത്തിൽ ആകൃഷ്ടരായി ആ ഓട്ടം തുടരണമെന്നും പാപ്പ ഓർമിപ്പിക്കുന്നു.