റവ.ഡോ. തോമസ് പാടിയത്ത്
വിശുദ്ധിയും സുവിശേഷഭാഗ്യങ്ങളും
ബുദ്ധിയെ സംബന്ധിക്കുന്ന തത്ത്വങ്ങളും സാക്ഷ്യങ്ങളും ധാരാളമുണ്ടെങ്കിലും കര്‍ത്താവിന്റെ വാക്കുകളിലേക്കു തിരിയുകയും അവിടുന്ന് സത്യം പഠിപ്പിക്കുന്ന അവിടുത്തെ രീതി മനസ്സിലാക്കുകയും ചെയ്യുന്നതിനേക്കാള്‍ വെളിച്ചം പകരുന്ന മറ്റൊന്നില്ല (63). അതുകൊണ്ട് വിശുദ്ധിയുടെ സാക്ഷ്യത്തിന്റെ കരുത്ത് അടങ്ങിയിരിക്കുന്നത് സുവിശേഷഭാഗ്യങ്ങളും അന്തിമവിധിയുടെ മാനദണ്ഡങ്ങളും അധികരിച്ചുള്ള അവരുടെ ജീവിതത്തിലാണ് (109). സുവിശേഷഭാഗ്യങ്ങള്‍ നല്ലൊരു ക്രിസ്ത്യാനിയായിരിക്കുവാന്‍ എന്തുചെയ്യണമെന്നുള്ള ഉത്തരവും, ഒരുവന്‍ കര്‍ത്താവിന്റെ മുഖം ദര്‍ശിക്കുന്ന സ്ഥലവുമാണ്. അതുകണ്ടുതന്നെ സുവിശേഷഭാഗ്യങ്ങള്‍ ക്രൈസ്തവന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് (identity card). ഇതിനാലാണ് പാപ്പായെ സംബന്ധിച്ചിടത്തോളം ”അനുഗൃഹീതന്‍” അഥവാ ”ഭാഗ്യവാന്‍” വിശുദ്ധന്‍ എന്നതിന്റെ പര്യായമാകുന്നത് (64).
കര്‍ത്താവിന്റെ വാക്കുകള്‍ ഒരു വ്യക്തിയെ വെല്ലുവിളിക്കുകയും അസ്വസ്ഥമാക്കുകയും ദൈവികമായ ദുഃഖം ജനിപ്പിക്കുകയും ചെയ്യുന്നെങ്കില്‍ മാത്രമേ ‘വിശുദ്ധി’ എന്നത് ആ വ്യക്തിയുടെ ജീവിതത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ വാക്കാകുന്നുള്ളു. കാരണം, സുവിശേഷഭാഗ്യങ്ങള്‍ ലഘുവോ ഉപരിപ്ലവമോ അല്ല മറിച്ച് സ്വാര്‍ത്ഥത, അലസത, അഹങ്കാരം എന്നിവയില്‍നിന്ന് ഒരുവനെ സ്വതന്ത്രമാക്കുന്നതാണ്. ശ്ലൈഹിക പ്രബോധനത്തിന്റെ മൂന്നാം അദ്ധ്യായത്തില്‍ സുവിശേഷ ഭാഗ്യങ്ങള്‍ക്കു കാലികപ്രസക്തമായ വ്യാഖ്യാനം നല്കി അവയെ വിശുദ്ധ ജീവിതത്തിന്റെ ഒന്നാം പാഠമായി മാര്‍പ്പാപ്പാ അവതരിപ്പിക്കുന്നു. പാപ്പായുടെ സ്വതസിദ്ധമായ ശൈലിയില്‍ അവയെ ഇങ്ങനെ സംഗ്രഹിക്കുന്നു:
1. ഹൃദയത്തില്‍ ദരിദ്രരായിരിക്കുക, അതാണു വിശുദ്ധി. വി. ഇഗ്നേഷ്യസ് ലയോളയുടെ ഭാഷയില്‍ ”വിശുദ്ധമായ നിസംഗത” എന്നു വിളിക്കുന്നതിനോട് ഉറ്റ ബന്ധമുള്ളതാണ് ചൈതന്യപരമായ ദാരിദ്യം. അത് പ്രഭാപൂര്‍ണ്ണമായ അന്തരിക സ്വാതന്ത്ര്യത്തിലേക്കു നമ്മെ നയിക്കും (69).
2. ശാന്തതയോടും വിനയത്തോടുംകൂടി പ്രതികരിക്കുക; അതാണ് വിശുദ്ധി. ദൈവത്തില്‍ മാത്രം ആശ്രയം വയിക്കുന്നവരുടെ ആന്തരിക ദാരിദ്ര്യത്തന്റെ മറ്റൊരു പ്രകാശനമാണ് ശാന്തത. ലിസ്യൂവിലെ വി. തെരേസയുടെ അഭിപ്രായത്തില്‍ ”പരിപര്‍ണ്ണ പരസ്‌നേഹം മറ്റുള്ളവരുടെ വീഴ്ചകളില്‍ ഉതപ്പു തോന്നാതെ അവരുടെ തെറ്റുകള്‍ സഹിക്കുക എന്നതാണ്” (72).
റവ.ഡോ. തോമസ് പാടിയത്ത്
3. എങ്ങനെ മറ്റുള്ളവരോടുകൂടി വിലപിക്കണമെന്നറിയുക; അതാണു വിശുദ്ധി. ഇതിനോടുള്ള ലോകത്തിന്റെ പ്രതികരണത്തെ പാപ്പാ ഇങ്ങനെ കുറിക്കുന്നു: കരയാന്‍ ലോകത്തിന് ആഗ്രഹമില്ല. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ ഒളിച്ചുവയ്ക്കാനാകുമെന്ന വിശ്വാസത്തില്‍ സഹനത്തിന്റെ സാഹചര്യങ്ങളില്‍ നിന്നു ഓടിപ്പോകുവാന്‍ വളരെയേറെ ഊര്‍ജ്ജം ചെലവിടുന്നു. എന്നാല്‍ കുരിശ് ഒരിക്കലും ഇല്ലാതാകില്ല (75).
4. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുക; അതാണു വിശുദ്ധി. ഒരാളുടെ തീരുമാനങ്ങളില്‍ നീതിയുള്ളപ്പോഴാണ് സ്വന്തം ജീവിതത്തിലെ യഥാര്‍ത്ഥ നീതി സംഭവിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പടപൊരതല്‍ ഉപേക്ഷിച്ച് വിജയികളുടെ പക്ഷത്തുചേരുന്നതില്‍ കര്‍ത്താവ് പ്രശംസിക്കുന്ന നീതിക്കുവേണ്ടിയുള്ള ദാഹത്തിനും വിശപ്പിനും യാതൊരു പങ്കുമില്ല (78).
5. കാരുണ്യത്തോടെ കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക; അതാണു വിശുദ്ധി. പാപ്പായുടെ കാഴ്ചപ്പാടില്‍ കരുണയ്ക്കു രണ്ടു വശങ്ങളുണ്ട്: നല്‍കലും സഹായിക്കലും. നല്‍കുക എന്നതിനു ചെറിയ അളവില്‍ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ പൂര്‍ണ്ണതയെ പുനരാവിഷ്‌കരിക്കുകയെന്നാണര്‍ത്ഥം (81).
6. സ്‌നേഹത്തെ മലിനപ്പെടുത്തുന്ന എല്ലാറ്റില്‍നിന്നും ഹൃദയത്തെ സൂക്ഷിക്കുക; അതാണു വിശുദ്ധി. ലളിതവും വിശുദ്ധവും മാലിന്യരഹിതവുമായ ഹൃദയത്തെക്കുറിച്ചാണ് ഈശോ ഇവിടെ പറയുക. നമ്മുടെ ശരിയായ നിയോഗങ്ങളെ വിവരിക്കാനാണ് ബൈബിള്‍ ‘ഹൃദയം’ എന്ന വാക്ക് ഉപയോഗിക്കുന്നത്.
7. നമുക്കു ചുറ്റും സമാധാനം വിതക്കുക; അതാണു വിശുദ്ധി. നിഷേധികളും വിനാശകാരികളുമായ മനുഷ്യര്‍ വസിക്കുന്ന കിംവദന്തികളുടെ ലോകത്ത് സമാധാനം ഉണ്ടാവുകയില്ല. സുവിശേഷപരമായ സമാധാനം ”ഉണ്ടാക്കുക” എളുപ്പമുള്ള കാര്യമല്ല. അത് ആരേയും ഒഴിവാക്കുന്നില്ല. സമാധാനം സ്ഥാപിക്കുക എന്നത് ഒരു കലാവൈഭവമാണ് (89).
8. സുവിശേഷത്തിന്റെ മാര്‍ഗ്ഗത്തെ, അതു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാലും, അനുദിനം സ്വീകരിക്കുക; അതാണു വിശുദ്ധി. സുവിശേഷമനുസരിച്ചു ജീവിക്കുവാന്‍ ചുറ്റുമുള്ളതെല്ലാം അനുകുലമാകട്ടെയെന്നു പറഞ്ഞ് നമുക്കു കാത്തിരിക്കാനാവില്ല. എന്തെന്നാല്‍ അധികാരഭ്രമവും ലൗകിക താല്പര്യങ്ങളും മിക്കപ്പോഴും നമുക്കെതിരെ കരുനീക്കുന്നു. വിശുദ്ധര്‍ ദുരഭിമാനവും നിഷേധാത്മകതയും വിദ്വേഷവും മൂലം ഒറ്റയാന്മാരോ മാറിനില്ക്കു ന്നവരോ അല്ല. നമ്മുടെ ജീവിതത്തില്‍ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്റെയും ഉറവിടമായി കുരിശ് നിലകൊള്ളുന്നു (92).
ദൈവത്തിനു ഏറ്റുവും സ്വീകാര്യമായ ആരാധന പ്രാര്‍ത്ഥനയോടൊപ്പം പോകുന്ന പ്രവൃത്തികളാണ്. കാരണം ലോകത്തെ സ്‌നേഹിക്കാനും അതിനെ താന്‍ ഏത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നു കാണിക്കാനും അവിടുന്ന് നമ്മെ ആശ്രയിക്കുന്നു (107).