റോബർട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അഴിമതിക്കാരെ തടവിലാക്കുമെന്നാണ് ബിജെപി പറഞ്ഞതെന്നും വദ്ര അഴിമതിക്കാരനാണെന്നും അമിത് ഷാ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ടിവി പരിപാടിയിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം.
റോബർട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. അഴിമതിക്കാരെ ജയിലിലട്ക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. റോബർട്ട് വദ്ര വൻ അഴിമതി നടത്തിയിട്ടുണ്ടെന്നും ഞങ്ങൾ പറഞ്ഞു. ഈ രണ്ടു പരാമർശങ്ങളും ഒന്നിച്ചു വായിക്കരുത്- അഞ്ചു വർഷം ഭരിച്ചിട്ടും ബിജെപി സർക്കാരിന് എന്തുകൊണ്ടാണ് വദ്രയെ തടവിലാക്കാൻ കഴിയാതിരുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അമിത് ഷാ എറഞ്ഞു.
അതേസമയം, അമിത് ഷായുടെ പരാമർശം സംബന്ധിച്ച് ടിവി പരിപാടിക്കെത്തിയ കാഴ്ചക്കാരിൽ ആശയക്കുഴപ്പം ഉടലെടുത്തു. വദ്ര അഴിമതിക്കാരനാണെന്നു പറഞ്ഞതിനൊപ്പം തന്നെയാണ് വദ്രയെ ജയിലാക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഷാ വിശദീകരിച്ചത്.
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് റോബർട്ട് വദ്ര. ഇദ്ദേഹത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങൾ തുടരുകയാണ്.