റവ. ഫാ. ജോമോന്‍ കാക്കനാട്ട്
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധരില്‍ പ്രധാനിയാണ് കപ്പൂച്ചിന്‍ വൈദികനായ പാദ്രെപിയൊ(1887-1968). ഈശോയുടെ ശരീരത്തിലെതുപോലെ അഞ്ചുതിരുമുറിവുകള്‍ പാദ്രെപിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുന്നപ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. 1920 ല്‍ അദ്ദേഹത്തിന്റെ പൊതുശുശ്രൂഷകളെ പരി. സിംഹാസനം വിലക്കി. പരി.കുര്‍ബാന, കുമ്പസാരിപ്പിക്കല്‍, ജനങ്ങളെ കാണല്‍ എല്ലാത്തിനും മുടക്ക് കല്‍പ്പിച്ചു. പതിമൂന്ന് വര്‍ഷം അദേഹം അനുസരണയുള്ള പുത്രനായി പ്രാര്‍ത്ഥനയിലും നിശബ്ദതയിലും കഴിഞ്ഞു. 1933 ല്‍ പതിനൊന്നാം പീയൂസ് പാപ്പ വിലക്ക് പിന്‍വലിച്ച് ശുശ്രൂഷകള്‍ തുടരാന്‍ അനുവാദം നല്‍കി. പലസ്ഥലങ്ങളില്‍ ഒരേ സമയം ആയിരിക്കക, രോഗശാന്തി നല്‍കുക, ജലത്തിനു മീതെ നടക്കുക തുടങ്ങി അനേകം സിദ്ധികള്‍ ഉണ്ടായിരുന്നിട്ടും ഇവയൊന്നുമായിരുന്നില്ല വിശുദ്ധിക്കുള്ള മാനദണ്ഡം. 2002 ജൂണ്‍ 16 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ വിശുദ്ധനാക്കികൊണ്ട് പറഞ്ഞത്, ‘അനുസരണം പാദ്രെപിയോയെ വിശുദ്ധനാക്കി’ എന്നാണ്. തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തെറ്റുകാരനായി മുദ്രകുത്തപ്പെട്ടപ്പോഴും സ്വയം ന്യായികരിക്കാനോ, നീതിക്കുവേണ്ടി തെരുവില്‍ ഇറങ്ങാനോ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസ നിയമങ്ങളും അനുസരണവ്രതവും അദ്ദേഹത്തെ അനുവദിച്ചില്ല.
വി.ഗ്രന്ഥം – അനുസരണത്തിന്റെ ചരിത്രം
ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ദൈവത്തിന്റെ പദ്ധതികളോട് ചേര്‍ന്നു യാത്രചെയ്യുന്ന സമൂഹത്തിന്റെ ചരിത്രമാണ് വി. ഗ്രന്ഥം. ദൈവപ്രമാണങ്ങളുടെ വഴിയെ യാത്രചെയ്ത് കാനാന്‍ദേശത്ത് എത്തുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ചരിത്രമാണല്ലോ പഴയനിയമം വിവരിക്കുന്നത്. പുതിയനിയമത്തില്‍ രക്ഷാരപദ്ധതി ആരംഭിക്കുന്നത് പിതാവായ ദൈവത്തിന്റെ ഹിതത്തിനു പുത്രനായ ഈശോമിശിഹാ അനുസരണത്തിലൂടെ പ്രത്യുത്തരം നല്കിയതു വഴിയാണ്. പഴയനിയമത്തില്‍ അബ്രാഹവും പുതിയനിയമത്തില്‍ പരിശുദ്ധ മറിയവും ദൈവഹിതത്തെ അനുസരണത്തിലൂടെ സാക്ഷാത്കരിച്ചവരാണ്. വി.ഗ്രന്ഥം അനുസരണത്തിന്റെ ചരിത്രമാണങ്കിലും ആദ്യപാപം അനുസരണകേടാണ്.ആദിമാതാപിതാക്കളുടെ അനുസരണകേട് രക്ഷാകര പദ്ധിതിക്ക് തടസം സൃഷ്ടിച്ചു. സമീപകാല സഭാപ്രശ്‌നങ്ങള്‍ പലതും അടിസ്ഥാനപരമായി ദൈവത്തോടോ, ദൈവ കല്പനകളോടോ സഭാ നിയമങ്ങളോടോ ഉള്ള അനുസരണക്കേടാണ്.
വ്രത ത്രൈയം
റവ. ഫാ. ജോമോന്‍ കാക്കനാട്ട്
അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവ കത്തോലിക്കാസഭയിലെ സന്യാസ – സമര്‍പ്പിത ജീവിതത്തിന്റെ വേരുകളാണ്. ഇവ മൂന്നിനും സഭാ ജീവിതത്തിലും സന്യാസ സമര്‍പ്പിത ജീവിതത്തിലും തുല്യ പ്രാധാന്യമാണുള്ളത്. അനുസരണമില്ലാത്ത ദാരിദ്ര്യം കൊണ്ടോ ബ്രഹ്മചര്യം കൊണ്ടോ ഫലമില്ല. അടിസ്ഥനപരമായി അനുസരണമാണ് ദാരിദ്ര്യവും ബ്രഹ്മചര്യവും ജീവിക്കാന്‍ ഒരു സമര്‍പ്പിതനെ / സമര്‍പ്പിതയെ സഹായിക്കുന്നത്. അനുസരണം ബലിയേക്കാള്‍ ശ്രേഷഠം എന്ന വചനത്തിന്റെ കാതല്‍ ഈ അടിസ്ഥാന മനോഭാവമാണ്.ദൈവകല്പനയെയും സഭാനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തല്‍പരകക്ഷികള്‍ നടത്തുന്ന പ്രതികരണങ്ങളും പ്രകടനങ്ങളും അനുസരണവ്രതത്തിന്റെപ്രകടമായ ലംഘനമാണ്.
സഭ – അനുസരണയുള്ള മക്കളുടെ സമൂഹം.
ദൈവത്തെ പിതാവായി അംഗീകരിക്കുകയും ഈശോയെ ശിരസ്സായി സ്വീകരിക്കുകയും ചെയ്യുന്ന നമുക്ക് സ്വന്തമായ അജണ്ടകള്‍ രൂപീകരിക്കാനവകാശമില്ല, കാരണം ശിരസ്സിനോട് ബന്ധമില്ലാതെ (കൊളോ.2.18) ശരീരത്തിനു നിലനില്‍പ്പില്ല. കേവലം അടിമത്വത്തിന്റെയോ, കാര്‍ക്കശ്യത്തിന്റെയോ, നിയമത്തിന്റെയോ പേരിലല്ല ഈ അനുസരണം, മറിച്ച് ദൈവത്തോടുള്ള സ്‌നേഹത്തിന്റെ മാനദണ്ഡം മാത്രം. പോള്‍ ആറാമന്‍ പാപ്പാഉള്‍പ്പടെ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങില്‍ ധനികയുവാവിനെക്കുറിച്ചുള്ള സുവിശേഷ ഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പറഞ്ഞു; ‘ഒരു പ്രതിഫലം ലഭിക്കാന്‍ വേണ്ടി കല്പ്പനകള്‍ പാലിക്കുന്നതില്‍നിന്നു സ്വതന്ത്രവും പൂര്‍ണ്ണവുമായ സ്‌നേഹത്തിലേക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള വീക്ഷണം മാറ്റുന്നതാണ് അനുസരണം. സ്‌നേഹത്തില്‍ അധികാരമില്ല അധികാരത്തില്‍ സ്‌നേഹവുമില്ല.
അഭിനവ പരിഷ്‌കര്‍ത്താക്കള്‍
പ്രശ്‌നങ്ങളില്ലാത്ത പ്രസ്ഥാനങ്ങളിലും സംവിധാനങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പിന്നിട് ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നേതാവ് ചമയുകയും ചെയ്യുന്ന പ്രത്യേയശാസ്ത്ര അടവ് നയം സഭയിലും ചില അഭിനവ പരിഷ്‌കര്‍ത്താക്കള്‍ പരീക്ഷിക്കുന്നുണ്ട് എന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. സഭയ്ക്കുവേണ്ടിയാണന്നും, നവീകരണത്തിനാണെന്നും പറഞ്ഞ് സഭയെ ഒറ്റികൊടുത്തുകൊണ്ട് മാധ്യമശ്രദ്ധയ്ക്കും ജനപിന്തുണയ്ക്കും വേണ്ടി പരിഷ്‌കാരികളാകുന്നവരാണിക്കൂട്ടര്‍.ക്രിസ്തുവും അവന്റെ സഭയും ഇക്കൂട്ടര്‍ക്ക് ബാധകമേയല്ല.സ്വയം നശിച്ച് വിളക്ക് കെടുത്തുന്ന കരിവണ്ടുകള്‍ക്ക് സമാനമാണ് ഇവരുടെ പ്രവര്‍ത്തികള്‍!
സഭ – മാതാവും ഗുരുനാഥയും
സഭയ്ക്ക് പലനിര്‍വചനങ്ങള്‍ നല്കാമെങ്കിലും അനുസരണയുള്ള മക്കള്‍ക്ക് അവള്‍ മാതാവും ഗുരുനാഥയുമാണ്. സഭാപിതാവായ സിപ്രിയാന്‍ പറയുന്നത്; സഭയെ മാതാവായി കാണാത്തവര്‍ക്ക് ദൈവത്തെ പിതാവായി അംഗീകരിക്കാനാവില്ല എന്നാണ്. സഭക്ക് മാതൃതുല്യമായ സ്‌നേഹവും വാത്സല്യവും കൈമുതലാണ്. എന്നിരുന്നാലും മക്കള്‍ക്കു ഗുരുനാഥയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും അച്ചടക്കവും പകര്‍ന്നു നല്‌കേണ്ട ഉത്തരവാദിത്ത്വവും അവള്‍ക്കുണ്ട്. തന്മൂലം ഗുരുനാഥയോടുള്ള അനുസരണം അടിമത്തമായി ചിത്രീകരിക്കേണ്ടതില്ല. കേവലം വ്യക്തികളോടും അധികാരശ്രണിയിലുള്ളവരോടുമുള്ള ബന്ധത്തിനനുസരിച്ചല്ല നിലപാടുകളെടുക്കേണ്ടത്. സഭയെ മാതാവും ഗുരുനാഥയുമായി കാണുന്നവര്‍ക്ക് സ്‌നേഹത്തില്‍നിന്നുയര്‍കൊള്ളുന്ന അനുസരണം അനുവര്‍ത്തിക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരില്ല.
ഉപസംഹാരം
ഈ കാലഘട്ടത്തിലെ രക്തസാക്ഷിത്വം അനുസരണമാണ്. സ്‌നാപകന്റെ ശിരഛേദനത്തെ വി.ഗ്രന്ഥ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നത് രക്തസാക്ഷിത്വത്തിന്റെ നിര്‍വചനമായിട്ടാണ്. നമ്മുടെ ശിരസ് വെട്ടിമാറ്റി അവിടെ ഈശോയുടെ ശിരസ് വയ്ക്കുന്നതാണ് രക്തസാക്ഷിത്വം. എങ്കില്‍ ശിരസിന് അനുയോജ്യമായ ശരീരമാകാനുള്ള ഏകമാര്‍ഗ്ഗം അനുസരണത്തിന്റേതാണ്.സഭയെ അനുസരിക്കാതെ അനുസരിപ്പിക്കാന്‍ തത്രപെടുന്ന സഭാ സംരക്ഷകരുടെ ഉദ്ദേശ്യശുദ്ധി കാലം തെളിയിക്കട്ടെ. അനുസരണമെന്നത് അന്ധമായ അടിമത്ത്വമല്ല മറിച്ച് വിവേകപൂര്‍ണ്ണമായ വിധേയത്വമാണ്.