ജസ്റ്റിൻ ജോർജ്
ഇന്നത്തെ ചില പരിതസ്ഥിതികളുടെ പശ്ചാത്തലത്തിൽ വളരെയധികം ഉയർന്നുകേൾക്കുന്ന ഒരു വാക്കാണ് ഫ്രീ മേസൺസ്. പലരും ഈ വാക്ക് ആദ്യമായി കേൾക്കുകയാണ്. ഈ സംഘടനയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇവരുടെ ചതിക്കുഴികളിൽ ചെന്നു ചാടാതിരിക്കാൻ സഹായിക്കും.
ഇന്നത്തെ ലോകത്ത് പ്രബലമായുള്ള മൂന്ന് ആശയങ്ങളാണ് ക്രിസ്ത്യാനിറ്റി, ഇസ്ലാം, കമ്മ്യൂണിസം. ആദ്യത്തെ രണ്ടാശയങ്ങളും ദൈവത്തിൽ വിശ്വസിച്ചു കൊണ്ടാണെങ്കിൽ മൂന്നാമത്തേത് ദൈവം ഇല്ല എന്ന ആശയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഇതിന് പുറമെ നാലാമതായി പാശ്ചാത്യ ലോകത്ത് ആരംഭിച്ച ഇന്ന് വളരെ ശക്തമായ നിലയിലുള്ള ഒരാശയമാണ് ഫ്രീ മേസൺസ്, ഇവരും ദൈവം ഇല്ല ഈ ലോകം നല്ല രീതിയിൽ കൊണ്ട് നടക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വമാണ് എന്ന ചിന്തയിലാണ് മുൻപോട്ട് പോകുന്നത്. ആദ്യത്തെ മൂന്ന് സംഘടനകൾക്കും വ്യവസ്‌ഥാപിതമായ രീതിയിൽ ഉള്ള സംവിധാനങ്ങളും നിയമാവലികളും ഉണ്ടെങ്കിലും ഫ്രീ മേസൺസിന് അങ്ങനെ എന്തെങ്കിലും ഉള്ളതായി പൊതു സമൂഹത്തിൽ അറിവില്ല. പുറത്ത് ഉള്ളവർക്ക് ആകെ അറിയാവുന്നത് ഫ്രീ മേസൺസ് ലോഡ്‌ജ് എന്ന പേരിലുള്ള ഒരു കെട്ടിടത്തിൽ കുറച്ചു പേര് ഒത്തു കൂടുന്നതായി മാത്രമാണ്. ബാക്കി ഉള്ള അറിവുകളൊക്കെ ഓരോരുത്തർ പറഞ്ഞും എഴുതിയത് വായിച്ചും മാത്രമാണ് അതിനാൽ തന്നെ രേഖകൾ ചോദിച്ചാൽ കാണിക്കാൻ എന്റെ കയ്യിൽ ഇല്ല.
ഇന്ന് ലോകത്തുള്ള രാജ്യങ്ങളിൽ ഭരണം നടക്കുന്നത് മൂന്ന് തരത്തിലാണ് ഒന്നാമതായി ജനാധിപത്യം, പിന്നെയുള്ളത് ഇസ്ലാമിക ഭരണ കൂടങ്ങളും, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുമാണ്. ഇസ്ലാമിക രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകൾക്കോ, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇസ്ലാം ഉൾപ്പടെയുള്ള മറ്റു മതങ്ങൾക്കോ സ്വാതന്ത്ര്യം ഇല്ല എന്ന് മാത്രമല്ല പറ്റുമെങ്കിൽ ഇല്ലാതാക്കാനും ശ്രമിക്കും. എന്നാൽ മിക്കവാറും ജനാധിപത്യ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതിയുള്ള ഗ്രൂപ്പുകളൂം (ലിബറൽ ചിന്താഗതി ഉള്ളവർ അല്ല) കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചു നിൽക്കുന്നതായാണ് പൊതുവെ കാണാൻ കഴിയുന്നത്. ഇന്നുള്ള ജനാധിപത്യ സംവിധാനം പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ്, ഈ രാജ്യങ്ങളൊക്കെ ഒരു കാലത്ത് കത്തോലിക്കാ സഭയുടെ നേതൃത്വത്തിന്റെ ഭരണത്തിൻ കീഴിൽ ഉണ്ടായിരുന്നതാണ്, അതിനാൽ തന്നെ ഈ ഭരണ കൂടങ്ങളുടെ നിയമാവലികൾ ക്രിസ്തുവിന്റെ ആശയത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രബല ശക്തിയായ കത്തോലിക്കാ സഭയുടെ സ്വാധീനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിൽ തടുങ്ങിയ സംഘടന ആയതിനാൽ തന്നെ ഫ്രീ മേസൺസ് പൊതുവെ ഇസ്ലാമിക ആശയങ്ങളോടോ, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടോ വിയോജിച്ചു കൊണ്ട് എന്തെങ്കിലും പ്രചാരണ പരിപാടികൾ നടത്തുന്നതായി ഇതു വരെ വായിച്ചിട്ടില്ല.
ഫ്രീ മേസൺസ് ഗ്രൂപ്പ് എലൈറ്റ് കാറ്റഗറിയിൽ ഉള്ളവരുടെ ഗ്രൂപ്പായാണ് അറിയപ്പെടുന്നത്, ഇന്ന് പാശ്ചാത്യ ലോകത്തുള്ള പല കമ്പനികളുടെയും വലിയ രീതിയിൽ ഉള്ള ഷെയർ ഫ്രീ മേസൺസിന്റെ കയ്യിൽ ആണെന്നാണ് പറയപ്പെടുന്നത്. ക്രിസ്ത്യൻ, ഇസ്ലാമിക മത വിഭാഗങ്ങളിൽ ഉള്ളവരും, കമ്മ്യൂണിസ്റ്റുകളും ചിന്തിക്കുന്ന പോലെ തന്നെ തങ്ങളുടെ ബോധ്യങ്ങളിലേക്ക് ആൾക്കാരെ കൊണ്ട് വരണമെന്ന് തന്നെയാണ് ഫ്രീ മേസൺസിന്റെയും ചിന്താഗതി. ഒരു പരിധി വരെ കത്തോലിക്കാ സഭ കോടാനുകോടി രൂപ ലോകം മുഴുവനായി ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് പ്രസംഗത്തെക്കാൾ ഉപരി പ്രവർത്തിയിലൂടെ ക്രിസ്തുവിന്റെ ആശയം ഇതാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്. അതെ പോലെ തന്നെ ഫ്രീ മേസൺസും തങ്ങളുടെ ആശയ പ്രചാരണങ്ങൾക്കായി വലിയ രീതിയിൽ പണം ചിലവഴിക്കുന്നുണ്ട്, ആഗോള തലത്തിൽ സ്വതന്ത്ര ചിന്താഗതി, മനുഷ്യാവകാശം എന്ന ലേബലിൽ വലിയ രീതിയിൽ പണം ചിലവഴിച്ചു NGO കൾ വഴി നടത്തുന്ന പ്രചാരണങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാൽ കത്തോലിക്കാ സഭയുടെ മൂല്യങ്ങൾ അല്ലെങ്കിൽ ആശയങ്ങൾക്ക് വില ഇല്ലാതാക്കാനുള്ള ശ്രമം ആണെന്ന് മനസ്സിലാക്കാൻ കഴിയും.
കത്തോലിക്കാ സഭ ഏറ്റവും വലിയ തെറ്റാണ് എന്ന് കരുതുന്ന അബോർഷൻ സ്ത്രീകളുടെ അവകാശമാണ് എന്ന രീതിയിൽ NGO കൾ വഴി വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വലിയ വിഭാഗം ജനങ്ങളുടെ പിന്തുണ നേടി എടുത്തതിന് ശേഷമാണ് അവരുടെ സ്വാധീനം ഉപയോഗിച്ച് പല രാജ്യങ്ങളിലും നിയമം മൂലം അത് അനുവദനീയം ആക്കിയത്. ജനിച്ച ഉടനെ കുട്ടിയെ കൊന്നാൽ അത് കൊലപാതകവും ജനിക്കുന്നതിന് മൂന്ന് മാസം മുൻപ് കൊന്നാൽ അത് നിയമ വിധേയവും ആക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് മനസ്സിലാകുന്നില്ല. അതേ പോലെ തന്നെയുള്ള പ്രചാരണങ്ങൾക്ക് ശേഷമാണ് സ്വവർഗ ലൈംഗികത ഇപ്പോൾ പല രാജ്യങ്ങളിലും ഇന്ന് ഇന്ത്യയിലും നിയമ വിധേയമാക്കിയിരിക്കുന്നത്. ഗർഭത്തിൽ ഉള്ള കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടെങ്കിൽ അബോർഷൻ ചെയ്തു കളയണം എന്ന് അവകാശപ്പെടുന്നവർ തന്നെയാണ് ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കായി വാദിക്കുന്നത് എന്നത് വിരോധാഭാസമാണ്. അബോർഷൻ ചെയ്യുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുകയും ലൈംഗിക ന്യൂന പക്ഷങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നവർ നാളെ ടെക്‌നോളജി വികസിച്ചു ഗർഭത്തിൽ ഉള്ളത് ലൈംഗിക ന്യൂന പക്ഷത്തിൽ പെട്ട കുട്ടിയാണ് എന്ന് അറിഞ്ഞാൽ അതിനെ അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ച് തന്നെ കൊന്നു കളയുകയും ചെയ്യും. ഇതേ പോലെ തന്നെയുള്ള അവരുടെ മറ്റൊരു പ്രചാരണമാണ് പരിസ്ഥിതി വാദം, പരിസ്ഥിതി സംരക്ഷിക്കേണ്ടതാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ വലിയ രീതിയിൽ പരിസ്ഥിതി നാശം വരുത്തി കൊണ്ടിരിക്കുന്ന അർബൻ ഏരിയകളെ കുറിച്ചൊന്നും പറയാതെ പാവപെട്ട ജന വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ മാത്രമാണ് സംരക്ഷിക്കേണ്ടതായി അവർ കാണുന്നത്. ഇവരുടെ കയ്യിൽ ഉള്ള വലിയ സമ്പത്ത് ഉപയോഗിച്ച് പുരോഗമന വാദം എന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തി പൊതു ബോധം സൃഷ്ട്ടിച്ചു ജനാധിപത്യ രാജ്യങ്ങളുടെ ക്രിസ്തീയ മൂല്യങ്ങളിൽ അടിസ്ഥാനമാക്കിയ നിയമങ്ങൾ ഒന്നൊന്നായി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. അതോടൊപ്പം കത്തോലിക്കാ സഭ ഏറ്റവും പ്രധാനമായി കാണുന്ന കുടുംബ സംവിധാനങ്ങൾക്ക് വില ഇല്ലാതാക്കി ആധുനിക ജീവിത ശൈലിയിൽ ഗോത്ര മനുഷ്യരുടെ ജീവിത രീതികൾ പ്രാബല്യത്തിൽ ആക്കുകയാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.