റ
ഫാൽ ഇടപാടിനെ സംബന്ധിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം തടയുകയും പകർപ്പുകൾ പിടിച്ചെടുക്കുകയും ചെയ്ത ഫ്ളയിംഗ് സ്ക്വാഡ് നടപടി റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് ഇത്തരത്തിൽ നടപടിയുണ്ടായതെന്നും ഉത്തരവാദികളായവർക്കു കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇതേതുടർന്ന് പുസ്തകം പ്രസിദ്ധീകരിച്ചു.
റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സാമൂഹ്യപ്രവർത്തകൻ എസ്. വിജയന്റെ റഫാൽ: എ സ്കാം ദാറ്റ് റോക്ക്ഡ് ദി നേഷൻ (റഫാൽ: ഇന്ത്യയെ ഞെട്ടിച്ച കുംഭകോണം) എന്ന പുസ്തകത്തിനാണ് മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് വിലക്കേർപ്പെടുത്തിയത്.
ചെന്നൈയിൽ ചൊവ്വാഴ്ച വെകിട്ടായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. റഫാൽ ഇടപാടിനു പിന്നിലെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്ന മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു ദിനപ്പത്രത്തിന്റെ ചെയർമാനുമായ എൻ. റാമായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികൾ ചടങ്ങിനു വിലക്കേർപ്പെടുത്തുകയും പുസ്തകത്തിന്റെ പകർപ്പുകൾ പിടിച്ചെടുക്കുകയുമായിരുന്നു.
നേരത്തെ, ചെന്നൈയിലെ ഒരു സ്കൂളിൽവച്ച് ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു കമ്മീഷൻ തടഞ്ഞിരുന്നു. ഇതേതുടർന്ന് പ്രസാധകരുടെ ഓഫീസിൽ പ്രകാശനം നടത്താൻ നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്മീഷൻ പ്രതിനിധികൾ ഇരച്ചുകയറി പകർപ്പുകൾ പിടിച്ചെടുത്തത്. പുസ്തകത്തിന്റെ പ്രകാശനം വിലക്കുന്ന കൈപ്പടയിൽ എഴുതിയ ഒരു കത്തും കമ്മീഷൻ പ്രതിനിധികൾ പ്രസാധകർക്കു കൈമാറിയിരുന്നു.
എന്നാൽ വൈകുന്നേരത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. തുടർന്ന് പ്രസാധകർ ബുക്കിന്റെ എൻ. റാമിനെകൊണ്ടുതന്നെ പ്രകാശന കർമം നിർവഹിക്കുകയായിരുന്നു. പോലീസിനെ ഉപയോഗിച്ച് കമ്മീഷൻ പ്രതിനിധികൾ പിടിച്ചെടുത്ത ബുക്കിന്റെ പകർപ്പുകൾ പ്രസാധകർക്കു തിരിച്ചുനൽകി.