റവ. ഫാ. മാത്യു നടയ്ക്കല്‍
സ്‌നേഹതീരം… കരയും കടലും ഉപേക്ഷിച്ച് ഒരുപാട് ജന്മങ്ങള്‍ ഉണ്ണുകയും ഉറങ്ങുകയും ഉല്ലസിക്കുകയും ചെയ്യുന്ന തീരം. ഇത് ബന്ധങ്ങളുടെ തീരമാണ്; രക്തബന്ധങ്ങളുടെ അല്ല ആത്മബന്ധങ്ങളുടെ തീരം. സിസ്റ്റര്‍ റോസിലിന് തെരുവിന്റെ മക്കളോട് തോന്നിയ സഹാനുഭൂതിയുടെ സാക്ഷാത്കാരം. കാലത്തിന്റെ കേളിയില്‍ മനസ്സിന്റെ താളം തെറ്റിയ മാതൃഹൃദയങ്ങള്‍ക്കുവേണ്ടി സിസ്റ്റര്‍ റോസിലിന്‍ തുറന്നിട്ട ദൈവസ്‌നേഹത്തിന്റെ പൂന്തോട്ടം. സ്‌നേഹിക്കുന്നവര്‍ വേദനിപ്പിക്കുന്ന ഈ കാലഘട്ടിത്തില്‍ വേദനിക്കുന്നവരെ സ്‌നേഹിക്കുകയാണ് സ്‌നേഹതീരം. ജാതിമത, വര്‍ണ്ണവര്‍ഗ്ഗ, ദേശ ഭാഷാ ഭേദമെന്യേ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് അലഞ്ഞു തിരിയുന്ന മാനസികരോഗികളായ സഹോദരിമാരില്‍ ഈശോയുടെ മുഖം കണ്ടുകൊണ്ട് അവരെ സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൈവഹിതമാണ് സ്‌നേഹതീരത്തിന്റെ ദൗത്യം.
സ്‌നേഹതീരത്തിന്റെ ആരംഭം
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചി ചിറായിലില്‍ സി.ജെ. ജോണ്‍-ത്രേസ്യാമ്മ ദമ്പതികളുടെ ആദ്യമകളായി ജനിച്ച സിസ്റ്റര്‍ റോസിലിന്‍ ഉത്തരേന്ത്യയിലെ പിന്നോക്കഗ്രാമങ്ങളിലും ആദിവാസമേഖലകളിലും നിന്നു ലഭിച്ച മിഷന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുകയും അവിടെ വച്ച് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു അഭയകേന്ദ്രം തുടങ്ങണം എന്ന ശക്തമായ ആഗ്രഹത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും കഠിനമായ തപശ്ചര്യകളിലൂടെയും ഇതു ദൈവഹിതം തന്നെയാണെന്ന് ഉറപ്പുവരുത്തി. 2002 സെപ്റ്റംബര്‍ 20-ന് മൂന്ന് അന്തേവസികളുമായി കൊട്ടാരക്കരയ്ക്കും പുനലൂരിനും ഇടയില്‍ വിളക്കുടി എന്ന സ്ഥലത്ത് ‘സ്‌നേഹതീരം’ എന്ന കേന്ദ്രം ആരംഭിച്ചു. ആദ്യത്തെ ചെറിയ വീടും സ്ഥലവും സിസ്റ്ററിന്റെ സഹോദരങ്ങള്‍ തന്നെയാണ് വാങ്ങി നല്കിയത്. അതിനുശേഷം ഈ വലിയ ദൈവിക ദൗത്യത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള സഹോദരിമാരെ കണ്ടെത്തി കരുണയുടെ സഹോദരിമാര്‍ (സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി) എന്ന സന്ന്യാസ സമൂഹം ആരംഭിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് ഈ ദൗത്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
റവ. ഫാ. മാത്യു നടയ്ക്കല്‍
സ്‌നേഹതീരത്തിലേയ്ക്ക്
മനോവൈകല്യത്തിനു പുറമെ ശാരീരിക വൈകല്യങ്ങളാലും മറ്റ് പലവിധ രോഗങ്ങളാലും യാതന അനുഭവിക്കുന്നവരും ജനിച്ച നാടോ വീടോ തിരിച്ചറിയാന്‍ കഴിയാത്തവരുമായ സഹോദരിമാരും അമ്മമാരുമാണ് സ്‌നേഹതീരം കുടുംബാംഗങ്ങള്‍. ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മനോനിലതെറ്റി എത്തിപ്പെടുന്നവര്‍, അന്യസംസ്ഥാനക്കാര്‍, ബന്ധുക്കളാലും മറ്റും ഉപേക്ഷിക്കപ്പെടുന്നവര്‍, ഒറ്റപ്പെടലുകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്‌നേഹതീരത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, പൊലീസ്, സന്നദ്ധ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രധാനമായും നിരാലംബരും നിരാശരുമായ സഹോദരിമാരെ കണ്ടെത്തി ഇവിടെ എത്തിക്കുന്നത്. ഇവരില്‍ ചിലര്‍ സാമൂഹ്യ വിരുദ്ധരുടെ ഭാഗത്തു നിന്ന് ഗുരുതരമായ പീഡനങ്ങളും ദുരനുഭവങ്ങളും നേരിട്ടവരായിരിക്കും. അതിന്റെ ബാക്കിയെന്നവണ്ണമാണ് അവര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍. ആ അമ്മമാര്‍ക്ക് ഇവിടെ സംരക്ഷണം നല്‍കുന്നതോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നു. നാളിതുവരെ 600-ല്‍ അധികം സ്ത്രീകള്‍ക്ക് സ്‌നേഹതീരം ചികത്സയും പരിചരണവും നല്‍കി പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇന്ന് 2 ഭവനങ്ങളായി 320 അന്തേവാസികള്‍ സ്‌നേഹ പരിചരണത്തില്‍ കഴിയുന്നു. ചികത്സയ്ക്കു ശേഷം സുഖമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി സ്വന്തം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
സ്‌നേഹതീരത്തിലൂടെ
അന്തേവാസികളെ സാമൂഹിക-മാനസിക-ശാരീരിക ആരോഗ്യപരിപാലനത്തിലൂടെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ഇവിടെ. ശരിയായ സാമൂഹിക ജീവിതം നയിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇവിടെ കൃത്യമായ ദിനചര്യകളാണ് ഉള്ളത്. രാവിലെ 4 മണിക്ക് പ്രാര്‍ത്ഥനയോടെ ഒരു ദിവസം ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉപകാരികള്‍ക്കുവേണ്ടി നിരന്തരം മാധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നു. പരി. കുര്‍ബാനയില്‍ അംഗങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേരുന്നു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
സ്‌നേഹതീരത്തിന് നിലവില്‍ 2 ഭവനങ്ങളാണ് ഉള്ളത്: കൊല്ലം ജില്ലയിലെ വിളക്കുടിയിലും തിരുവനന്തപുരം ജില്ലയില്‍ കാരേറ്റ്-കല്ലറയിലും. ഇവിടെങ്ങളില്‍ ഊളംപാറ, കുതിരവട്ടം തുടങ്ങിയ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാത്ത സഹോദരിമാരെ സ്വീകരിച്ച് പരിപാലിക്കുന്നു. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇവരെ പഴയ ആരോഗ്യകരമായ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരുന്നു. ഇവരെ ഉപയോഗിച്ച് ഒരു ബാന്‍ഡ് ട്രൂപ്പ് രൂപീകരിച്ചു. പല പരിപാടികളിലും ഈ ഗ്രൂപ്പ് പങ്കെടുക്കുന്നുണ്ട്. താളം തെറ്റിയ മനസ്സുകള്‍ക്ക് സംഗീതത്തിലൂടെ താളവും ലയവും പകരുവാനുള്ള പരിശ്രമമാണ് ഇത്. പരിശുദ്ധ ദൈവമാതാവിന്റെ മാതൃസ്‌നേഹത്തിന്റെ വര്‍ണ്ണമുത്തുകള്‍ കോര്‍ത്ത് പ്രാര്‍ത്ഥനാപൂര്‍വ്വം ജപമാലകള്‍ നിര്‍മ്മിക്കുകയാണ് മറ്റൊരു സംരംഭം. ചവിട്ടി, സോപ്പ്, അഗര്‍ബത്തി തുടങ്ങിയവയുടെ നിര്‍മ്മാണവും ജൈവപച്ചക്കറിത്തോട്ട പരിപാലനവും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പെടും. കൂടാതെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും മനോനിയന്ത്രണം ശീലിക്കുവാനും വ്യായാമവും യോഗയും അഭ്യസിപ്പിക്കുന്നു. കലാ-കായിക പരിപാടികള്‍, പത്രവായന, വിനോദയാത്രകള്‍ തുടങ്ങിയവവഴി അന്തേവാസികളെ സമൂഹത്തിനൊപ്പം നടക്കാന്‍ പ്രാപ്തമാക്കുന്നു.
സ്‌നേഹതീരത്തോടപ്പം ഒന്നിക്കാം
പ്രാര്‍ത്ഥനയിലൂടെ അറിഞ്ഞ ദൈവസ്‌നേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സ്‌നേഹതീരം ഏവര്‍ക്കും അവസരമൊരുക്കുന്നു. ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് അന്തേവാസികളോട് ചേര്‍ന്ന് മനസ്സും ശരീരവും ദൈവത്തിനു സമര്‍പ്പിക്കാം.
കുഞ്ഞനുജത്തിമാര്‍ക്ക്
ഇതുകൂടാതെ ഈശോയുടെ ക്ഷമയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ ആര്‍ദ്ര ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് അവ തെരുവില്‍ അലയുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നുകൊടുക്കുവാന്‍ സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി (കരുണയുടെ സഹോദരിമാര്‍) സന്ന്യാസിനീ സമൂഹത്തിലേയ്ക്ക് സന്മനസ്സുള്ള യുവതികള്‍ക്കു കടന്നു വരാം.
എല്ലാ ദൈവസ്‌നേഹിതര്‍ക്കും
ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ജൂബിലി, ഗൃഹപ്രവേശം, ചരമവാര്‍ഷികം തുടങ്ങിയ അവസരങ്ങളില്‍ സ്‌നേഹതീരത്തില്‍ ഭക്ഷണമായും, വസ്ത്രമായും, മരുന്നായും മറ്റ് അവശ്യ സാധനങ്ങളുമായും കടന്നുചെല്ലാം. അന്തേവസികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. എന്നാല്‍ ദൈവസ്‌നേഹിതരുടെ പിന്‍തുണകൊണ്ട് ഒരു ദിവസംപോലും അത്താഴം മുടങ്ങാതെ ഈശോനാഥന്റെ കരങ്ങളില്‍ സ്‌നേഹതീരം സുരക്ഷിതമായിരിക്കുമെന്ന വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ഈ സംരംഭത്തെ നയിക്കുവാന്‍ സി. റോസിലിനുള്ള ഊര്‍ജ്ജം. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്” (മത്താ.24,40) എന്ന തിരുവചനം സി. റോസിലനെ എന്നപോലെ നമ്മെയും വെല്ലുവിളിക്കുന്നുണ്ടോ? കാതോര്‍ത്തു നോക്കാം.
സ്ഥാപനവുമായി ബന്ധപ്പെടുന്നതിന്: 9946989992 – പി.ആര്‍.ഓ, 9400215000 – ഡയറക്ടര്‍