സ്നേഹത്തിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലിയിലൂടെ സമൂഹത്തിനു സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ് സിഎൽസി അംഗങ്ങളെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്ഥാനതലത്തിലുള്ള 457-ാമത് ലോക സിഎൽസി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്നേഹത്തിൽ പ്രകാശിതമാകുന്ന പ്രവർത്തനനിരതമായ വിശ്വാസമാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിനായി ആത്മീയതയിൽ ആഴപ്പെടുകയും വിശ്വാസ ചൈതന്യത്തിൽ ഉറച്ചുനിൽക്കുകയും വേണം. ഇതുമൂലം സ്വതന്ത്രമായ മനുഷ്യജീവിതത്തിൽ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും കൈവരിക്കുവാൻ സാധിക്കുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
സംസ്ഥാന സിഎൽസി പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിഎൽസി സംസ്ഥാന ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രസംഗം നടത്തി. കത്തീഡ്രൽ വികാരി റവ.ഡോ. ആന്റു ആലപ്പാടൻ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സിഎൽസി പ്രമോട്ടർ ഫാ. ഡെയ്സണ്‍ കവലക്കാട്ട് സന്ദേശം നൽകി.
പ്രളയത്തിൽ സഹായ ഹസ്തങ്ങളായിരുന്ന ഇടവകയൂണിറ്റുകൾക്കുള്ള ഉപഹാരസമർപ്പണം നടത്തി. ദേശീയ സിഎൽസി വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സിഎൽസി രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിന്റോ പനങ്കുളം, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോൾ, രൂപത പ്രസിഡന്റ് റോഷൻ തെറ്റയിൽ, സെക്രട്ടറി ബിബിൻ പോൾ, കത്തീഡ്രൽ സിഎൽസി ഓർഗനൈസർ നെൽസണ്‍ പോളി എന്നിവർ പ്രസംഗിച്ചു. ‘ഇന്നത്തെ കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഫാ. റോയ് കണ്ണഞ്ചിറ ക്ലാസ് നയിച്ചു.
കത്തീഡ്രൽ സിഎൽസി വർക്കിംഗ് ഡയറക്ടർ ഫാ. ചാക്കോ കാട്ടുപറമ്പിൽ, ദേശീയ കൗണ്‍സിൽ അംഗങ്ങളായ വിനേഷ് കൊളേങ്ങാടൻ, റീത്ത ദാസ്, സംസ്ഥാന ഭാരവാഹികളായ ഡിൽജോ തരകൻ, ജയിംസ് പഞ്ഞിക്കാരൻ, അലീന ഫെർണാണ്ടസ്, ജിഫി ജോഷി, നോബി മേനാച്ചേരി. ഫൊറോന സിഎൽസി പ്രസിഡന്റ് അബീദ് വിൻസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫൊറോന സിഎൽസി പ്രമോട്ടർ ഫാ. ഫ്രാൻസിസ് തന്നാടൻ പതാക ഉയർത്തി.
കടപ്പാട്. ദീപിക