തമിഴ്നാട്ടിൽ കത്തോലിക്ക സ്കൂൾ അക്രമിസംഘം അടിച്ചുതകർത്തു, കന്യാസ്ത്രീകളെയും അധ്യാപകരെയും ആക്രമിച്ചു. സ്കൂളിലെ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന്റെ പേരിലാണ് ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ചിന്നസേലത്തു പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂളിനു നേരേയാണ് ആക്രമണമുണ്ടായത്. ട്രക്കുകളിൽ എത്തിയ ഇരുനൂറോളം പേർ വരുന്ന സംഘമാണു സ്കൂളിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും അധ്യാപകരെ മർദിക്കുകയും ചെയ്തത്. കംപ്യൂട്ടറുകളും പഠനോപകരണങ്ങളും നശിപ്പിച്ചു.
സ്കൂളിലെ ഒരു പത്താം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് 25ന് കല്ലാകുറിശിയിലെ ഗ്രാമത്തിലെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ പോലീസിൽ അറിയിക്കുകയും ചെയ്തു. ആത്മഹത്യക്കുറിപ്പ് ഒന്നും കണ്ടെടുത്തിരുന്നില്ല. അതേസമയം, ഫൈനൽ പരീക്ഷയിൽ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്നും ഫലം വരുന്പോൾ മാതാപിതാക്കൾ വഴക്കുപറയുമോയെന്ന പേടിയുണ്ടെന്നും വിദ്യാർഥിനി കൂട്ടുകാരിൽ ചിലരോടൊക്കെ പറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സംഭവം മറയാക്കി, മരിച്ച വിദ്യാർഥിനിയുടെ ബന്ധുക്കളെയും കൂട്ടി അക്രമിസംഘം എത്തുകയായിരുന്നെന്നു പോണ്ടിച്ചേരി- കൂഡല്ലൂർ അതിരൂപത വൃത്തങ്ങൾ അറിയിച്ചു. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ കന്യാസ്ത്രീകളെ ആക്രമിക്കാനും വസ്ത്രാക്ഷേപം നടത്താനും മുതിർന്നു. അതിരൂപതയിലെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഒാഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഒാഫ് മേരി എന്ന സന്യാസ സഭ നടത്തുന്നതാണ് സ്കൂൾ. ആക്രമണത്തെത്തുടർന്ന് നാലു കന്യാസ്ത്രീകളെയും രണ്ടു സ്കൂൾ ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു സ്കൂൾ എങ്കിലും ആക്രമണം തടയാൻ പോലീസ് കാര്യമായ നടപടികളൊന്നും എടുത്തില്ലെന്ന് അതിരൂപതയിലെ ഫാ.അർപുതരാജ് ആരോപിച്ചു. പ്രാദേശിക മാധ്യമങ്ങളിൽ പോലും വാർത്ത വന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ 30ന് സന്യാസിനി സഭയുടെ പ്രൊവിൻഷ്യൽ സിസ്റ്റർ പത്രസമ്മേളനം വിളിച്ചു സ്ഥിതിഗതികൾ വിവരിച്ചു.
മരിച്ച വിദ്യാർഥിനിയുടെ ബന്ധുക്കളെ ആർഎസ്എസ് തെറ്റിദ്ധരിപ്പിച്ചും പ്രകോപിപ്പിച്ചും സ്കൂൾ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് അവർ കുറ്റപ്പെടുത്തി. പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പ്രത്യക്ഷസമരം ആരംഭിക്കും. ഇതിനിടെ, ആർച്ച്ബിഷപ് ഇടപെട്ടു സംഭവത്തെക്കുറിച്ചു പഠിക്കാനും നടപടി സ്വീകരിക്കാനും അഭിഭാഷകരും വൈദികരുമടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച പെൺകുട്ടിയുടെ കുടുംബം ദരിദ്രർ ആയതിനാൽ സ്കൂളധികൃതർ ധനസഹായം നല്കിയിരുന്നു. കൂടുതൽ തുക വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണവും സ്കൂളിനു മുന്നിലെ ധർണയും.