ജയിംസ് കൊക്കാവയലില്‍

ഏറെ നാളുകളായി തെറ്റിദ്ധാരണകള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയമായി കൊണ്ടിരുന്ന കുര്‍ബാന പണത്തിന് ഒരു വൈദികന്റെ കൈയ്യൊഴിയലിലൂടെ 30 വെള്ളിക്കാശിന്റെ മാനം കൈവന്നിരിക്കുകയാണ്. സഭയില്‍ എന്തോ വിപ്ലവം നടന്ന മട്ടില്‍ ആളുകള്‍ ആവേശത്തോടെ ഷെയര്‍ ചെയ്യുന്നു. കുര്‍ബാന പണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഈ ആവേശത്തിന് കാരണം.

വചന അടിസ്ഥാനം

അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ ചെന്ന് കര്‍ത്താവിനൊരു ബലിപീഠം പണിയുക.
അരവ്നാ ദാവീദിനോടു പറഞ്ഞു:യജമാനനേ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിന് ഇതാ കാളകള്‍, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും.

രാജാവേ, അരവ്നാ ഇതെല്ലാം രാജാവിനു തരുന്നു. അവന്‍ തുടര്‍ന്നു: അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങില്‍ സംപ്രീതനാകട്ടെ!
ദാവീദ് അരവ്നായോടു പറഞ്ഞു: ഇല്ല, വിലയ്ക്കു മാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല. അങ്ങനെ ദാവീദ് അന്‍പതു ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി.
അവിടെ ബലിപീഠം പണിത് ദാവീദ് കര്‍ത്താവിനു ദഹനബലികളും സമാധാന ബലികളും അര്‍പ്പിച്ചു. കര്‍ത്താവ് ദാവീദിന്റെ പ്രാര്‍ഥന കേട്ടു; ഇസ്രായേലില്‍ നിന്നു മഹാമാരി വിട്ടുപോയി.
2 സാമുവല്‍ 24 : 18-25

പഴയനിയമത്തില്‍ ഇനിയും ഉദാഹരണങ്ങള്‍ കാണാം. കര്‍ത്താവിന് ചെലവില്ലാത്ത ബലിയര്‍പ്പിച്ച കായേനെയും ചെലവുള്ള ബലിയര്‍പ്പിച്ച ആബേലിനെയും കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.


റവ. ഫാ.ജയിംസ് കൊക്കാവയലില്‍

കുര്‍ബാനപ്പണം ദൈവത്തോടുള്ള സമര്‍പ്പണം

നിങ്ങള്‍ നിങ്ങളുടെ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കോ മറ്റേതെങ്കിലും കാര്യസാധ്യത്തിനോ നിയോഗത്തിനോ വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അത് മറ്റാരുടെയെങ്കിലും ചെലവിലല്ല ചെയ്യേണ്ടത് നിങ്ങളുടെ തന്നെ ചെലവിലാണ്. കാരണം അത് നിങ്ങള്‍ ദൈവത്തോട് നടത്തുന്ന സമര്‍പ്പണമാണ്.

ദൈവത്തോടുള്ള സമര്‍പ്പണം ആണെങ്കില്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടാല്‍ പോരെ?

നേര്‍ച്ചപ്പെട്ടിയില്‍ ആളുകളില്‍നിന്ന് പണം നിക്ഷേപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട് ഇത് പള്ളിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടാണ് ചെലവഴിക്കുന്നത്. ഇതുപോലെതന്നെ പാവങ്ങളെ സഹായിക്കുന്നതിനുവേണ്ടി സഭ സംഭാവനകള്‍ സ്വീകരിക്കുകയും സമ്പത്തും മനുഷ്യവിഭവശേഷിയും ഉപവി അഥവാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വന്‍തോതില്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സഭയ്ക്ക് ഉപവി പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ഉള്ളത് മറ്റ് പല പ്രവര്‍ത്തനങ്ങളും ഉണ്ട്. ഈ എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ ഓരോ തരത്തിലുള്ള വരുമാനം ഓരോ ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. അതില്‍ കുര്‍ബാനപ്പണം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികരുടെ ഉപജീവനത്തിന് വേണ്ടിയുള്ളതാണ്. ‘സുവിശേഷപ്രഘോഷകര്‍ സുവിശേഷംകൊണ്ടുതന്നെ ഉപജീവനംകഴിക്കണമെന്നു കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു.
(1 കോറിന്തോസ് 9 : 14)’ എന്ന വചനമാണ് ഇതിനെ ഉപോത്ബലകം.

തിരുത്തേണ്ട തെറ്റിദ്ധാരണകള്‍?

ഒരു ഇടവകയില്‍, ആളുകള്‍ നോക്കുമ്പോള്‍ വികാരിയച്ചന് ഒരു ദിവസം തന്നെ ധാരാളം കുര്‍ബാന പണം കിട്ടുന്നു. ഇത് മുഴുവന്‍ വാങ്ങിയിട്ട് ഒരു കുര്‍ബാന ചെല്ലുന്നു. എന്ത് വരുമാനം ആയിരിക്കും! ഇത് ഒരു തെറ്റിദ്ധാരണയാണ്. ഒരു കുര്‍ബാനയ്ക്ക് ഒരു നിയോഗം അഥവാ ഒരാളില്‍ നിന്ന് ലഭിച്ച ഒരു കുര്‍ബാന പണം (നിലവില്‍ 100 രൂപ) മാത്രമേ പാടുള്ളൂ. ഇപ്രകാരം ഒരു മാസം ഒരു വൈദീകന് ഏകദേശം 25 കുര്‍ബാനയാണ് ചെല്ലാന്‍ സാധിക്കുന്നത് ബാക്കി – വികാരി കുര്‍ബാന, വൈദികരുടെ മെഡിക്കല്‍ ഫണ്ടിലേക്ക് സംഭാവനയായി ഉള്ള കുര്‍ബാന, മരണമടഞ്ഞ വൈദികര്‍ക്ക് വേണ്ടിയുള്ള കുര്‍ബാന, – തുടങ്ങിയവയാണ് ഓരോ മാസവും ഇതില്‍ കൂടുതല്‍ കിട്ടുന്ന കുര്‍ബാന പണവും ഓരോ ദിവസവും ഒന്നില്‍കൂടുതല്‍ ചെല്ലുന്ന കുര്‍ബാനയുടെ പണവും രൂപതാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണം. ഇത് ഇടവകകള്‍ ഇല്ലാത്ത വൈദികര്‍ക്കും മിഷന്‍ പ്രദേശങ്ങളില്‍ കുര്‍ബാന പണം കിട്ടാത്ത വൈദികര്‍ക്കും നല്‍കാന്‍ വേണ്ടിയുള്ളതാണ് ഇതുകൂടി സാമ്പത്തികം ഉള്ള പള്ളിയുടെ (അവിടെയാണല്ലോ കൂടുതല്‍ കുര്‍ബാന പണം കിട്ടുന്നത്) നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടാല്‍ ബാക്കി പാവപ്പെട്ട പള്ളികളും അവിടുത്തെ വൈദീകരും എന്ത് ചെയ്യും.

വിശ്വാസികളില്‍നിന്ന് കുര്‍ബാന പണം സ്വീകരിക്കണമെന്നും അതുകൊണ്ട് ദരിദ്രമായ സംവിധാനങ്ങളെ സഹായിക്കണമെന്നും സഭാനിയമം തന്നെ അനുശാസിക്കുന്നുണ്ട്. സഭാ നിയമപ്രകാരം വൈദീകര്‍ വളരെ ഗൗരവത്തോടെ കൃത്യതയോടും കൂടിയാണ് കുര്‍ബാന പണം കൈകാര്യം ചെയ്യേണ്ടത്.ഒരെണ്ണം പോലും മറന്നു പോകാന്‍ പാടില്ല അത് ഉത്തരിപ്പ് കടമായി അവശേഷിക്കുന്നു. അതിനാല്‍ ഒരു വൈദീകന്‍ പെട്ടെന്ന് മരണമടഞ്ഞാല്‍ ആദ്യംതന്നെ രൂപതയില്‍ നോക്കുന്നത് എത്ര കുര്‍ബാന നിയോഗം ബാക്കിയുണ്ടെന്നാണ്. ഇത്ര ഗൗരവത്തോടെ ലക്ഷക്കണക്കിന് വൈദീകര്‍ കത്തോലിക്കാസഭയില്‍ കൈകാര്യം ചെയ്യുന്ന ഒരു സംവിധാനത്തെ ചീപ്പ് പോപ്പുലാരിറ്റി ക്ക് വേണ്ടി ചിലര്‍ ദുരുപയോഗപ്പെടുത്തുന്നതും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വേദനയോടെ മാത്രമേ നോക്കി നില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.