മൊറോക്കോ: മൊറോക്കോയിലെ വളരെ ശുഷ്‌കമായ കത്തോലിക്കാ സമൂഹത്തിനുവേണ്ടി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച സംസാരിക്കുകയായിരുന്നു മാര്‍പാപ്പ 1985 വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ മൊറോക്കോയില്‍ ബലിയര്‍പ്പണം നടത്തുന്നത്. ധൂര്‍ത്ത പുത്രനെ കുറിച്ചും പിതാവിനെ അനന്തമായ കരുണയെ കുറിച്ചുമാണ് മാര്‍പാപ്പ ദിവ്യബലി മധ്യേ പ്രസംഗിച്ചത്.

മകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന പിതാവ് അവന്‍ തിരികെയെത്തിയപ്പോള്‍ ഓടി അവന്റെ അരുകില്‍ ചെന്ന് സ്വയം മറന്ന് ആശ്ലേഷിക്കുകയായിരുന്നു. അവന്റെ തിരിച്ചുവരവ് ഒരു ആഘോഷമാക്കാന്‍ ഉത്തരവിടുകയും പ്രിയപ്പെട്ടവരെയൊക്കെ വിളിച്ചുകൂട്ടുകയും ചെയ്തു. എന്നാല്‍ തന്റെ സഹോദരന്റെ തിരിച്ചുവരവില്‍ പിതാവ് ഇത്രയധികം സന്തോഷിക്കുന്നതില്‍ രോഷാകുലനാവുകയായിരുന്നു മൂത്തപുത്രന്‍. തന്റെ സഹോദരന്‍ മടങ്ങിയെത്തിയതില്‍ അസംതൃപ്തനുമായിരുന്നു ആ പിതാവിന്റെ മൂത്ത മകന്‍. ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന മൂത്തമകനെ അനുനയിപ്പിക്കാന്‍ വളരെയധികം ആ പിതാവ് ശ്രമിച്ചു. എന്നിട്ടും പിതാവിന്റെ മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല എന്നതാണ് മറ്റൊരു വസ്തുത.

ഇവിടെ മകനുവേണ്ടി കാത്തിരുന്ന് അവന്റെ മടങ്ങിവരവില്‍ ആവേശഭരിതനായ പിതാവിന്റെ മാനോഭാവം സ്വീകരിക്കണമെന്നാണ് പാപ്പ ആഹ്വാനം ചെയ്തത്. തെറ്റുകള്‍ പൊറുക്കുകയും കരുണയോടെ ആ മകനെ സ്വീകരിക്കുകയുമായിരുന്നു ആ പിതാവ് ചെയ്തത്. എന്നാല്‍ സഹോദരന്റെ മടങ്ങിവരവില്‍ ഒട്ടും തൃപിതിയില്ലാതെ, പിതാവിന്റെ അമിതാവേശത്തെ കുറ്റപ്പെടുത്തിയ, ആ മനസ്സ് കാണാത്ത മൂത്തമകന്റെ മനോഭാവം നാം വെടിയണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇന്ന് നാം ഈ സമൂഹത്തിലും സംഘടനകളിലും ഒരു പക്ഷേ നമ്മളില്‍ തന്നെ കാണുന്ന മനോഭാവമാണിത്. സഹോദര്യമുള്ള, സ്നേഹമുള്ള സമൂഹം കെട്ടിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ നമ്മുടെ മനോഭാവവും ഇങ്ങനെയാണ്.

ഒരുപക്ഷേ ഓരോരുത്തര്‍ക്കും ഓരോ സാഹചര്യമായിരിക്കാം. എങ്കിലും ഒന്നോര്‍ക്കുക, ശത്രുതക്കും വെറുപ്പിനും വേര്‍തിരിവുകള്‍ക്കുമൊക്കെ ഒരുവന്റെ ഹൃദയത്തെ കൊല്ലാന്‍ മാത്രമേ കഴിയുകയുള്ളു. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണെന്ന് ആ പിതാവ് മുത്ത മകനോട് പറഞ്ഞപ്പോള്‍ അത് ആ പിതാവിന്റെ സ്നേഹവും പരിഗണനയുമാണെന്ന് തന്റെ ഉള്ളിലെ വിദ്വേഷം മൂലം ആ മകന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ ആ മകന്‍ സ്വന്തം ഹൃദയത്തെ നശിപ്പിക്കുകയായിരുന്നു. ഇതുപോലെ ചില തിരിച്ചറിവുകളുടെ അഭാവമാണ് നമ്മുടെ ഇടയിലും ശത്രുത വളര്‍ത്തുന്നത്. നമ്മുടെ ദൗത്യവും വ്യക്തിത്വവും നിയമപരമായോ സ്വമേധേയോ വര്‍ഗ്ഗീയമായോ രൂപപ്പെടുന്നതല്ല, മറിച്ച് അങ്ങയുടെ രാജ്യം വരണമേ എന്ന യാചനയില്‍ നിന്നും രൂപപ്പെടുന്നതാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ എന്റെ പ്രിയപ്പെട്ടവരെ ഈ നാട്ടില്‍ കരുണയുടെ വചനം പ്രഘോഷിക്കുന്നതിന് നിങ്ങള്‍ വഴിയൊരുക്കുന്നതില്‍ നിങ്ങളോട് വലിയ നന്ദിയുണ്ട്. അങ്ങനെ കത്തോലിക്കരെന്നോ മുസ്ലീംങ്ങളെന്നോ വ്യത്യസാമില്ലാതെ ഇനിയും കരുണയില്‍ വളരണം. മറ്റുള്ളവരുടെ വ്യത്യസ്തതകളില്‍ നോക്കാതെ അവരുടെ കണ്ണുകളില്‍ തെളിയുന്ന സഹനങ്ങളെ കാണാന്‍ കഴിയുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. അങ്ങനെ ആലിംഗനം ചെയ്യുന്ന ദൈവസ്നേഹത്തിന്റെ അടയാളങ്ങളായി മാറാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു.