വിശ്വാസികളെ എല്ലാവരുടെയും അയൽക്കാരാക്കാൻ ‘ഉപവിയിലെ സഭൈക്യം’ സഹായിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. മൊറോക്കോ സന്ദർശിച്ച മാർപാപ്പ ഇന്നലെ റബാത്തിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പുരോഹിതരും സന്യാസിമാരും അടക്കമുള്ളവരോടു സംസാരിക്കുകയായിരുന്നു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ മൊറോക്കോയിൽ ക്രൈസ്തവർ നാമമാത്രമേയുള്ളൂവെന്നു മാർപാപ്പ സമ്മതിച്ചു. എന്നാൽ, ഇതൊരു പ്രശ്നമല്ല. വലിയ അളവിലുള്ള മാവു പുളിപ്പിക്കാൻ അല്പം ഈസ്റ്റ് മതി.
നിങ്ങൾ മാവല്ല, ഈസ്റ്റാണെന്നു പ്രത്യേകം ഓർക്കണം. കരുണ ജനിപ്പിക്കുന്നതടക്കം ജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മൊറോക്കോയിലെ അഭിഷിക്തരുടെ ദൗത്യം വിലയിരുത്തപ്പെടുക.
ഇന്നലെ ഉച്ചയ്ക്ക് റബാത്തിലെ പ്രിൻസ് മൗലയ് അബ്ദല്ല സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
ശനിയാഴ്ച മാർപാപ്പ കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റക്കാർ പാർശ്വവത്കരിക്കപ്പെട്ടവരല്ല. മറിച്ച് അവർ സഭയുടെ ഹൃദയത്തിന്റെ കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തെ മൊറോക്കോ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ വൈകിട്ട് വത്തിക്കാനിലേക്കു മടങ്ങി.