സംസ്ഥാനത്ത് ഇന്നലെ 35 പേർക്കു സൂര്യാതപമേറ്റു. എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതം സൂര്യാഘാതവും 13 പേർക്ക് സൂര്യാതപമേറ്റുള്ള പൊള്ളലും 20 പേർക്ക് ശരീരത്തിൽ ചൂടേറ്റുള്ള പാടുകളും ഉണ്ടായി. ഇന്നലെ ഞായറാഴ്ച ആയതിനാൽ ജില്ലകളിൽ നിന്നുള്ള കണക്കുകൾ കൃത്യമായി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എങ്കിലും കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് സൂര്യാതപം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ടെന്നാണു വിലയിരുത്തൽ. ആലപ്പുഴയിൽ നാലുപേർക്കും കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്കു വീതവുമാണു സൂര്യാതപത്തിൽ പൊള്ളലേറ്റത്.
ശരീരത്തിൽ പാടുകൾ രൂപപ്പെട്ടത് ആലപ്പുഴ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ അഞ്ചുപേർക്ക് വീതവും എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവുമാണ്. മുൻകരുതൽ നടപടികൾ ഒരാഴ്ച കൂടി തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നു രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി ഉയരാൻ സാധ്യതയുണ്ടെന്നാണു സൂചന.