ന്ധകാരം തിങ്ങിനിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുന്ന നമുക്കോരോരുത്തർക്കും പ്രത്യാശയും ആശ്വാസവും പകരുന്ന ഒരു വചന ഭാഗമാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. നോമ്പിന്റെ ഇരുപത്തിയെട്ടാം ദിവസമായ ഇന്ന് ഇരുൾ വീണ നമ്മുടെ ജീവിത പാതയിൽ എപ്രകാരമാണ് ആ പ്രകാശം അനുഭവിക്കുവാൻ സാധിക്കുന്നതെന്ന് ഈശോ നമ്മോടു വ്യക്തമായി പറയുന്നു ‘എന്നെ അനുഗമിക്കുക’ എന്ന്. ഈശോയെ അനുഗമിക്കുക എന്നത് അത്ര എളുപ്പമല്ല. “എന്നെ അനുഗമിക്കുവാനാഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്തു കൊണ്ട് എന്റെ പിന്നാലെ വരുവിൻ” എന്നാണ് അവിടുന്ന് നമ്മോടു പറഞ്ഞിരിക്കുന്നത്. നമുക്കൊന്ന് വിചിന്തനം ചെയ്യാം തന്നെതന്നെ പരിത്യജിക്കുവാനും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കുവാനും നാം ശ്രമിക്കാറുണ്ടോ? അതിനു കഴിഞ്ഞാൽ മാത്രമേ വഴിയും സത്യവും ജീവനുമായ ഈശോയെ അനുഗമിക്കുവാൻ നമുക്ക് സാധിക്കു, അപ്രകാരം ഇരുൾ നിറഞ്ഞ ജീവിതപാതയിൽ ലോകത്തിന്റെ പ്രകാശമായ ഈശോയെ മുറുകെ പിടിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കു ചരിച്ചു കൊണ്ട് നല്ല ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ