റവ. സി. ജോസിറ്റ സി.എം.സി.

മനസ്സില്‍ മതിലുകള്‍ പണിയാതെ മതവും സാഹിത്യവും സംസ്‌കാരവുമെല്ലാം മനുഷ്യന്റെ സമഗ്രതയെ കോര്‍ത്തിണക്കുന്നതിനായി ഉപയോഗിച്ച നവോത്ഥാനശില്പിയാണ് ചാവറയച്ചന്‍. ചരിത്രത്തിന്റെ തുടര്‍ച്ചയെ സ്വാധീനിക്കാന്‍ തക്കവിധം തന്റെ ജീവിതം അപരനുവേണ്ടി അര്‍പ്പിച്ചു എന്നതാണ് ചാവറയച്ചന്റെ അനന്യതയുടെ അടിസ്ഥാനം. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ കുടുംബത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കുന്നതിലും സമൂഹത്തിന്റെ മനഃസാക്ഷിയെ രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്കു വഹിച്ചു. അതു ചാവരുളിന്റെ ഏടുകളില്‍ നമുക്ക് കാണാന്‍ സാധിക്കും.

സമൂഹത്തിന്റെ നന്മയ്ക്കും വ്യക്തിജീവിതത്തിന്റെ ഭദ്രതയ്ക്കും ആവശ്യമായ പാഠങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ ലഭ്യമാക്കണം എന്ന ബോധ്യത്തിലാണ് അദ്ദേഹം ”നല്ല അപ്പന്റെ ചാവരുള്‍” എന്ന പുസ്തകം രചിച്ചത്. നല്ല നാളെയുടെ അടിസ്ഥാനം കുടുംബങ്ങളിലാണ് കുടികൊള്ളുന്നതെന്ന് ചാവറയച്ചന്‍ നന്നായി ഗ്രഹിച്ചിരുന്നു. കുടുംബങ്ങളുടെ ക്രൈസ്തവ ദര്‍ശനം നശിക്കുന്നിടത്ത് സമൂഹത്തിന്റെ ശൈഥില്യം ആരംഭിക്കുന്നുവെന്നും മാധ്യമലോകം കുടുംബങ്ങളെ നയിക്കുന്ന ഈ ആധുനിക ലോകത്തില്‍ കുടുംബരംഗത്തു തന്നെ ശരിയും തെറ്റും ഗ്രഹിക്കാനുള്ള ശേഷി കുറയുന്നു എന്നും നാം മനസ്സിലാക്കിയിരിക്കണം. അതിനാല്‍ തന്നെ ശരികളെ ചൂണ്ടിക്കാണിക്കുവാന്‍ ചാവരുള്‍ ഇന്ന് ഏറെ പ്രസക്തമാണ്.

കുടുംബങ്ങള്‍ ആകാശ മോക്ഷത്തിനു സമമാകണം എന്ന തീവ്രമായ ആഗ്രഹത്തോടെ 1868 ഫെബ്രുവരി 18-ന്് കൈനകരിയിലെ തന്റെ ഇടവകക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി പ്രസിദ്ധീകരിച്ച ചാവരുള്‍ കുടുംബ ജീവിതത്തിന്റെയും കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെയും ഉത്തമമായ മാര്‍ഗ്ഗനിര്‍ദ്ദേശകമാണ്. ഇതോടൊപ്പം സമ്പത്തിന്റെ വിനിമയത്തിലും മാനുഷിക വ്യാപാരങ്ങളിലും പുലര്‍ത്തേണ്ട നീതിബോധത്തെക്കുറിച്ചും അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. ഈ ചെറു ഗ്രന്ഥത്തില്‍ ദൈവശാസ്ത്രം, മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ജൈവ ശാസ്ത്രം, ശിശുപരിപാലനം തുടങ്ങി വളരെ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിലൂടെ നമുക്കൊന്നു കടന്നുപോകാം.
ചാവരുളിലെ സാരോപദേശങ്ങള്‍

വിലയേറിയ ഉപദേശങ്ങള്‍ ഏറ്റവും സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയില്‍ കഥകളും ഉദാഹരണങ്ങളും സഹിതം വളരെ ലളിതമായാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അവയിലെ പ്രധാന ആശയങ്ങള്‍ താഴെ കൊടുക്കുന്നു:

കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലും ക്ഷമയിലും കഴിയണം. ഇത് ഈ ലോകത്തില്‍ സമാധാനവും പരലോകത്തില്‍ നിത്യഭാഗ്യവും നല്‍കും.

ഒരു തറവാടിന്റെ ബഹുമാനവും ഭാഗ്യവും യാതൊരു വഴക്കുമില്ലാതെ എല്ലാവരോടും സമാധാനമായിരിക്കുന്നതത്രേ.

സര്‍ക്കാര്‍/കോടതി വഴക്കുകള്‍ കുടുംബങ്ങളെ നശിപ്പിക്കുന്നു. എത്ര ന്യായമുള്ള സംഗതിയാണെങ്കിലും സര്‍ക്കാര്‍/കോടതിയില്‍ പോയതുകൊണ്ട് ഒരുവനും സന്തോഷമുണ്ടാകുകയില്ല.

ഞായറാഴ്ച അടിയന്തരങ്ങള്‍ വച്ച് കടംമുടക്കു വരുത്തുന്നത് ആത്മനാശത്തിനു കാരണമാകുന്നു. ഇത് പിശാചിന്റെ സൂത്രമാകുന്നു.

അത്യാവശ്യങ്ങള്‍ക്കല്ലാതെ പണം വായ്പ വാങ്ങരുത്. സ്‌നേഹത്തെപ്രതിയല്ലാതെ വായ്പ കൊടുക്കുകയും ചെയ്യരുത്.

പൂര്‍വ്വികരുടെ ഉത്തരിപ്പുകടങ്ങളോ കുര്‍ബാന കടങ്ങളോ ഉണ്ടെങ്കില്‍ താല്പര്യപൂര്‍വ്വം വീട്ടണം.

ആഢംബരം കാണിക്കുന്നവന്‍ വേഗത്തില്‍ ഭിക്ഷതെണ്ടി നടക്കും. പകല്‍ വിളക്കു കത്തിക്കാതിരുന്നാല്‍ രാത്രിയിലേയ്ക്ക് എണ്ണ കാണും.

ക്രമവും ദൈവപേടിയുമില്ലാത്ത തറവാടുകളോട് ബന്ധുത്വം അരുത്.

എല്ലാവിധ ആളുകളെയും വീട്ടില്‍ കയറ്റരുത്.

വീട്ടില്‍ മറ്റുള്ളവരെ കുറ്റം പറയുകയും ക്രിസ്ത്യാനിക്ക് ചേരാത്ത സംസാരങ്ങള്‍ നടത്തുകയും ചെയ്യരുത്. -നിന്റെ അന്തസ്സിന് തക്കവണ്ണം വേലയെടുക്കുക.

അന്യന്മാര്‍ക്ക് വല്ല ഉപകാരം ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ ദിവസങ്ങളുടെ കണക്കില്‍ കൂട്ടുന്നതല്ല.

അതി ധാരാളിത്വവും ലുബ്ധും, രണ്ടും തിന്മയാകുന്നു.

സൂത്രംകൊണ്ടും കളവുകൊണ്ടും ഉണ്ടാക്കപ്പെട്ട ധനം മഞ്ഞുപോലെ വേഗം ആലിഞ്ഞുപോകും.

സ്‌നേഹിതരെ സൂക്ഷിച്ചു തെരഞ്ഞെടുക്കുക. തമ്പുരാനെ സ്‌നേഹിക്കാത്തവന്‍ സത്യമായും നിന്നെയും സ്‌നേഹിക്കുകയില്ല.

മോഷണവസ്തു ഒരു നാഴിക നേരത്തേയ്‌ക്കെങ്കിലും നിന്റെ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല.

വേലക്കാര്‍ക്ക് ന്യായമുള്ള കൂലി കൊടുക്കാതിരിക്കുകയോ താമസിപ്പിക്കുകയോ ചെയ്യരത്.

ഒരു കുടുംബത്തിന്റെ പ്രധാന സമ്പത്ത് ദൈവപേടിയും ഭക്തിയും തന്നെ.

ഒരു വീട്ടില്‍ നിന്ന് ഓരാളെങ്കിലും ഒരു ദിവസം കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതാണ്.

മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരിച്ച് വി. കുര്‍ബാന സ്വീകരിക്കുക.

വിരക്തി അഥവാ അടക്കമെന്ന പുണ്യം ഗൗരവമായി സൂക്ഷിക്കുക.

എല്ലാ ഞെരുക്കങ്ങളിലും വേദനകളിലും ദൈവതിരുമനസ്സിനു സമര്‍പ്പിക്കുക.

മോശമായ പുസ്തകങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു വയ്ക്കന്നത് വൈക്കോലില്‍ തീ ഒളിപ്പിച്ചു വെയ്ക്കുന്നതിനു സമമാകുന്നു.

ഭക്തിയെ വര്‍ദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്ത്വശാസ്ത്ര പുസ്തകങ്ങളും മക്കള്‍ക്കു സമ്പാദിച്ചു വെയ്‌ക്കേണ്ട നിക്ഷേപങ്ങളാകുന്നു.

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പരി. കര്‍ബാനയ്ക്കുശേഷം (വചനം വായിക്കുക), നല്ല പുസ്തകങ്ങള്‍ വായിക്കുക, സത്കര്‍മ്മങ്ങളും രോഗീ സന്ദര്‍ശനങ്ങളും നടത്തുക തുടങ്ങിയവ ചെയ്യുക.

വേലയ്ക്കും ശുശ്രൂഷയ്ക്കും ദൈവപേടിയുള്ളവരെ നിര്‍ത്തുക.

കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.

മക്കള്‍ സര്‍വ്വേശ്വരന്‍ തമ്പുരാന്‍ സൂക്ഷിപ്പിനായിട്ടു നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്ന ഒരു നിക്ഷേപമാകുന്നു. മക്കള്‍ ചെയ്യുന്നതിനൊക്കെയും തമ്പുരാന്‍ കാരണവന്മാരോട് ചോദിക്കുമെന്ന് ഓര്‍ത്തുകൊള്ളുക.

മക്കളെ ചെറുപ്പത്തിലെ ജപങ്ങളും വിശ്വാസവും പഠിപ്പിക്കുക.

അച്ഛനമ്മമാരുടെ മുറിയില്‍ മക്കളെ കിടത്തരുത്. ആണ്‍കട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു മുറിയില്‍ കിടക്കുന്നിനും അനുവദിക്കരുത്.

സ്വഭാവത്തില്‍ അവര്‍ക്ക് അറിയത്തത് പിശാച് അവരെ പഠിപ്പിക്കും.

തിരിച്ചറിവ് ഉണ്ടായാലുടന്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ അയയ്ക്കുകയും പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും വേണം.

കുട്ടികളെ ബന്ധുവീടുകളില്‍ താമസിപ്പിക്കരുത്.

മക്കളോട് അധികസ്‌നേഹവും അധിക കോപവും തിന്മയാകുന്നു.

വൈകിട്ട് കുരിശുമണിയടിക്കുമ്പോള്‍ എല്ലാവരും വീട്ടിലുണ്ടായിരിക്കാനും പ്രാര്‍ത്ഥന ചൊല്ലി സ്തുതി കൊടുക്കാനും ശീലിക്കണം.

പെണ്‍കുട്ടികളെ നിഗളത്തിനടുത്ത ഉടുപ്പും ആഭരണങ്ങളും ഇടുവിച്ച് നടത്തുന്നത് എത്രയോ ആത്മാക്കളില്‍ നരകതീ കത്തിക്കുന്നു.

മക്കള്‍ക്ക് ജീവിതാന്തസു തെരഞ്ഞെടുക്കുന്നതില്‍ പ്രായമാകുമ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കണം. അതോടൊപ്പം വിവാഹ പ്രായമെത്തുമ്പോള്‍ പിന്നീട് താമസിപ്പിക്കുകയുമരുത്.

കാരണവന്മാര്‍ ബോധക്ഷയം വരുന്നതിനു മുമ്പ് മക്കള്‍ക്കു വസ്തു ഭാഗം ചെയ്തു കൊടുക്കുകയും അവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്യുക.

മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കാനും വേദനിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക. നാലാം പ്രമാണം ലംഘിക്കുന്നവര്‍ക്ക് ഈ ലോകത്തിലും പരലോകത്തിലും ദൈവശാപം കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ത്തുകൊള്ളുവിന്‍.

ഉപസംഹാപം

നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും വളരെ പ്രസക്തങ്ങളായ നിര്‍ദ്ദേശങ്ങളാണ് ചാവരുള്‍ നമുക്കു നല്‍ക്കുന്നത്. ഈ പുസ്തകം നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും സന്ധ്യാ പ്രാര്‍ത്ഥനയ്ക്കു ശേഷം ഇതിലെ ഓരോ ഭാഗങ്ങള്‍ വായിക്കുന്നത് കുടുംബത്തില്‍ ക്രിസ്തീയ ചൈതന്യം വളരുന്നതിനും കുട്ടികളുടെ സ്വഭാവ രൂപീകരണം നന്നായി നടക്കുന്നതിനും ഉപകാരപ്പെടും.