റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ
ആധുനിക ചങ്ങനാശേരിയുടെ ശില്പി മോൺ. കുര്യാക്കോസ് കണ്ടങ്കരിക്ക് ചരമശതാബ്ദി. ഇന്ന് ചങ്ങനാശേരിയുടെ അഭിമാനമായി തല ഉയർത്തി നിൽക്കുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടെയും ആരംഭത്തിൽ ചങ്ങനാശേരി അതിരൂപതയുടെ ആദ്യ വികാരി ജനറാൾ ആയ ഈ വൈദികന്റെ സ്പർശമുണ്ട്. കത്തീഡ്രൽ പള്ളി വികാരിയായിരുന്ന അദ്ദേഹം പാറേൽ പള്ളിയുടെ സ്ഥാപകൻ കൂടിയാണ്. നാടിന്റെ ശില്പിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് അന്നത്തെ ജനങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഒരു വൈദികന്റെ വിവരണം 1919 മാർച്ച് 24ന് ദീപിക പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ജീവിതരേഖ
ചങ്ങനാശേരി കണ്ടങ്കരി കുടുംബത്തിൽ 1852 ഓഗസ്റ്റ് 24ന് മോൺ. കണ്ടങ്കരി ജനിച്ചു. 1877ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം ചങ്ങനാശേരി പള്ളിയിൽ അസ്തേന്തിയായി നിയമിക്കപ്പെട്ടു. തുടർന്ന് മുട്ടം, കാഞ്ഞിരപ്പള്ളി, അന്പഴക്കാട്, പുത്തൻപീടിക, മാഞ്ഞൂർ, ആലപ്പുഴ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1887ൽ ചങ്ങനാശേരിയിലെ നാലാമത്തെയും ഇപ്പോഴു ള്ളതുമായ പള്ളി പുതുക്കി പണിത ഉടനെ വികാരിയായി നിയമിക്കപ്പെട്ട അദ്ദേഹം 1919 വരെ ശുശ്രൂഷ നിർവഹിച്ചു. 1908ൽ മാർ മാക്കിലിന്റെ ഭരണകാലത്തു വികാരി ജനറാളായി. അദ്ദേഹത്തിന് 1911ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു.
സ്കൂളുകൾ
മാക്കിൽ, കുര്യാളശേരി മെത്രാന്മാരുടെ റോമാ യാത്രാവേളകളിൽ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1895 മുതൽ കാൽ നൂറ്റാണ്ടു കാലത്തോളം എസ്ബി സ്കൂൾ മാനേജരായിരുന്നു.
ചങ്ങനാശേരിയിൽ മലയാളം അപ്പർ നാല്, അഞ്ച് ക്ലാസുവരെയേ പഠന സൗകര്യമുണ്ടായിരുന്നുള്ളൂ. വികാരി അപ്പസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞിന്റെ അനുമതിയോടെ 1890-ൽ ചങ്ങനാശേരിയിൽ സ്കൂൾ ആരംഭിച്ചു. അതിനു സർക്കാർ അംഗീകാരവും കിട്ടി. പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു സ്കൂളിന്റെ അംഗീകാരം മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പിതാവായിരുന്ന സുബ്രഹ്മണ്യ അയ്യർവഴി അദ്ദേഹം സാധിച്ചെടുത്തു. ആറു മാസത്തിനകം 100 വിദ്യാർഥിനികൾ ചേർന്നു. തുടർന്ന് ബിഷപ് ചാൾസ് ലവീഞ്ഞിന്റെ നിർദേശാനുസരണം സ്കൂൾ കർമലീത്താ സന്യാസിനികളെ ഏല്പിച്ചു. അങ്ങനെ ഇന്നത്തെ സെന്റ് ജോസഫ് ഹൈസ്കൂളിന് അദ്ദേഹം ജന്മം നൽകി.
റവ.ഡോ..ജോസ് കൊച്ചുപറമ്പിൽ
നാടിന്റെ മുന്നേറ്റം
1888ൽ നടന്ന ചങ്ങനാശേരി സൂനഹദോസിന്റെ മുഖ്യ സംഘാടകൻ മോൺ. കണ്ടങ്കരിയായിരുന്നു. ശൈശവ വിവാഹ നിരോധനവും ആഭരണധൂർത്തിനും, മദ്യാസക്തിക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.
കണ്ടങ്കരിയച്ചന്റെ നേതൃത്വത്തിൽ ചാൾസ് ലവീഞ്ഞിന്റെ അന്പതാം പിറന്നാളിനോടനുബന്ധിച്ചു ചങ്ങനാശേരിയിൽ സ്വീകരണം നൽകി. പിറ്റേന്ന് ഇപ്പോൾ ചങ്ങനാശേരി അതിരൂപത ഭവനം ഇരിക്കുന്ന ഇരുന്പനംകുന്ന് തകിടി കാണിച്ചുകൊടുത്തു. ഇഷ്ടമെങ്കിൽ ഈ സ്ഥലം വികാരിയാത്തിന് ആസ്ഥാനമായി വാങ്ങിച്ചുതരാമെന്നു വാഗ്ദാനം ചെയ്തു. 1890 ജനുവരി എട്ടിന് സ്ഥലമിടപാട് പൂർത്തിയായി. 1891 ഫെബ്രുവരി 21ന് റോമിന്റെ അനുവാദപ്രകാരം കോട്ടയം വികാരിയാത്തിന്റെ ആസ്ഥാനം ചങ്ങനാശേരിയിലേക്കു മാറ്റി.
കണ്ടങ്കരിയച്ചന്റെ പൈതൃക സംരക്ഷണത്തണലിൽ അങ്ങനെ മെത്രാനും സന്യാസിനികളും സ്കൂളും ബോർഡിംഗും എല്ലാം ചങ്ങനാശേരി പള്ളി അങ്കണത്തിൽ ഒരു നഴ്സറിപോലെ പരിപാലിക്കപ്പെട്ടു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പറിച്ചു നടപ്പെട്ടു വളർന്നവയാണ് ഇന്നു ചങ്ങനാശേരിയിലെ അരമനയും എസ്ബി കോളജുമെല്ലാം. ചാൾസ് ലവീഞ്ഞിന്റെ വലംകൈയായിനിന്നുകൊണ്ട് ചങ്ങനാശേരി ക്ലാര സന്യാസിനി സമൂഹം, അതോടനുബന്ധിച്ചുള്ള വി.ജെർമേൻ അഗതിമന്ദിരം, സന്യാസിനികൾക്കും പെൺകുട്ടികൾക്കും തയ്യൽ അലങ്കാരപ്പണികൾ പരിശീലനം; എല്ലാം കണ്ടങ്കരിയച്ചന്റെ സംരംഭങ്ങളായിരുന്നു.
പാറേൽപള്ളി സ്ഥാപനം
കണ്ടങ്കരിയച്ചന്റെ സഭാപരമായ പ്രവർത്തനത്തിൽ എടുത്തു പറയത്തക്ക സംഭാവനയാണ് പാറേൽ അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേള. വികാരിയാത്തിലെ എല്ലാ ഇടവകകളിൽനിന്നും പണം സമാഹരിച്ചു നിർമിച്ചതാണ് ഇത്.
പൊതുസമൂഹത്തിൽ സമുന്നതനായ മോൺ. കണ്ടങ്കരിയുടെ സമീപം നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു. കത്തനാർ ഉണ്ടായിരുന്നപ്പോൾ തങ്ങൾ ഒന്നിച്ചിരുന്നു പൊതുകാര്യങ്ങൾ ചർച്ച ചയ്തു തീരുമാനിക്കുമായിരുന്നുവെന്ന് നായർ സമുദായ നേതാവായ മന്നത്തു പദ്മനാഭൻ അനുസ്മരിക്കാറുണ്ടായിരുന്നു.
സർക്കാർ ആശുപത്രി
ചങ്ങനാശേരിയിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കാൻ 500 രൂപ കെട്ടിവച്ചാൽ അനുവദിക്കാമന്ന ഗവൺമെന്റ് നിർദേശത്തെത്തുടർന്ന് അദ്ദേഹം പൗരഗണങ്ങളുടെ യോഗം വിളിച്ചുചേർത്തു. പരപ്പനാടു രാജരാജവർമ തന്പുരാൻ 100 രൂപ സംഭാവന ചെയ്തു. കാലവിളംബമന്യേ 500 രൂപ സംഘടിപ്പിച്ച് അദ്ദേഹം ആശുപത്രി സ്ഥാപിച്ചു. തപാൽ ഓഫീസ്, മുൻസിഫ് കോടതി, ടൗൺ ഹാൾ എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമാണ്. കായികമേഖലയിൽ ചാൾസ് ലവീഞ്ഞ് ജൂബിലി മെമ്മോറിയൽ ഫുട്ബോൾ, കലാമേഖലയിൽ ഷേക്സ്പിയർ നാടകാവതരണം, സാഹിത്യമേഖലയിൽ ലിറ്റററി അസോസിയേഷൻ എന്നിവ അദ്ദേഹത്തിന്റെ പ്രതിഭാ വൈഭവത്തിന്റെ പ്രതിഫലനമാണ്. പള്ളിക്കു സമീപം ഒരു ടെക്നിക്കൽ സ്കൂൾ സ്ഥാപിച്ചു.
മോൺ. കണ്ടങ്കരിയുടെ ചരമശതാബ്ദി ആചരണം ഇന്ന് വൈകുന്നേരം 4.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.
റെഫറെൻസ്
1. ചങ്ങനാശേരി അതിരൂപത ഇന്നലെ ഇന്ന് vol. 1, 2
2. സെന്റ് ബർക്ക്മാൻസ് സ്കൂൾ, സുറിയാനി ക്രിസ്ത്യാനികളുടെ പ്രാഥമിക പദം, ചങ്ങനാശേരി, 2007, 165-339
3. ജോസഫ് കൂട്ടുമ്മേൽ , ചങ്ങനാശ്ശേരിയും ചങ്ങനാശ്ശേരി പള്ളിയും, ചങ്ങനാശേരി 1998.