ബാങ്ക് വായിപ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിന്നെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്നത് മധുരം കലര്‍ന്ന ഭീഷണിയുമായി. കാര്‍ഷിക വായ്പ മൊറട്ടോറിയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിലാണ് വായ്പ തിരിച്ചടവിനായി ബാങ്കുകളുടെ പുതുതന്ത്രം. വായ്പ എടുത്തവരുടെ വീടുകളില്‍ സൗഹൃദ സന്ദര്‍ശനമെന്ന പേരിലെത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. മൊറട്ടോറിയം ഉത്തരവ് വൈകിയാല്‍ ബാങ്കുകള്‍ വീണ്ടും ജപ്തി നോട്ടീസുകള്‍ അയക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പ്രളയാനന്തര ഇടുക്കിയില്‍ കാര്‍ഷിക വിളകള്‍ നശിച്ചതും വിലത്തകര്‍ച്ചയും നിമിത്തം വായ്പ തിരിച്ചടവ് മുടങ്ങിയ 15,000ത്തോളം പേര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ബാങ്കുകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഇതിനകം തന്നെ എട്ട് പേര്‍ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി വിളിച്ച് ചേര്‍ക്കുകയും കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയില്ല. ഈ സാഹചര്യത്തിലാണ് വായ്പ തിരിച്ച് പിടിക്കുന്നതിനുള്ള പുതുതന്ത്രം ബാങ്കുകള്‍ പയറ്റുന്നത്.