ബാഹ്യമായ മോടികളിലല്ല മറിച്ച് ആത്മീയമായ ഒരുക്കത്തിലാണ് നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്ന് നോമ്പിന്റെ ഇരുപത്തിനാലാം ദിവസമായ ഇന്ന് ഈ വചന ഭാഗത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു. ലോകസുഖങ്ങൾക്കു പിന്നാലെ നാം പരക്കം പായുമ്പോൾ ബാഹ്യമായ നമ്മുടെ ശരീരത്തിന്റെ സൗന്ദര്യം, കഴിവ്, ആരോഗ്യം ഇവക്കൊക്കെയാണ് നാം പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ ആത്മാവിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷണം കൊടുക്കുവാൻ നാം ശ്രമിക്കാറുണ്ടോ? നശ്വരമായ ഈ ലോകത്തിൽ മാത്രമാണ് ശരീരത്തിന് പ്രാധാന്യമുള്ളത്. ഈ ലോകവാസം വെടിയുമ്പോൾ നമ്മുടെ ശരിരം മണ്ണോടു ചേർന്ന് ഇല്ലാതാവുകയും നമ്മുടെ ആത്മാവ് നിത്യസൗഭാഗ്യമായ സ്വർലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നിത്യജീവനിലേക്ക് പ്രവേശിക്കുമ്പോൾ ആത്മാവ് എത്രമാത്രം പൂർണത നേടി എന്നതിനാണു പ്രാധാന്യം എന്നു മനസ്സിലാക്കി ഈ ലോകത്തിൽ നാം ആയിരിക്കുന്ന ചുരുങ്ങിയകാലം കൂദാശകളിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മുടെ ആത്മാവിനെ ഒരുക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ