ഒറ്റ രാത്രികൊണ്ട് മാറി മറിഞ്ഞത് ഗോവ നിയമസഭയില്‍ ബിജെപി അംഗസംഖ്യ. ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എ മാരാണ് ഇന്നലെ അര്‍ദ്ധരാത്രി ബിജെപിയിലെത്തിയത്. ഇതോടെ ബിജെപി അംഗസംഗ്യ 12 ല്‍ നിന്ന് 14 ആയി. രണ്ട് എംഎല്‍എ മാര്‍ കൂടി എത്തിയതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും അംഗസംഖ്യ തുല്യമായി. എംഎല്‍എ മാരായ മനോഹര്‍ അജ്ഗോന്‍കര്‍, ദീപക് പവാസ്‌കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്പീക്കറെ സന്ദര്‍ശിച്ച് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ചത്. നാടകീയ നീക്കത്തോടെ എംജിപിയുടെ അവശേഷിക്കുന്ന ഏക എം എല്‍ എ സുധിന്‍ ദവാലിക്കറിന് ഉപമുഖ്യമന്ത്രി പദം നഷ്ടമായേക്കും.

ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്ന് സുദിന്‍ ദവാലികര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദവാലികര്‍ക്ക് ഉപമുഖ്യമന്ത്രിപദം ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ടാഴ്ച തികയും മുമ്പേ അതേ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരെ സ്വന്തം ക്യാമ്പിലെത്തിച്ചാണ് ബിജെപി ദവാലികര്‍ക്ക് വിലപേശലിനുള്ള മറുപടി നല്‍കിയിരിക്കുന്നത്.