മനോരമയ്ക്ക് ഏറ്റവുമധികം വരിക്കാരുള്ള, വരുമാനം നേടിക്കൊടുക്കുന്ന കത്തോലിക്ക സമൂഹത്തെ ഇകഴ്ത്തുന്ന വിധത്തിലുള്ള മാധ്യമ സമീപനങ്ങള്‍ മനോരമയില്‍നിന്നു പലപ്പോഴായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളിലൊന്നും കത്തോലിക്ക സമൂഹം മനോരമയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഈ പ്രവണത അന്ത്യത്താഴചിത്രത്തെ വികലമാക്കി അവതരിപ്പിച്ച സംഭവത്തോടെ അതിന്റെ എല്ലാ സീമകളും ലംഘിച്ചു. വളരെ ആലോചിച്ചും ചര്‍ച്ച ചെയ്തും പലവട്ടം പരിശോധന നടത്തിയും മാസത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിനില്‍ ഇങ്ങനെയൊരു അവഹേളനം കടന്നുകൂടിയത് അബദ്ധവശാല്‍ അല്ലെന്നു അന്നു തന്നെ പകല്‍ പോലെ വ്യക്തമായിരുന്നു. വിശ്വാസികളുടെ വേദന അതിരുകടന്നതോടെ കത്തോലിക്ക സമൂഹം മനോരമയ്‌ക്കെതിരേ പരസ്യമായി പ്രതിഷേധിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ഇതുകൊണ്ടെങ്കിലും കത്തോലിക്ക വിശ്വാസത്തെയും സംവിധാനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പ്രവണതയില്‍നിന്നു ഈ പത്രം പിന്മാറുമെന്നാണ് കരുതിയിരുന്നെങ്കിലും അങ്ങനെയൊരു മര്യാദ ഈ മാധ്യമസ്ഥാപനത്തില്‍നിന്നു കത്തോലിക്കാ സമൂഹത്തിനു ഇനിയും ലഭിച്ചിട്ടില്ല.
സഭയിലെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ പര്‍വതീകരിക്കാനും അതുവഴി സഭയുടെ വിശ്വാസങ്ങളെയും വൈദികരെയും സന്യസ്തരെയുമൊക്കെ അപമാനിക്കാനും അവഹേളിക്കാനും ഇവര്‍ ഇപ്പോഴും മുന്‍പന്തിയിലുണ്ടെന്നതു കത്തോലിക്ക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വരിസംഖ്യയിലൂടെയും പരസ്യത്തിലൂടെയും കത്തോലിക്കര്‍ നല്‍കുന്ന ശതകോടികള്‍ കീശയിലാക്കിയാണ് ഈ മാധ്യമസ്ഥാപനം ഇന്നത്തെ നിലയിലേക്കു പടര്‍ന്നു പന്തലിച്ചതെന്ന കാര്യം അവര്‍ വിസ്മരിച്ചെങ്കിലും കേരളത്തിലെ കത്തോലിക്ക സമൂഹത്തിന് അതു മറക്കാനാവില്ല.
തങ്ങളുടെ ഓണ്‍ലൈന്‍ പത്രത്തിലൂടെയും ചാനലിലൂടെയും മര്യാദയുടെ എല്ലാ പരിധിയും ലംഘിക്കുന്ന ആക്രമണമാണ് മനോരമ കത്തോലിക്ക സഭയ്‌ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നത്. വീണുകിട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മറയാക്കി സഭയെ അവഹേളിക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റിക്കൊണ്ടിരിക്കന്നത്. ദിനപത്രവും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒട്ടും പിന്നിലല്ല എന്നതാണ് സത്യം. കത്തോലിക്ക സമൂഹത്തിന്റെ കാശു വാങ്ങുകയും അതേസമയം ആ സമൂഹത്തെ ഇകഴ്ത്തുകയും ചെയ്യുന്ന സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
1. മറിയക്കുട്ടി കൊലക്കേസ്
മറിയക്കുട്ടി കൊലക്കേസില്‍ ഫാ. ഓണംകുളത്തിനെതിരെ വ്യാജ ആരോപണങ്ങളുമായി ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നപ്പോള്‍ മനോരമ ആ വാര്‍ത്ത ഒന്നാം പേജില്‍ പല ദിവസങ്ങളായി ആഘോഷിച്ചു. പതിവായി കത്തോലിക്ക സഭയ്‌ക്കെതിരേ വാര്‍ത്തകള്‍ കൊടുക്കാന്‍ താത്പര്യപ്പെടുന്ന മാധ്യമങ്ങളേക്കാള്‍ ആവേശവും ഉത്സാഹവുമാണ് ഇക്കാര്യത്തില്‍ മനോരമ പ്രകടിപ്പിച്ചത്. എന്നാല്‍, വൈദികന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ ആ വാര്‍ത്ത മനോരമയുടെ ഉള്‍പേജില്‍ എവിടെയോ അപ്രധാന വാര്‍ത്ത മാത്രമായി.
2. ക്രിസ്മസ്, ഈസ്റ്റര്‍, ദുഃഖവെള്ളി
ക്രൈസ്തവ സമൂഹത്തിന്റെ ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളുടെ ആത്മീയത ചോര്‍ത്തുന്ന തരത്തിലുള്ള സമീപനമാണ് അടുത്ത കാലത്തു മനോരമ പ്രകടിപ്പിച്ചിട്ടുള്ളത്. ക്രൈസ്തവ പ്രതീകങ്ങളെ പത്രത്തില്‍ കൊടുക്കുന്നതു വലിയ അപരാധമാണെന്ന മട്ടില്‍ നിലപാടു സ്വീകരിച്ച മനോരമ എന്നാല്‍ ഇതരമതവിഭാഗങ്ങളുടെ കാര്യത്തില്‍ ഈ സമീപനമല്ല പുലര്‍ത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ക്രിസ്മസ് ദിനത്തില്‍ മനോരമയുടെ ഒന്നാം പേജ് അലങ്കരിച്ചത് കൊച്ചിയിലെ അപ്പോളോ ടവറിനു മുന്നില്‍ ഉയര്‍ത്തിയ ഭീമന്‍ നക്ഷത്രമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഓശാന ഞായര്‍ ദിനം മനോരമ കോട്ടയം എഡിഷന്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കൊടുത്തത് ഒരാള്‍ തെങ്ങില്‍ ഓല വെട്ടാന്‍ കയറുന്നതിന്റെ ചിത്രമായിരുന്നു. ഇത് ഓശാനയുടെ സന്ദേശം പങ്കുവയ്ക്കുകയാണോ അപമാനിക്കുകയാണോ ചെയ്യുന്നത്???
ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന ദുഃഖവെള്ളി ദിനം പ്രവൃത്തി ദിനമാക്കിയതും മലയാളികള്‍ മറന്നിട്ടില്ല. ഇതര പത്രമാനേജ്‌മെന്റുകള്‍ പോലും ഈ ദിനം അവധി നല്‍കി വന്നിരുന്നപ്പോഴായിരുന്നു മനോരമയുടെ ഈ അമിത ആവേശം. ദുഃഖവെള്ളിയുടെ പ്രാധാന്യത്തെ കുറച്ചുകാണിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാവൂ. മറ്റു ചില മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് അവധി നല്‍കാനാണ് ദുഃഖവെള്ളിയുടെ അവധി ഇല്ലാതാക്കിയതെന്നാണ് അന്നു പറഞ്ഞുകേട്ട വിവരം. ആര്‍ക്കും അവധി നല്‍കുന്നതില്‍ തെറ്റില്ല, പക്ഷേ, അതിനു പകരം ഇല്ലാതാക്കാന്‍ ദുഃഖവെള്ളിയുടെ അവധി മാത്രമേ ഉണ്ടായിരുന്നുള്ളൂ?
3. വത്തിക്കാന്‍ വാര്‍ത്തകള്‍
വത്തിക്കാനില്‍നിന്നു വരുന്ന വാര്‍ത്തകളില്‍ കത്തോലിക്ക സഭയെ ഇകഴ്ത്താന്‍ കിട്ടുന്ന ഒന്നും മനോരമ ആഘോഷിക്കാതെ വിടുന്നതായി കണ്ടിട്ടില്ല. കത്തോലിക്കസഭയെ എതിര്‍ക്കുന്ന പത്രങ്ങള്‍ പോലും അവഗണിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മനോരമ വലിയ പ്രാധാന്യത്തില്‍ പൊലിപ്പിക്കും. ആരെ പ്രീണിപ്പിക്കാനാണിത്???വത്തിക്കാനിലെ പല നല്ല വാര്‍ത്തകളും തമസ്‌കരിക്കുന്ന മനോരമ ഫ്രാന്‍സിസ് മാര്‍പാപ്പാ ചുവട് ഇടറി വീണപ്പോള്‍ ഒന്നാം പേജിലാണ് ആഘോഷിച്ചത്.
4. ന്യൂനപക്ഷാവകാശം
വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തു ന്യൂനപക്ഷപ്രശ്‌നങ്ങള്‍ കത്തിനിന്നപ്പോള്‍ കത്തോലിക്ക സഭ ഒന്നാകെ കോട്ടയത്ത് വന്‍ ന്യൂനപക്ഷാവകാശ റാലി സംഘടിപ്പിച്ചു. പതിനായിരിക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത സംഗമമായിരുന്നു ഇത്. എന്നാല്‍, പിറ്റേന്ന് ഇറങ്ങിയ മനോരമയുടെ ഒന്നാം പേജില്‍ എവിടെയും ഈ ജനക്കൂട്ടത്തിന് ഇടം കിട്ടിയില്ല. സര്‍ക്കാരിനെതിരെ നടന്ന സമരമായിരുന്നിട്ടുപോലും മനോരമ അവഗണിച്ചു എന്നതാണ് ഞെട്ടിച്ചത്. എന്നാല്‍, ഇതര പത്രങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. മനോരമയെ അകമഴിഞ്ഞു പിന്തുണച്ചിരുന്ന കത്തോലിക്കര്‍ക്ക് മുഖമടച്ചു കിട്ടിയ അടിയായിരുന്നു ഇത്. പ്രതിഷേധം ശക്തമാണെന്നു മനസിലാക്കിയ മനോരമ രണ്ടാം ദിനം റാലിയുടെ പടം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു ചടങ്ങുതീര്‍ത്തു.
5. അഭയകേസ് റിപ്പോര്‍ട്ടിംഗ്
അഭയകേസ് റിപ്പോര്‍ട്ടിംഗില്‍ സഭയെ താറടിക്കാന്‍ ഇതര ക്രൈസ്തവ വിരുദ്ധ മാധ്യമങ്ങള്‍ക്കൊപ്പം മനോരമ മത്സരിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനും കുറ്റക്കാരനെ ശിക്ഷിക്കുന്നതിനും കത്തോലിക്ക സഭ എതിരല്ല, എന്നാല്‍, ഏതോ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച, യാതൊരു അടിസ്ഥാനവുമില്ലാത്ത നിറംപിടിപ്പിച്ച കഥകള്‍ ഒന്നാം പേജില്‍ ഉള്‍പ്പെടെ മനോരമ ആഘോഷിച്ചു. വൈദികരെയും സന്യസ്തരെയും താറടിക്കുന്ന ഇത്തരം കഥകള്‍ തങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരണത്തിനു നല്‍കിയിട്ടില്ലെന്നാണ് പിന്നീടു സിബിഐ തന്നെ കോടതിയില്‍ പറഞ്ഞത്. പിന്നെ എവിടെനിന്നാണ് മനോരമയ്ക്ക് ഇത്തരം മഞ്ഞപത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന കഥകള്‍ പ്രസിദ്ധീകരണത്തിനു കിട്ടിയതെന്നു വ്യക്തമല്ല. സഭയെ താറടിക്കാന്‍ കിട്ടിയ അവസരം പരമാവധി മുതലാക്കി എന്നതാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.
6.വിശ്വാസത്തിനു വെല്ലുവിളി
തങ്ങളുടെ കുടുംബത്തിനു ഹിതകരമല്ലാത്തതൊന്നും മനോരമയിലൂടെ വരില്ലെന്ന വിശ്വാസത്തിലാണ് കത്തോലിക്ക കുടുംബങ്ങള്‍ ഉള്‍പ്പെടെ മനോരമ വീട്ടില്‍ വരുത്തുന്നത്. എന്നാല്‍, അടുത്ത കാലത്തായി കുട്ടികളെ ഉള്‍പ്പെടെ തെറ്റായ മൂല്യങ്ങളിലേക്കു നയിക്കുന്ന പലതും മനോരമ പ്രസിദ്ധീകരണങ്ങളിലൂടെ കടന്നുവരുന്നു.
സാത്താനിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരില്‍ വത്തിക്കാന്‍തന്നെ മുന്നറിപ്പ് നല്‍കിയിട്ടുള്ളതാണ് അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് മനോരമ അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങളെക്കുറിച്ചു മുഴുനീളെ ഫീച്ചര്‍ പ്രസിദ്ധീകരിച്ചു വിശ്വാസികളെ ഞെട്ടിച്ചു. നമ്മുടെ നാട്ടിലുള്ള കുട്ടികളെയും ഇത്തരം സാത്താനികമായ ആശയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക രീതിയിലായിരുന്നു അവതരണം. സാത്താനിക വേഷം ധരിച്ച പെണ്‍കുട്ടിയെ മോഡലാക്കി ഇതില്‍ അവതരിപ്പിക്കുകയും ചെയ്തു.
7.വൈദികരും സന്യസ്തരും
ചുരുക്കും ചില വൈദികരുടെയും സന്യസ്തരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകളെയോ കുറ്റങ്ങളെയോ കത്തോലിക്ക സഭയെ മുഴുവന്‍ താറടിക്കാന്‍ ഉപയോഗിക്കുന്നതു മനോരമയുടെ ഒരു രീതിയായി മാറിയിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തകര്‍ക്കമില്ല. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കു കത്തോലിക്ക വിരുദ്ധ മാധ്യമങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ഒന്നാം പേജില്‍ ആഘോഷിക്കുന്നതു നല്ല ഉദ്ദേശ്യത്തോടെയല്ലെന്നു പകല്‍പോലെ വ്യക്തം. വൈദികരെ കരുവാക്കി സഭയെ താറടിക്കാനുള്ള ത്വരയാണ് ഈ അമിതാവേശത്തില്‍ നിഴലിക്കുന്നത്.
കൊച്ചിയില്‍ കത്തോലിക്ക വൈദികനെതിരെ കോടതിവിധിയുണ്ടായപ്പോള്‍ ഒന്നാം പേജില്‍ അമിത പ്രാധാന്യത്തോടെയാണു മനോരമ കൊണ്ടാടിയത്. സഭയെ നിശിതമായി വിമര്‍ശിക്കുകയും ആരോപണമുന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍പോലും മാന്യമായ രീതിയിലാണ് ഈ വാര്‍ത്തയെ കൈകാര്യംചെയ്തത്. കത്തോലിക്ക വൈദികരുടെ പിഴവുകള്‍ മാത്രമേ മനോരമയില്‍ ഇങ്ങനെ ആഘോഷിക്കപ്പെടുന്നുള്ളൂ എന്നതാണ് വിചിത്രം. എല്ലാ മതത്തിലുംപെട്ട ആത്മീയ നേതാക്കളില്‍ ചിലര്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടാറുണ്ട്. എന്നാല്‍, അവരുടെയൊന്നും വാര്‍ത്തകള്‍ മനോരമയുടെ ഒന്നാം പേജില്‍ ഇടംപിടിച്ചു കാണാറില്ല. ഈ സംഭവത്തിനു ശേഷമാണു മറ്റൊരു സഭയിലെ വൈദികനെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ദുരുപയോഗിച്ചു എന്ന കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഈ വാര്‍ത്ത മനോരമയുടെ അപ്രധാന പേജുകളിലെവിടെയോ ഒറ്റക്കോളത്തില്‍ അന്ത്യശ്വാസം വലിച്ചു. വത്തിക്കാനില്‍നിന്നും മറ്റും അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം നെഗറ്റീവ് വാര്‍ത്തകളും മനോരമയ്ക്ക് ആഘോഷത്തിനുള്ള വകയാണെന്നു മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു.
8.സഭയുടെ വേദന
മനോരമയെ കത്തോലിക്ക സമൂഹം ഇത്രയധികം പിന്തുണച്ചിട്ടും സഭയുടെ വേദനയുടെയും പ്രതിസന്ധികളുടെയും ഘട്ടത്തില്‍ അത്തരമൊരു മാധ്യമ പിന്തുണ മനോരമയില്‍നിന്നു ലഭിച്ചതായി കാണുന്നില്ല. ഒറീസയില്‍ ക്രൈസ്തവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ പേരിനു ചില റിപ്പോര്‍ട്ടുകളില്‍ ഒതുങ്ങി മനോരമയുടെ മാധ്യമ ധര്‍മം. ഫ്രാന്‍സില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തിയ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മനോരമയുടെ ഉള്‍പേജില്‍ എവിടെയോ ബിറ്റ് വാര്‍ത്ത മാത്രമായി.
തിരിച്ചറിയേണ്ടത്
1. ബിഷപ് വിവാദം മറയാക്കി കത്തോലിക്ക വിരുദ്ധ മാധ്യമങ്ങളേക്കാള്‍ ആവേശത്തോടെ സഭയെയും സംവിധാനങ്ങളെയും താറടിക്കാന്‍ മനോരമ മുന്നിലുണ്ടായിരുന്നു. ഊഹാപോഹങ്ങളും നിറംപിടിപ്പിച്ച കഥകളും സഭാവിരുദ്ധരുടെ പ്രതികരണങ്ങളുമൊക്കെ കൊടുക്കാന്‍ ഒന്നാം പേജ് ഉള്‍പ്പെടെ നിരവധി പേജുകള്‍ നീക്കിവച്ച മനോരമ. പല ദിവസങ്ങളിലും മുഴുപേജ് തന്നെ ഇതിനായി വിനിയോഗിച്ചു. അതേസമയം, ഈ വിവാദം സംബന്ധിച്ചു കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം ഔദ്യോഗികമായി പുറത്തിറക്കിയ കത്തോലിക്ക സഭയുടെ വിശദീകരണം കൊടുക്കാന്‍ പത്തു സെന്റിമീറ്റര്‍ സ്ഥലം നീക്കിവയ്ക്കാനുള്ള സാമാന്യ മര്യാദ പോലും ഈ പത്രം കാണിച്ചില്ല.
2. ജലന്ധറില്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ നിര്യാണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് വ്യക്തമാക്കിയിട്ടും ഇതില്‍ ദൂരൂഹത കുത്തിത്തിരുകിയാണ് ഈ വാര്‍ത്ത മനോരമ അവതരിപ്പിച്ചത്. വൈദികന്റെ മരണവാര്‍ത്ത പുറത്തുവന്ന ഉടനെ മനോരമയുടെ ഓണ്‍ലൈന്‍ പത്രം മരിച്ച വൈദികന്റെ ചിത്രത്തിനൊപ്പം ബിഷപ് ഡോ.ഫ്രാങ്കോയുടെ ചിത്രം കൂടി ചേര്‍ത്തുവച്ചു വാര്‍ത്ത കൊടുത്തതു ദുരുദ്ദേശ്യത്തോടെയാണെന്നു വ്യക്തം. വൈദികന്റെ മരണത്തില്‍ ബിഷപ്പിനു പങ്കുണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഈ അവതരണം. ഇതിന്റെ അനൗചിത്യം ചിലര്‍ ചൂണ്ടിക്കാണിച്ചതോടെ ബിഷപ്പിന്റെ പടം മാറ്റി ബിഷപ്‌സ് ഹൗസിന്റെ പടം കൊടുത്തു.
3. ഏതെങ്കിലും കാരണങ്ങളുടെ പേരില്‍ സഭയ്‌ക്കെതിരെ ആരെങ്കിലും വിമര്‍ശനവുമായി രംഗത്തുവന്നാല്‍ അവരെ മാക്‌സിമം പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കു പരമാവധി കവറേജ് നല്‍കുകയും ചെയ്യുന്ന രീതിയാണ് മനോരമ പുലര്‍ത്തിവരുന്നത്. ഇതിന്റെ നാലിലൊന്ന് അവസരവും സമയവും സഭയുടെ നിലപാടുകള്‍ വ്യക്തമാക്കാനെത്തുന്നവര്‍ക്കു ലഭിക്കുന്നില്ലെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.
4. സഭയിലെ ഒറ്റപ്പെട്ട വിവാദങ്ങളെ ഉള്ളതും ഇല്ലാത്തതുമൊക്കെ ചേര്‍ത്തു പൊലിപ്പിച്ച് ആഴ്ചകളോളം ആഘോഷിക്കുന്നതില്‍ മനോരമയുടെ ചാനല്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പലപ്പോഴും മൂന്നും നാലും സഭാവിരുദ്ധരെ ഇരുത്തി ചര്‍ച്ച നടത്തിയ ചാനല്‍ സഭയുടെ നിലപാടു പറയാന്‍ ഒരാളെയോ മറ്റോ പേരിന് ഇരുത്തുന്ന കാഴ്ചയും കണ്ടു. ……… ഇനിയെങ്കിലും ചിന്തിക്കുക പ്രിയ ദൈവജനമേ. ‘ മനോരമ വേണമോ’.?????
കടപ്പാട്