മാര്‍ തോമസ് തറയില്‍
കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ എന്നുപറഞ്ഞ് നടത്തിയ സമരം സഭയിലെ പവിത്രമായ സന്ന്യാസത്തെയും വിശുദ്ധമായ ശുശ്രൂഷയെയും ആത്മീയരംഗത്തെയും മുഴുവനായി അപമാനിച്ചപ്പോള്‍ നേടിയെടുത്തത് നീതി തന്നെയാണോ എന്ന ചോദ്യം പ്രസക്തമായി തുടരുന്നു. കന്യാസ്ത്രീകളെ സംരക്ഷിക്കാനായി വന്നവര്‍ കേരളീയസമൂഹത്തിന് കന്യാസ്ത്രീകളെക്കുറിച്ച് നല്‍കിയ ചിത്രം അഭിമാനകരമായിരുന്നോ അപമാനകരമായിരുന്നോ? ഈ സമരത്തിനുശേഷം, നാടിനു നന്മ മാത്രം ചെയ്ത് ജീവിക്കുന്ന, ചാനല്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ സമയിമില്ലാത്ത, പ്രാര്‍ത്ഥനയിലും ശുശ്രൂഷയിലും മുഴുകുന്ന നമ്മുടെ കന്യാസ്ത്രീകള്‍ പൊതുനിരത്തുകളില്‍ പരിഹാസ ശരങ്ങളിലൂടെ ആക്ഷേപിക്കപ്പെടുമ്പോള്‍ വിജയിച്ചത് കന്യാസ്ത്രീകളുടെ അവകാശ പോരാട്ടം ആണോ? സമൂഹത്തില്‍ ഏറ്റവും കരുത്തേറിയ ശുശ്രൂഷകള്‍ ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ രംഗങ്ങളില്‍ ചെയ്യുന്ന കന്യാസ്ത്രീകളെ അബലകളും പീഡിപ്പിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും ആയി ചിത്രീകരിച്ച് വിശുദ്ധമായ ബ്രഹ്മചര്യത്തെ മസാല കൂട്ടുകളോടെ മത്സരിച്ച് അവതരിപ്പിച്ച ചര്‍ച്ചക്കാരും പന്തല്‍ പ്രസംഗക്കാരും സ്ത്രീത്വത്തെ അപമതിക്കുകയായിരുന്നില്ലേ?
സഭ അനീതിയെ വെള്ള പൂശുന്നു?
അബലകള്‍ക്ക് നീതി നിഷേധിച്ച് പ്രബലര്‍ക്ക് സംരക്ഷണം ഒരുക്കുന്നതാണ് സഭ എന്നുള്ള പ്രചാരണം വളരെ പെട്ടെന്ന് സാധാരണ ജനങ്ങളിലേക്ക് എത്തി. ജനത്തിന്റെ നീതിബോധത്തെ കബളിപ്പിച്ച് ഉണര്‍ത്തിയപ്പോള്‍ മറന്നുപോയത് വലിയ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. സംതൃപ്തിയോടെയും സന്തോഷത്തോടെയും അഭിമാനബോധത്തോടെയും ശുശ്രൂഷചെയ്യുന്ന സിസ്റ്റേഴ്‌സിനെയും വൈദീകരെയും ഒറ്റപ്പെട്ട അപചയങ്ങളുടെ പേരില്‍ പുകമറയില്‍ ആക്കി സന്ന്യാസിനിയാകാന്‍ എത്തുന്ന കാലം മുതല്‍ പരമാവധി വളര്‍ത്തി പഠിപ്പിക്കാവുന്നതിന്റെ പരമാവധി പഠിപ്പിച്ച്, ഉന്നത സ്ഥാപനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സഭാസമൂഹത്തെ എത്ര പെട്ടെന്നാണ് (ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍) അപമാനിക്കുവാന്‍ ചിലര്‍ ഒരുങ്ങി പുറപ്പെട്ടത്.
എല്ലാ വിഭാഗം ജനങ്ങളുടെയും നീതിക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമാണ് സഭയ്ക്കുള്ളത്. കേരളീയ സമൂഹത്തില്‍ ഇത്രമാത്രം സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നീതിയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിലേക്ക് നയിച്ചത് കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലമത്രയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിയ ക്രൈസ്തവ വിദ്യാലയങ്ങള്‍ ആണെന്ന് നിസ്സംശയം പറയാന്‍ കഴിയും. അനീതി പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യമുള്ളവരെ പദവികളില്‍ നിന്നും ശുശ്രൂഷാ മേഖലകളില്‍നിന്നും മാറ്റിനിര്‍ത്തി അവര്‍ക്ക് അനുതാപത്തിന് അവസരം ഉണ്ടാക്കാനാണ് സഭ ശ്രദ്ധിക്കുന്നത്. എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം വ്യക്തികളെ ക്രൂശിക്കുവാന്‍ സഭയുടെ പിന്തുണ പ്രതീക്ഷിക്കരുത്. സഭ അനീതിക്ക് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന വേളകളില്‍ സഭയ്ക്ക് പലപ്പോഴും വിശദീകരണങ്ങള്‍ ഇല്ലാതെ പോകുന്നത് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കടമയായി കരുതുന്നതുകൊണ്ടാണ്.
മാര്‍ തോമസ് തറയില്‍
സഭ ഏറെ അപഹസിക്കപ്പെട്ട ഒരു കേസില്‍ കുറ്റാരോപിതനായ ഒരു വൈദികനെ അടുത്തനാളുകളില്‍ കോടതി പ്രതിസ്ഥാനത്തുനിന്ന് നീക്കി. അതിനെ അംഗീകരിക്കുവാന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായി? ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ നീതിന്യായവ്യവസ്ഥയുടെ വിജയമെന്ന് വാഴ്ത്തുന്നവര്‍ അയാളെ വെറുതെ വിടുമ്പോള്‍ പണത്തിന്റെ സ്വാധീനം എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന രീതി നീതിവ്യവസ്ഥയെ തന്നെ തിരസ്‌കരിക്കുന്നതിനു തുല്യമല്ലേ? വര്‍ഷങ്ങളുടെ അപമാനത്തിനും സമൂഹമധ്യത്തിലെ ഒറ്റപ്പെടുത്തലുകള്‍ക്കും ശേഷം നിരപരാധിയെന്ന് തെളിയുമ്പോള്‍ പരാജയപ്പെടുന്നത് മനുഷ്യത്വം തന്നെയല്ലേ? അയാളെ തെരുവു നായയെ പോലെ കരുതി കൂകിവിളിച്ച ജനങ്ങള്‍ക്കും ആ കൂക്കുവിളി സംഘടിപ്പിച്ച നിക്ഷിപ്ത താല്പര്യക്കാര്‍ക്കും ഓരോ തെളിവും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ച ചാനല്‍ ചര്‍ച്ചക്കാര്‍ക്കും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് അപ്പുറത്ത് മനുഷ്യ നന്മയും നീതിയും ഒന്നും പ്രധാനപ്പെട്ടതല്ല എന്നല്ലേ തെളിയുന്നത്? നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ തിരിച്ചു കൊടുക്കുവാന്‍ ആവില്ലെങ്കില്‍ പരമാവധി നീതി ആദരവോടെ നിര്‍വ്വഹിക്കുവാനുള്ള സാഹചര്യമല്ലേ സജ്ജമാക്കേണ്ടത്.
സഭയുടെ നടപടികളും അച്ചടക്കവും
ശിക്ഷാ നടപടികളിലൂടെയാണ് കത്തോലിക്കാസഭ അച്ചടക്കം പുലര്‍ത്തുന്നത് എന്ന് കരുതുന്നവര്‍ക്ക് തെറ്റി. ശിക്ഷകളിലൂടെ അല്ല അനുസരണത്തിലൂടെ ആണ് സഭയില്‍ ക്രമം പാലിക്കപ്പെടുന്നത്. മാര്‍പ്പാപ്പാമാര്‍ തുടങ്ങി സാധാരണ വിശ്വാസിവരെ സഭയോടും സഭാ പ്രബോധനങ്ങളോടും സഭാ സംവിധാനങ്ങളോടും അനുസരണത്തിലൂടെ വിധേയപ്പെടുമ്പോള്‍ ഉണ്ടാകുന്നതാണ് സഭയിലെ കെട്ടുറപ്പ്. ആധുനികകാലത്തെ സഭയില്‍ ശിക്ഷകളെക്കാള്‍ ജനത്തെ അച്ചടക്കത്തില്‍ നിര്‍ത്തുന്നത് സ്‌നേഹവും വിശ്വാസവുമാണ്.
സഭയ്ക്ക് മാനുഷികമുഖം ഉള്ളടത്തോളം കുറവകളും തിന്മകളും സഭാംഗങ്ങളെ ചിലപ്പോഴൊക്കെ ഭരിച്ചേക്കാം. അതുകൊണ്ടാണല്ലോ പാപസങ്കീര്‍ത്തനത്തിനായി കുമ്പസാരക്കൂടുകള്‍ തുറന്നുവെച്ച് ദൈവകാരുണ്യത്തിന്റെ ആഘോഷത്തിലേയ്ക്ക് സഭാമാതാവ് ഏവരെയും ക്ഷണിക്കുന്നത്. ഒറ്റിക്കൊടുത്ത യൂദാസിനോടും തള്ളിപ്പറഞ്ഞ പത്രോസിനോടും ക്ഷമിക്കുവാന്‍ തയ്യാറായ മിശിഹായുടെ സഭയാണിത്. തെറ്റ് ചെയ്യുന്നവരെ തെരു വിലേക്ക് എറിയുന്നതിനേക്കാള്‍ അവരെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുകയാണ് സഭയുടെ ദൗത്യം. വ്യക്തിയുടെ ആത്മ രക്ഷയിലേക്കു നയിക്കാത്ത ശിക്ഷാനടപടികള്‍ സഭയ്ക്ക് അന്യമാണ്.
സന്ന്യാസവും പൗരോഹിത്യവും അനേക വര്‍ഷങ്ങളിലെ ദൈവവിളി വിവേചനത്തിന്റെ ഫലമാണ്. അനുസരണവും ദാരിദ്യവും ബ്രഹ്മചര്യവും പാലിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പുറത്തുപോയി മഹത്ത്വപൂര്‍ണ്ണമായി ജീവിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട്. അതുപയോഗിക്കാതെ വൃത ലംഘനം നടത്തി ജീവിക്കുന്നവര്‍ സഭയുടെ നന്മയെ ചുഷണം ചെയ്യുന്നവരാണ് എന്ന് മറക്കരുത്.