ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
സോദോം, ഗൊമോറ എന്ന രണ്ടു നഗരങ്ങളെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്. നിശേഷം നശിപ്പിക്കപ്പെട്ടെങ്കിലും അവ ഏറെ അറിയപ്പെടുന്ന നഗരങ്ങളാണ്. അധാര്‍മ്മികതയും ദുഷ്ടതയും നിറഞ്ഞതിന്റെ പേരില്‍ ദൈവത്തിന്റെ ശിക്ഷയേറ്റ് അഗ്നിക്കിരയാക്കപ്പെട്ട നഗരങ്ങള്‍. സ്വവര്‍ഗ്ഗരതിയും അതിഥികളോടുള്ള അപമര്യാദയുമാണ് നഗരവാസികളുടെ തിന്മകളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ നഗരങ്ങള്‍ക്കു ലഭിച്ച ശിക്ഷ എല്ലാവര്‍ക്കുമായി ദൈവത്തില്‍നിന്നുമുള്ള മുന്നറിയിപ്പുമാണ്.
സോദോമിന്റെയും ഗൊമോറയുടെയും പാപങ്ങള്‍ വളരെ ഗുരുതരമെന്നാണു ബൈബിള്‍ രേഖപ്പെടുത്തുന്നത്. കര്‍ത്താവ് അരുളിച്ചെയ്തു: ”സോദോമിന്റെയും ഗൊമോറയുടെയും നിലവിളി എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു. അവരുടെ പാപങ്ങള്‍ വളരെ ഗുരുതരമാകുന്നു” (ഉല്പത്തി 18, 20). മ്ലേച്ഛത എന്നാണു ബൈബിള്‍ ഈ പാപത്തെ വിശേഷിപ്പിക്കുന്നത്. ”സ്ത്രീകളുടെ കൂടെ എന്നപോലെ നീ പുരുഷന്റെകൂടെ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു” (ലേവ്യ. 18, 22).
സ്വവര്‍ഗ്ഗഭോഗം പ്രകൃതിവിരുദ്ധ തിന്മയാണ്. അതൊരു ലൈംഗിക വൈകൃതമാണ്. ഭൂമിയെ അശുദ്ധമാക്കുന്ന പ്രവൃത്തികളിലൊന്നായിട്ടാണു ബൈബിള്‍ ഇതിനെ കാണുന്നത്. ഇസ്രായേല്‍ക്കാരോടു ദൈവം പറഞ്ഞു: ”നിങ്ങള്‍ക്കു മുമ്പ് ഈ ദേശത്തുണ്ടായിരുന്ന ജനങ്ങള്‍ ഈ പാപങ്ങളെല്ലാം ചെയ്തു. അതിനാല്‍ ഭൂമി അശുദ്ധമായി” (ലേവ്യ. 18, 27). ഇപ്രകാരം ഭൂമിയെ അശുദ്ധമാക്കുന്നവരെ ഭൂമി തള്ളിക്കളയുമെന്നും ബൈബിള്‍ പഠിപ്പിക്കുന്നു: ”നിങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന വിജാതീയരെ ഭൂമി പുറംതള്ളിക്കളഞ്ഞതുപോലെ നിങ്ങളെ പുറംതള്ളിക്കളയാതിരിക്കാന്‍ അതു നിങ്ങള്‍ അശുദ്ധമാക്കാതിരിക്കുക. ഈ പാപങ്ങളില്‍ ഏതെങ്കിലും ചെയ്യുന്നവന്‍ തന്റെ ജനത്തില്‍നിന്നു നശിക്കും” (ലേവ്യ. 18, 28-29).
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
വധശിക്ഷ നല്‌കേണ്ട തെറ്റായിട്ടും സ്വവര്‍ഗ്ഗഭോഗത്തെ ബൈബിള്‍ അവതരിപ്പിക്കുന്നു. ”ഒരു പുരുഷന്‍ സ്ത്രീയോടൊപ്പമെന്നതുപോലെ മറ്റൊരു പുരുഷനോടുകൂടി ശയിച്ചാല്‍ അവര്‍ ഇരുവരും മ്ലേച്ഛത പ്രവര്‍ത്തിച്ചു. അവര്‍ വധിക്കപ്പെടണം. അവരുടെ രക്തം അവരുടെമേല്‍” (ലേവ്യ. 20, 13). വ്യഭിചാരവും വധശിക്ഷ അര്‍ഹിക്കുന്ന തെറ്റാണു പഴയനിയമത്തില്‍.
എന്നാല്‍, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടു കാരുണ്യം കാണിക്കുന്ന കര്‍ത്താവിനെയാണു പുതിയനിയമത്തില്‍ നാം കാണുന്നത്. നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ എന്നാണു വ്യഭിചാരിണിയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ തുനിഞ്ഞവരോട് ഈശോ പറഞ്ഞത്. ഞാനും നിന്നെ വിധിക്കുന്നില്ല എന്നു പറഞ്ഞ് ഈശോ ആവളെ വിമോചിപ്പിച്ചു. ഈശോ അവളെ ശിക്ഷിക്കാതിരുന്നത് വ്യഭിചാരം തെറ്റല്ല എന്നു വരുത്താനല്ല. അവളോടു കരുണ കാണിക്കുന്ന കര്‍ത്താവ്, നീ മേലില്‍ പാപം ചെയ്യരുത് എന്ന താക്കീതു നല്കിയാണ് അയയ്ക്കുന്നത്. വ്യഭിചാരം പാപമാണെന്നുതന്നെ ഈശോ വ്യക്തമാക്കുകയാണ്. പാപികളോടു കരുണ കാണിക്കുന്ന കര്‍ത്താവ് അവരുടെ മാനസാന്തരം ആഗ്രഹിക്കുന്നു. അവരില്‍ പാപബോധം സൃഷ്ടിച്ച് അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നു.
കിണറ്റിന്‍കരയിലെ സമറിയാക്കാരി സ്ത്രീയുടെ കാര്യത്തിലും അതാണു സംഭവിക്കുന്നത്. കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അവളെ മാനസാന്തരപ്പെടുത്തി. പാപജീവിതം ഉപേക്ഷിച്ച് അവള്‍ പ്രേഷിതയായി. ആകയാല്‍ പഴയനിയമത്തെ നീക്കിക്കളയാനല്ല, പൂര്‍ത്തീകരിക്കാനാണ് ഈശോ വന്നത്. പാപജീവിതത്തെ സാധൂകരിക്കുകയോ നീതീകരിക്കുകയോ അല്ല. പാപബോധം ഉളവാക്കി അതില്‍നിന്നു പിന്തിരിപ്പിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ വേണം സ്വവര്‍ഗ്ഗഭോഗത്തെയും സ്വവര്‍ഗ്ഗഭോഗികളെയും നാം മനസ്സിലാക്കാന്‍. സ്വവര്‍ഗ്ഗഭോഗികളോടു കരുണയും സഹതാപവും പുലര്‍ത്തുമ്പോഴും സ്വവര്‍ഗ്ഗഭോഗത്തെ അംഗീകരിക്കുകയോ തെറ്റല്ലെന്ന രീതിയില്‍ നിയമാനുസൃതമാക്കുകയോ ചെയ്യുന്നത് ആധാര്‍മ്മികമാണ്. സ്വവര്‍ഗ്ഗഭോഗം ലൈംഗികതയുടെ ഗൗരവമേറിയ ദുരുപയോഗമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും അധാര്‍മ്മികമാണെന്നും ബോധ്യപ്പെടുത്തി പിന്തിരിപ്പിച്ച് അങ്ങനെയുള്ള വ്യക്തികളെ രക്ഷിക്കാനാണു ശ്രമിക്കേണ്ടത്.
ദൈവരാജ്യം അവകാശപ്പെടുത്തുന്നതിനു തടസ്സമായ ദുഷ്പ്രവൃത്തികളില്‍ ഒന്നായിട്ടും ലജ്ജാകര കൃത്യമായിട്ടുമാണ് സ്വവര്‍ഗ്ഗഭോഗത്തെ പൗലോസ് ശ്ലീഹായും പരാമര്‍ശിക്കുന്നത് (1 കോറി. 6,9-10; റോമാ. 1,26-27). ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗഭോഗം ഗൗരവമായ തിന്മയാണെന്നാണു സഭ പഠിപ്പിക്കുന്നത്. ജൂതമതം, ഇസ്ലാംമതം, ഹിന്ദുമതം മുതലായ ഇതര മതങ്ങള്‍ക്കും ഈ കാഴ്ചപ്പാടാണുള്ളത്.
സൃഷ്ടിയുടെയും ലൈംഗികതയുടെയും അര്‍ത്ഥവും ലക്ഷ്യവും മറന്നു ജീവിതത്തിന്റെതന്നെ താളംതെറ്റിക്കുന്ന പ്രകൃതിവിരുദ്ധതയാണ് സ്വവര്‍ഗ്ഗഭോഗം. ഇതിന്റെ ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും കണക്കിലെടുക്കാതെ, താത്കാലികവും സ്വാര്‍ത്ഥപരവുമായ താത്പര്യങ്ങളും പരിഗണനകളുമാകാം സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കുന്നതിനു ചില രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കുന്നതു കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയിളക്കുന്ന നടപടിയാണ്. ജീവന്റെ ഉത്പാദനവും മനുഷ്യസമൂഹത്തിന്റെ നിലനില്പുമാണു വിവാഹത്തിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. ഇവയ്ക്കു രണ്ടിനും സ്വവര്‍ഗ്ഗവിവാഹത്തില്‍ സ്ഥാനമില്ല.
വാസ്തവത്തില്‍ അതു വിവാഹമേയേല്ല. കാരണം, നിയമാനുസൃതമായ സ്ത്രീ-പുരുഷ ബന്ധമാണു വിവാഹം. ജീവന്റെ ഉത്പാദനം ലക്ഷ്യം വയ്ക്കാത്ത പ്രകൃതിവിരുദ്ധ സ്വവര്‍ഗ്ഗഭോഗവും സ്വവര്‍ഗ്ഗവിവാഹവും വിവാഹമേ അല്ല. അതുവഴി ഒരു കുടുംബം രൂപംകൊള്ളുന്നുമില്ല. അപ്പോള്‍ സമൂഹത്തെ അതെങ്ങനെ സംരക്ഷിക്കും, പടുത്തുയര്‍ത്തും? സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നല്ല താത്പര്യത്തിനും വിരുദ്ധവും പ്രതിബന്ധവുമാണത്. സ്വവര്‍ഗ്ഗസ്വഭാവം പലവിധത്തിലാകാം. പലരിലും അതൊരു താത്കാലിക പ്രവണതയായിരിക്കും. ചിലരിലാകട്ടെ സ്വഭാവാത്തിന്റെ സ്ഥായീഭാവമാകാം. ജീവിതസാഹചര്യങ്ങളും ചെറുപ്പകാലത്തെ ചില അനുഭവങ്ങളും സ്വവര്‍ഗ്ഗസ്വഭാവം ഒരാളില്‍ രൂപപ്പെടുത്തിയെന്നുവരാം. സ്ഥിരപരിശ്രമവും ആത്മനിയന്ത്രണവും വഴി ഈ വികലസ്വഭാവത്തില്‍നിന്നു മോചനം പ്രാപിക്കാന്‍ മിക്കവര്‍ക്കും സാധിക്കും. ഇതൊരു ലൈംഗിക വൈകൃതമാണെന്നും തിരുത്തപ്പെടേയണ്ടതാണെന്നുമൊക്കെ ബോധ്യമുള്ളവര്‍ ഈ വൈകൃതം ഒഴിവാക്കാന്‍ കഴിവതും പരിശ്രമിക്കും.
ദൈവവിശ്വാസികളാണെങ്കില്‍ പ്രാര്‍ത്ഥനയിലൂടെ അതിനുള്ള ശക്തി നേടാനും ശ്രമിക്കും. എന്നാല്‍, സ്വവര്‍ഗ്ഗഭോഗം നിയമാനുസൃതം അംഗീകരിക്കപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്യുന്നപക്ഷം, അത് അധാര്‍മ്മികമോ പ്രകൃതിവിരുദ്ധമോ അല്ലെന്നുള്ള ചിന്താഗതി രൂപപ്പെട്ട് ഈ ലൈംഗികവൈകൃതം കൂടുതല്‍ ശക്തിപ്രാപിക്കുകയും വ്യാപകമാകുകയും ചെയ്യും. സമൂഹത്തിന്റെ മുഴുവന്‍ ധാര്‍മ്മികനിലവാരം അധഃപതിക്കുകയും മനുഷ്യബന്ധങ്ങളില്‍ തകര്‍ച്ച സംഭവിക്കുകയും ചെയ്യും. കുറ്റബോധവും പാപബോധവും നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും?
സ്വവര്‍ഗ്ഗഭോഗം സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും മഹത്ത്വം നഷ്ടപ്പെടുത്തുകയും ലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കുകയും അവയുടെ സൃഷ്ടിപരമായ കഴിവുകള്‍ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു. ജന്തുക്കളില്‍ കാണുന്ന ലൈംഗികബന്ധം പ്രകൃതിനിയമമനുസരിച്ചു തന്നെയാണ്. ആകയാല്‍ പ്രകൃതിവിരുദ്ധമായ സ്വവര്‍ഗ്ഗഭോഗം മനുഷ്യനെ മൃഗങ്ങളെക്കാള്‍ അധഃപതിപ്പിക്കുന്നു. മനുഷ്യനു ദൈവം നല്കിയിരിക്കുന്ന വലിയൊരു സിദ്ധിയായ ലൈംഗികതയെ അവഹേളിക്കുംവിധം സ്വവര്‍ഗ്ഗഭോഗത്തെ സര്‍ക്കാരും ഇപ്പോള്‍ രാജ്യത്തെ പരമോന്നത കോടതി പോലും അനുകലിക്കുന്നതു തികച്ചും ഖേദകരമാണ്.
ആര്‍ഷഭാരതത്തിന്റെ പ്രശസ്തമായ ആത്മീയ, ധാര്‍മ്മിക, സാംസ്‌കാരിക അടിത്തറയെ തകര്‍ക്കുന്നതായിരിക്കും സ്വവര്‍ഗ്ഗഭോഗത്തെയും സ്വവര്‍ഗ്ഗവിവാഹത്തെയും അംഗീകരിച്ച് അനുവദിക്കുന്ന നടപടി. ഭാരതം കാത്തുസൂക്ഷിച്ച വിലപ്പെട്ട ഒരു ധാര്‍മ്മികമൂല്യം ഇതിലൂടെ തച്ചുടയ്ക്കപ്പെടുകയാണ്. ലൈംഗികതയുടെ പരിശുദ്ധിയെയും അതിന്റെ ശ്രേഷ്ഠമായ ദൈവനിയോഗത്തെയും ഈ നടപടി വെല്ലുവിളിച്ചിരിക്കുന്നു. പവിത്രമായ ദാമ്പത്യബന്ധത്തെ കളങ്കപ്പെടുത്തുകയും കുടുംബജീവിതത്തെ തകര്‍ക്കുകയും ചെയ്യുന്ന സ്വവര്‍ഗ്ഗഭോഗത്തെ ഒരു കാരണവശാലും പിന്തുണയ്ക്കാനാവില്ല.
ആണും പെണ്ണുമായി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ സ്വവര്‍ഗ്ഗഭോഗം പ്രകൃതിവിരുദ്ധമാണ് എന്നതിന്റെ തെളിവാണ്. മാതൃത്വത്തെയും പിതൃത്വത്തെയും നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ ലൈംഗിക വൈകൃതത്തിനു നിയമപരമായ അംഗീകാരം നല്കുന്നതു മനുഷ്യന്റെ ധാര്‍മ്മിക മനഃസാക്ഷിക്കു കനത്ത പ്രഹരംതന്നെയായിരിക്കും. സോദോം, ഗൊമോറ നഗരങ്ങളുടെമേലുണ്ടായ ശിക്ഷാവിധി നമ്മുടെമേല്‍ പതിക്കാതിരിക്കാന്‍ നാം ജാഗ്രത പാലിച്ചേ മതിയാവൂ.