മാര്‍ച്ച് 27 ബുധനാഴ്ച്ച സഭ പാതിനോമ്പ് ആചരിക്കുന്നു. നോമ്പിന്റെ രണ്ടാം പകുതിയിലേക്കു കടക്കുന്ന ഈ ദിവസം പൗരസ്ത്യസഭകളിലെല്ലാം സ്ലീവാ ദേവാലയമധ്യത്തില്‍ സ്ഥാപിക്കുന്ന ഒരു തിരുക്കര്‍മ്മമുണ്ട്. ഉയിര്‍പ്പിലേക്കുള്ള സഭയുടെ തപോ തീര്‍ത്ഥാടനം പാതിവഴി എത്തുന്നത് സൂചിപ്പിക്കാനാണിത്. ചുവന്ന പട്ടുവിരിച്ച പീഠത്തിന്മേല്‍ ഊറാറ അണിയിച്ച സ്ലീവാ സ്ഥാപിക്കുന്ന കര്‍മ്മമാണിത്. ഊറാറ ഇട്ട സ്ലീവാ ദേവാലയത്തിനു ചുറ്റും പ്രദക്ഷിണമായി കൊണ്ടുപോയി ദേവാലയത്തിനുള്ളില്‍ കടന്നു നാലു വാതിലുകളിലും സ്ലീവാ ആകൃതിയില്‍ എത്തിയതിനു ശേഷം ദേവാലയമധ്യത്തില്‍ സ്ഥാപിക്കുന്ന ഈ കര്‍മ്മത്തിനു ‘സ്ലീവാഘോഷം’ എന്നു പറയുന്നു. പീഡാനുഭവവെള്ളി-സ്ലീവായുടെ പുകഴ്ച്ച-കര്‍മ്മങ്ങളില്‍ നിന്നെടുത്ത ഒരു ശുശ്രൂഷയാണിത്.
സ്ലീവാ സ്ഥാപിക്കുന്ന ചുവന്ന പട്ടില്‍ പൊതിഞ്ഞ പീഠത്തിനു ‘ഗാഗുല്‍ത്താ’ എന്നാണ് പേര് (നമ്മുടെ സഭയില്‍ ബേമ്മായുടെ പീഠത്തിനും ഗാഗുല്‍ത്താ എന്ന പേരാണല്ലോ ഉള്ളത്).
പതിനോമ്പ് മുതല്‍ പീഡാനുഭവവെള്ളി വരെ ഈ സ്ലീവാ ദേവാലയമധ്യത്തിലും തുടര്‍ന്ന് ഉയിര്‍പ്പു തിരുനാള്‍ മുതല്‍ സ്വര്‍ഗാരോഹണംവരെ മദ്ബഹായിലും (ചുവട്ടില്‍ യഥാക്രമം കറുപ്പ്, വെള്ള പട്ടുകളോടെ) അതു ബലിപീഠത്തിലും പ്രതിഷ്ഠിക്കുന്നു.
പുറപ്പാട് യാത്രയില്‍ സര്‍പ്പദംശനമേറ്റവവര്‍ക്ക് സൗഖ്യം പ്രദാനംചെയ്യാന്‍ മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതിന്റെ ഓര്‍മ്മയില്‍ ഭൂമധ്യത്തില്‍ ഉയര്‍ത്തപ്പെട്ട (ഓര്‍ശലേം ഭൂമധ്യത്തിലെന്നു പുരാതനകാലത്തു വിശ്വസിച്ചിരുന്നു) മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപദംശനത്തില്‍നിന്നും സൗഖ്യവും വിമോചനവും ലഭിക്കുന്നുവെന്ന (യോഹ 3:14-15) ആശയവും ഇവിടെ സൂചിതമാണ്. നോമ്പുയാത്ര പാതി വഴിയെത്തുമ്പോള്‍ വിമോചകചിഹ്നമായ സ്ലീവായില്‍ നോക്കി പാപദംശനത്തില്‍ നിന്നു വിമുക്തിപ്രാപിക്കുവാനുള്ള ശക്തി സംഭരിക്കുകയാണ് സഭ ഈ ആചരണത്തിലൂടെ.
റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ
ആരാധനക്രമ സര്‍ഗാത്മകതയുടെ കേന്ദ്രമായ അന്തിയോക്യന്‍-കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭകളില്‍ രൂപം കൊള്ളുന്ന പല പുതുമകളും സ്വീകരിച്ച പൗരസ്ത്യ സുറിയാനി സഭ പക്ഷേ, ഈ കര്‍മ്മം അതേപടി സ്വീകരിച്ചു കാണാത്തതിന്റെ കാരണം അവര്‍ക്ക് ദേവാലയമധ്യത്തില്‍ എപ്പോഴും ബേമ്മാ (ഗാഗുല്‍ത്താ) ഉണ്ടായിരുന്നത്കൊണ്ടായിരുന്നുവെന്നു ന്യായമായും അനുമാനിക്കാം.
ദേവാലയമദ്ധ്യം സഭാപാരമ്പര്യങ്ങളില്‍ സുപ്രധാനമായ ഒരു ആരാധനാക്രമസ്ഥലമാണ്. ദേവാലയമധ്യത്തില്‍ തിരുശേഷിപ്പും സുവിശേഷഗ്രന്ഥവും സ്ലീവായും എല്ലാ അര്‍മേനിയന്‍ ദേവാലയങ്ങളിലും കാണാം. ആദിമ വടക്കന്‍ ആഫ്രിക്കന്‍ സഭകളില്‍ ദേവാലയമധ്യത്തില്‍ പരി. കുര്‍ബാന അര്‍പ്പിച്ചിരുന്നതായി സെന്റ് അഗസ്റ്റിന്‍ പ്രതിപാദിക്കുന്നതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ജര്‍മനിയിലും പല യൂറോപ്യന്‍ ദേവാലയങ്ങളിലും ഇന്ന് പളളിയുടെ ഒത്തനടുക്കു തന്നെ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് റോമിലെ കുരിശാകൃതിയിലുള്ള ബസിലിക്കാകളിലും ദേവാലയമാധ്യത്തോടടുത്താണല്ലോ ബലിപീഠം സ്ഥാപിച്ചിരിക്കുന്നത്.
പുരാതന മലബാര്‍ പള്ളികളില്‍ ദേവാലയമധ്യത്തില്‍ പാപമോചകധൂപവും, പിന്നീട് അന്തിയോക്യന്‍ പളളികളില്‍ വിളക്കുകളും കാണപ്പെടുണ്ടല്ലോ. റാസക്രമത്തില്‍ ദേവാലയമധ്യത്തിലുള്ള ബേമ്മായുടെ സ്ഥാനത്തു നടക്കുന്ന സാഷ്ടംഗപ്രണാമം നമുക്കുണ്ടല്ലോ.
അതുകൊണ്ട് സ്ലീവാ ദേവാലയമധ്യത്തില്‍ ഉയര്‍ത്തുന്നത് നമ്മുടെ പാരമ്പര്യത്തോടു ചേര്‍ന്നുപോകുന്ന ഒരു അനുഷ്ടാനമാണ്.
തൃശൂര്‍ പ്രദേശത്തു പാതിനോമ്പിന് തൊട്ടുമുന്‍പുള്ള ഞായര്‍ ‘സന്തോഷ ഞായര്‍’ എന്ന് അറിയപ്പെടുന്നു. അന്നേദിവസം വീടുകളില്‍ ‘പിടി’ ഉണ്ടാക്കി കഴിക്കുന്ന പതിവുണ്ട്.
അന്ത്യോക്യൻ സഭകളിലാകട്ടെ “പലഗൂത്താ” (പാതി), “പാതിബുധൻ എന്നു അറിയപ്പെടുന്ന” ഈ ദിനം കൊഴുകൊട്ട ഉണ്ടാക്കുന്ന പതിവും ഉണ്ട്.
പാതിനോമ്പിന് ചെയ്യാവുന്നത്:
1. പരിശുദ്ധ കുര്‍ബാനയില്‍ സ്ലീവാചുബനം നടത്താം.
2. പാതിനോമ്പിന്റെ അര്‍ഥവും ആദ്ധ്യാത്മികതയും വ്യക്തമാക്കുന്ന ഹോമിലി പറയാം.
3. ദേവാലയമധ്യത്തില്‍ ചുവന്ന പട്ടുവിരിച്ച പീഠത്തില്‍ ഊറാറ ഇട്ട സ്ലീവാ സ്ഥാപിക്കാം.
4. തുടര്‍ന്നുള്ള നോമ്പു ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് കുര്‍ബാനക്ക് ശേഷം സ്ലീവാ വന്ദിച്ചു പോകാവുന്നതുമാണ്.