കാ
ഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന നസ്രാണി യുവശക്തി മഹാറാലിയ്ക്ക് മുന്നൊരുക്കമായ് നടത്തപ്പെടുന്ന അഗ്‌നിപ്രയാണംവിളമ്പരജാഥയ്ക്ക് കട്ടപ്പന ഫൊറോനയിലെ വിവിധ ദൈവാലയങ്ങളില്‍ യുവജനങ്ങള്‍ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഒരുക്കി .വലിയതോവാള ക്രിസ്തു രാജ് ദൈവാലയത്തില്‍ നിന്നും ആരംഭിച്ച അഗ്‌നിപ്രയാണം പത്ത് ഇടവകകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ആയിരക്കണക്കിന് യുവജനങ്ങള്‍ വിവിധ ഇടവകകളിലായ് അഗ്‌നിപ്രയാണത്തില്‍ പങ്കുചേര്‍ന്നു, ഇതിനോടനുബന്ധിച്ച് കട്ടപ്പനയില്‍ റോഡ് ഷോയും നടന്നു.ഭാഗ്യസ്മരണാര്‍ഹനായ പാറേമാക്കല്‍ തോമാ കത്തനാര്‍ ഇന്ത്യന്‍ ദേശീയതയുടെ ആദ്യ വക്താവ് ആയിരുന്നു എന്നും അസംഘടിതമായ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ മോചിപ്പിക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ആഹ്വാനം ചെയ്ത ആദ്യ രാജ്യസ്‌നേഹിയാണെന്നും പ്രയാണം ഉദ്ഘാടനം ചെയ്തു ഫാ.തോമസ് തെക്കേമുറി സംസാരിച്ചു. പാറേമാക്കല്‍ തോമാ കത്തനാരുടെ സഭാ സ്‌നേഹവും സഭാ ഐക്യബോധവും അനുകരണീയമാണെന്ന് കട്ടപ്പന ഫൊറോന എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. തോമസ് പട്ടരുകാലായില്‍ അഭിപ്രായപ്പെട്ടു. സഭാ വിരുദ്ധ ബാഹ്യ ശക്തിക്കള്‍ക്കെതിരെയും സഭയുടെ നവോത്ഥാന സംഭാവനകളെക്കുറിച്ചും ഓരോ ഇടവകയിലും പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടു. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു നല്‍കിയ സ്ലീവയും വഹിച്ചു കൊണ്ടുള്ള അഗ്നി പ്രയാണത്തിന് രൂപത എസ്.എം.വൈ.എം പ്രസിഡന്റ് ജോമോന്‍ പൊടിപാറ നേതൃത്വം നല്‍കുന്നു. പ്രയാണത്തിന് രൂപത. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്കല്‍, സിസ്റ്റര്‍ ലിന്‍സി ആലഞ്ചേരില്‍, ബ്രദര്‍ നോബി വെള്ളാപ്പള്ളി, അമല്‍ ബേബി അഞ്ചന ഫിലിപ്പ്, ജിജി മാത്യു, മിന്റു മോള്‍ ജോസഫ്, അബി മാത്യു, ഏയ്ഞ്ചല്‍ മരിയ, കട്ടപ്പന ഫൊറോന പ്രസിഡന്റ് ലിറ്റിന്‍ പാറയില്‍ ജനറല്‍ സെക്രട്ടറി ആദര്‍ശ് കുര്യന്‍, ഷിനു കപ്പിലാംമൂട്ടില്‍, സിസ്റ്റര്‍ മേരി അഗസ്റ്റിന്‍, ജിതിന്‍ ജോയ് ജേക്കബ് സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് മൂന്നാം തിയതി പാറേമാക്കല്‍ തോമാ കത്തനാരുടെ കബറിടത്തില്‍ നിന്നും ആരംഭിച്ച അഗ്നിപ്രയാണം ഏപ്രില്‍ 27ന് കട്ടപ്പനയിലും മെയ് 12ന് കാഞ്ഞിരപ്പള്ളിയിലും, ജൂണ്‍ 2ന് എരുമേലിയിലും നടക്കുന്ന മഹാറാലികളോട് കൂടി സമാപിക്കും.