🏵 രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ കടുത്ത നിലപാടെടുത്ത് സിപിഎം. കോണ്‍ഗ്രസിന്റെ നിലാപാട് വിഡിത്തരമാമെന്നും രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് ബിജെപിയ്ക്കായി കളം ഒഴിയുന്നതിന്റെ സൂചനയെന്നും നേതൃത്വം പറഞ്ഞു. ബിജെപിയെ എതിര്‍ക്കാനെങ്കില്‍ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെയെന്നും സിപിഎം വിശദമാക്കി. മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്കുന്നത് പുനപരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ ആലോചിക്കുമെന്നും സിപിഎം വിശദമാക്കി.
🏵 സംസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. രണ്ടാഴ്ചക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. തലസ്ഥാനത്തെ നടുക്കി ഇന്ന് പുലര്‍ച്ചെ വീണ്ടും കൊലപാതകം. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. പി എസ് അനില്‍ എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. അക്രമി ഗുണ്ടാ സംഘത്തില്‍പ്പെട്ട ജീവനെന്നയാളാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വിശദമാക്കി. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമാണ് ജീവന്‍. പകരം വീട്ടല്‍ രീതിയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തലസ്ഥാന നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.
🏵 സംസ്ഥാനത്ത് നാല് ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പത്ത് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത രണ്ട് ദിവസം ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുക. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരും . ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പത്ത് ദിവസത്തിനിടെ 111 പേര്‍ക്ക് സൂര്യാതാപം ഏറ്റെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം.
🏵 വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വയനാട്ടില്‍ വരുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് അമേഠിയില്‍ തോല്‍വി ഭയന്നിട്ടാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യമാണ് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
🏵 പൊതു വേദിയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്കെതിരായി വിവാദ പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🏵 തലപ്പുഴ മക്കിമലയില്‍ മാവോവാദികളെത്തി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്ഥലത്തെ പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും വാങ്ങിച്ചു. പോലീസ് അന്വോഷണം ആരംഭിച്ചു. സഖാവ് ജലീലിന്റെ കൊലപാതകം സിപിഎം സര്‍ക്കാറും റിസോര്‍ട്ടിലെ ഒറ്റുകാരും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കമാണെന്നതരത്തിലുള്ള ലഘുരേഖകളാണ് വിതരണം ചെയ്തത്.
🏵 തമിഴ്‌നാട്ടില്‍ മത്സരിക്കാനില്ലന്ന് കമല്‍ഹാസന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രകടന പത്രികയും സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റും ഇന്ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തുവിടും. പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തന്ററെ മുഖങ്ങളാണെന്നും ഇത്തവണ മത്സരിക്കാനില്ലെന്നും കമല്‍ ഹാസന്‍ അറിയിച്ചു. ‘എല്ലാ സ്ഥാനാര്‍ത്ഥികളും എന്റെ മുഖങ്ങള്‍. തേര് ആകാതെ സാരഥി ആകുന്നതില്‍ അഭിമാനിക്കുന്നു’- കമല്‍ പറഞ്ഞു.
🏵 ഹയര്‍സെക്കണ്ടറി മൂല്ല്യ നിര്‍ണയം. വിവാദത്തിലേക്ക്. മൂല്യ നിര്‍ണ്ണയ ക്യാമ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകള്‍. ഏപ്രില്‍ 2, 3 തിയ്യതികളിലെ മൂല്യനിര്‍ണയ ക്യാമ്പാണ് ബഹിഷ്‌കരിക്കുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെയാണ് പ്രതിഷേധം. അഞ്ച് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയാണ് സൂചന എന്ന നിലയില്‍ സമരം നടത്തുന്നത്. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഈ സംഘടനകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തിയ്യതി നിശ്ചയിച്ചിട്ടില്ല